കോഴിക്കോട് ∙ നഗര വികസനത്തിനുള്ള കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്തുക എന്നതായിരുന്നു ഫൂഡ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കുമ്പോൾ കഴിഞ്ഞ കോർപറേഷൻ അധികൃതരുടെ യഥാർഥ ലക്ഷ്യം. അതിനു വേണ്ടി സ്വകാര്യ കമ്പനിയെ കൊണ്ടു പ്രത്യേക പദ്ധതി തയാറാക്കി കേന്ദ്രത്തിനു സമർപ്പിച്ചു.
അതിൽ അടിസ്ഥാന സൗകര്യങ്ങളും വണ്ടികളുടെ പരിഷ്കരണവും ഉണ്ടായിരുന്നു. 2.80 കോടിക്ക് കോർപറേഷൻ പ്ലാറ്റ്ഫോം, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.
ഹൈടെക് ഉന്തുവണ്ടികൾക്കുള്ള ചെലവ് കച്ചവടക്കാർ എടുക്കണം.
കോർപറേഷൻ വണ്ടിയുടെ മാതൃക നൽകിയാൽ കോയമ്പത്തൂരിൽ നിന്ന് അതേ മാതൃകയിൽ വണ്ടി ഉണ്ടാക്കി കൊണ്ടു വരാമെന്നായിരുന്നു കച്ചവടക്കാരുടെ നിർദേശം. ഇതിനു പരമാവധി ഒരു ലക്ഷം രൂപയോളമേ ചെലവു വരൂ.
എന്നാൽ എല്ലാ വണ്ടികളും ഒരേ മാതൃക ആയതിനാൽ ഷൊർണൂരിലെ സർക്കാർ സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസിൽ നിന്നു വണ്ടികൾ ഉണ്ടാക്കാൻ കോർപറേഷൻ തീരുമാനിച്ചു. ഇവർ നൽകിയ ക്വട്ടേഷനാകട്ടെ 2.51 വണ്ടി വിലയും ജിഎസ്ടി അടക്കം 3 ലക്ഷം രൂപ.
ഇതു താങ്ങാനാകില്ലെന്നു കടക്കാർ അറിയിച്ചപ്പോഴാണ് കോർപറേഷൻ തന്നെ ഇടപെട്ട് കേരള ബാങ്ക് മുഖേന കച്ചവടക്കാർക്കു വായ്പ പദ്ധതി തയാറാക്കിയത്.
കേന്ദ്രത്തിൽ നിന്നുള്ള 2.80 കോടി കിട്ടാൻ കച്ചവടക്കാരുടെ മേൽ അടിച്ചേൽപിക്കപ്പെട്ടത് 2.75 കോടി രൂപയുടെ ബാധ്യത! വൻ തുക വായ്പയെടുത്തു പദ്ധതി നടപ്പാക്കുമ്പോൾ ഇതിന്റെ പ്രായോഗികത സംബന്ധിച്ച പഠനമോ വണ്ടിക്കാരുടെ തിരിച്ചടവ് ശേഷി പരിശോധിക്കുകയോ ചെയ്തില്ല.
കിട്ടാത്ത വണ്ടിക്കും തിരിച്ചടവ്
കേരള ബാങ്ക് മെറ്റൽ ഇൻഡസ്ട്രീസിനു വായ്പ തുക നേരിട്ടു നൽകി.
വായ്പ ഫെബ്രുവരിയിൽ അനുവദിച്ചെങ്കിലും കച്ചവടക്കാരിൽ പലർക്കും എട്ടും ഒൻപതും മാസം കഴിഞ്ഞാണു വണ്ടി കിട്ടിയത്. അതു വരെ ഒരു വരുമാനവും ഇല്ലെങ്കിലും 40,000 രൂപയോളം തിരിച്ചടയ്ക്കേണ്ടി വന്നു.
പലിശയ്ക്കു പണമെടുത്തും മറ്റുമാണു കച്ചവടക്കാർ തുക കണ്ടെത്തിയത്. പ്രതിമാസം 7000 രൂപയാണു 5 വർഷത്തേക്കുള്ള വായ്പ തിരിച്ചടവ്.
നിത്യചെലവിനുള്ള തുകയ്ക്കു പുറമേ ഇതിൽ നിന്നു തിരിച്ചടവ് തുക കൂടി കണ്ടെത്തണം. കൂടാതെ മാലിന്യ സംസ്കരണത്തിനായി 2000 രൂപ നൽകണം.
മാസങ്ങളായി 2000 രൂപ കൃത്യമായി പിരിച്ചെടുക്കാതെ 6 മാസത്തേക്ക് ഒരുമിച്ചുള്ള മാലിന്യനിർമാർജന ഫീസ് അടയ്ക്കാൻ കച്ചവടക്കാർക്കു നോട്ടിസ് നൽകിയിരിക്കുകയാണ് ഇപ്പോൾ. കൂടുതൽ മാലിന്യമുള്ള ചായക്കടക്കാരനും മാലിന്യം കുറവുള്ള പട്ടം പറത്തലുകാരനും ഒരേ തുക നിശ്ചയിച്ചതും തിരിച്ചടിയാണ്.
കമേഴ്സ്യൽ നിരക്കിലാണു വൈദ്യുതി ബിൽ തുക വരുന്നത്. 12,000–18,000 രൂപ വരെ ബിൽ വരുന്നവരുണ്ട്.
മഴക്കാലത്തും മറ്റ് സമയങ്ങളിലും ആകെ ചെലവ് എങ്ങനെ കണ്ടെത്തുമെന്നു പലർക്കും ആശങ്കയുണ്ട്.
ബീച്ചിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്നത് കോർപറേഷൻ ഓഫിസ് മുതൽ ബീച്ച് ആശുപത്രി വരെയുള്ള കേന്ദ്രത്തിലാണ്. നറുക്കെടുപ്പിലൂടെയാണു കടക്കാരുടെ സ്ലോട്ട് കണ്ടെത്തിയതെന്നാണ് കോർപറേഷന്റെ വിശദീകരണം.
എന്നാൽ നറുക്കെടുപ്പ് പോലും അട്ടിമറിച്ചെന്ന് ആരോപണമുണ്ട്. കോർപറേഷൻ അംഗീകരിച്ച ഡിസൈൻ പ്രകാരം ചായക്കട, ഉപ്പിലിട്ടത്, ഐസ്ക്രീം വണ്ടികൾ എന്നിവ ഇടവിട്ടു സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
എന്നാൽ പദ്ധതി നടപ്പാക്കിയപ്പോൾ ഈ ഡിസൈൻ അട്ടിമറിക്കപ്പെട്ടു. ഇതോടെ ഒരേ സ്വഭാവമുള്ള നാലും അഞ്ചും കടകൾ ഒരേ നിരയിലായി.
പരിപാലന കമ്മിറ്റി എന്ത് ചെയ്തു?
കച്ചവടം വിപുലമാക്കുമ്പോൾ മാലിന്യ പ്രശ്നം രൂക്ഷമാകുമെന്ന് അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതു പരിഹരിക്കാനാണ് കോർപറേഷൻ പരിപാലന കമ്മിറ്റിയെ നിയോഗിച്ചത്. കച്ചവടക്കാരുടെ പ്രതിനിധികളും കോർപറേഷൻ അധികൃതരും ഉദ്യോഗസ്ഥരും ചേരുന്ന പരിപാലന കമ്മിറ്റി രൂപീകരിച്ചു.
ഫൂഡ് സ്ട്രീറ്റ് നടത്തിപ്പും മാലിന്യ നിർമാർജനവും കമ്മിറ്റിയുടെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ ഇതു കൃത്യമായി നടന്നില്ല (അവസാനിച്ചു) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

