കോഴിക്കോട് ∙ ‘‘ഇന്നു ഞാൻ മൂന്നു പാമ്പുകളെയാണ് പിടിച്ചത്. ഇത്രയും വലിയ പാമ്പിനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.’’ പറയുന്നത് അത്തോളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സന്ദീപ്.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂർഖനും അണലിയും ഉൾപ്പെടെ മുപ്പതിലേറെ പാമ്പുകളെയാണ് അത്തോളി പ്രദേശത്തുനിന്ന് ഇദ്ദേഹം പിടികൂടി വനം വകുപ്പിൽ ഏൽപിച്ചത്. ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത വിധം ചൂടു കൂടിയതോടെ നാട്ടിൽ പലയിടത്തും പാമ്പുശല്യവും പാമ്പുകടിയും കൂടിവരികയാണ്.
പഞ്ചായത്ത് അംഗമായിരിക്കെ സ്വന്തം വാർഡിലെ ജനങ്ങളുടെ പാമ്പുഭീതിക്ക് പരിഹാരം കാണാൻ പാമ്പുപിടിത്തത്തിൽ പരിശീലനം നേടിയ ആളാണ്
അത്തോളി വേളൂർ നാലുപുരയ്ക്കൽ സന്ദീപ്. രണ്ടുതവണ അത്തോളി പഞ്ചായത്ത് അംഗമായിരുന്നു.
2010ൽ അത്തോളി 13–ാംവാർഡിൽ നിന്നാണ് സന്ദീപ് ആദ്യമായി ജയിക്കുന്നത്. 2020ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി.
വാർഡ് അംഗമെന്ന നിലയിൽ പ്രദേശത്ത് എന്തിനും ഏതിനും ഓടിയെത്തും. പ്രദേശത്ത് നിരന്തരമായി പാമ്പുകൾ ശല്യക്കാരായി എത്തിത്തുടങ്ങിയതോടെ മെംബർ സന്ദീപിനും പണി ഇരട്ടിയായി.
പാമ്പിനെ കണ്ടാൽ ആളുകൾ ആദ്യം പഞ്ചായത്ത് അംഗത്തെയാണ് വിളിക്കുക. സ്ഥലത്ത് എത്തി വനം വകുപ്പിനെ വിവരം അറിയിക്കും.
അവർ എത്തുംവരെ അവിടെ തുടരും.
പലപ്പോഴും വനം വകുപ്പിൽ നിന്നു ജീവനക്കാർ മണിക്കൂറുകളോളം വൈകിയാണ് എത്താറുള്ളത്. ഇതിനുള്ളിൽ പാമ്പ് സ്ഥലം വിട്ടേക്കാം.
ഇതുമൂലമാണ് പാമ്പുപിടിത്തത്തിൽ പരിശീലനം നേടാൻ സന്ദീപ് തീരുമാനിച്ചത്. വനംവകുപ്പിൽ ഓൺലൈനായി അപേക്ഷ നൽകി.
താമരശ്ശേരി വനം വകുപ്പ് ഓഫിസിൽനിന്നാണ് പാമ്പുപിടിത്തത്തിൽ പരിശീലനം നേടി ലൈസൻസ് സ്വന്തമാക്കിയത്.
സന്ദീപ് ഇതുവരെ മൂർഖനും പെരുമ്പാമ്പുമായി 500ലേറെ പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ഒരു ദിവസം 4 പാമ്പിനെ വരെ പിടികൂടുന്നുണ്ട്.
ഇന്നലെ കൊടക്കല്ല്, അന്നശ്ശേരി എന്നിവിടങ്ങളിൽ പാമ്പുകളെ പിടികൂടി. പിന്നീട് അത്തോളി പൊലീസ് സ്റ്റേഷനു പിൻവശത്തുവച്ചാണ് മൂന്നാമത്തെ പാമ്പിനെ പിടികൂടിയത്.
തീറ്റയെടുക്കാനല്ലാതെ പുറത്തുവരാത്ത, മാളത്തിൽ കിടക്കുന്ന വലുപ്പമേറിയ മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. ഭൂമിക്കടിയിലും ചൂടു കൂടിയതാകാം പാമ്പുകൾ പുറത്തിറങ്ങാൻ കാരണമെന്ന് സന്ദീപ് പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

