മൂവാറ്റുപുഴ ∙ നഗരത്തിലെത്തുന്ന വനിതകൾക്ക് സുരക്ഷിത താവളമൊരുക്കാൻ ലക്ഷ്യമിട്ട് നിർമിച്ച ഷീ ലോഡ്ജ് തുറക്കാനാകാത്ത സാഹചര്യത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യം. ഉദ്യോഗസ്ഥ വീഴ്ച ഉൾപ്പെടെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ എം.ജെ.
ഷാജിയാണു ഓംബുഡ്സ്മാനു പരാതി നൽകിയിരിക്കുന്നത്.
കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം നശിക്കുകയാണ്. ആധുനിക മത്സ്യ, ഇറച്ചി മാർക്കറ്റ്, അർബൻ ഹാറ്റ് തുടങ്ങിയ പദ്ധതികളുടെ അതേ ഗതി തന്നെയാണ് ഈ പദ്ധതിയെയും കാത്തിരിക്കുന്നത്.
7 വർഷം മുൻപ് എൽഡിഎഫ് നഗരസഭ കൗൺസിലിന്റെ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടിയായിരുന്നു ഷീ ലോഡ്ജ് നിർമിച്ചത്. ഏകദേശം 50 ലക്ഷം രൂപയോളമാണ് ഈ കെട്ടിടത്തിനായി ചെലവഴിച്ചത്.
എന്നാൽ, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു ധൃതിപിടിച്ച് ഉദ്ഘാടനം നടത്തിയതല്ലാതെ യാത്രക്കാർക്ക് ഇത് ഉപകാരപ്പെട്ടില്ല.
ശുചിമുറി മാലിന്യ ടാങ്കും, മലിനജല ശേഖരണത്തിനുള്ള ടാങ്കും നിർമിക്കാതെയാണ് ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്. ലോഡ്ജിന് സമീപത്ത് എവിടെയും ടാങ്കുകൾ നിർമിക്കാനുള്ള സൗകര്യമില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
വെള്ളവും വെളിച്ചവും ഒരുക്കിയെങ്കിലും മലിനജലം ഒഴുക്കിവിടാൻ മാർഗമില്ലാത്തതിനാൽ ലോഡ്ജ് തുറക്കാൻ കഴിയില്ലെന്ന് നഗരസഭ അധികൃതർ പറയുന്നു.
ഒരു പദ്ധതി നടപ്പാക്കുമ്പോൾ ആവശ്യമായ സാധ്യത പഠനമോ സ്ഥല പരിശോധനയോ നടത്താത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്ന ആരോപണം ശക്തമാണ്. സമീപത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിന് വഴിവിട്ട
സഹായം നൽകാനാണോ ഇത്തരം ഒരു നിർമാണം നടത്തിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അർബൻ ഹാറ്റും ആധുനിക മത്സ്യ മാർക്കറ്റും പോലെ പൊതുജനങ്ങളുടെ നികുതിപ്പണം അശാസ്ത്രീയമായി വിനിയോഗിച്ച നടപടിയിൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

