കോഴിക്കോട് ∙ ബീച്ചിലെ ഉന്തുവണ്ടി കച്ചവടക്കാരെ പുനരധിവസിപ്പിക്കാനും കടൽതീരം വൃത്തിയുള്ളതാക്കാനുമായിരുന്നു ഫൂഡ് സ്ട്രീറ്റ് പദ്ധതി പ്രഖ്യാപിച്ചതെങ്കിലും രണ്ടും അട്ടിമറിക്കപ്പെട്ടു. 1.39 ലക്ഷം എങ്ങനെ 3 ലക്ഷമായി?
പദ്ധതി പ്രഖ്യാപിക്കുമ്പോൾ ഒരു വണ്ടിക്ക് 1.39 ലക്ഷം രൂപയായിരുന്നു ചെലവ് കണക്കാക്കിയത്.
അതു തന്നെ കൂടുതലാണെന്നും 45,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ചെലവഴിച്ച് ഉന്തുവണ്ടി ചെയ്യാൻ കഴിയുമെന്നും അന്നു തന്നെ കച്ചവടക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കടപ്പുറമായതിനാൽ സാധാരണ വണ്ടിയൊന്നും പോരെന്നും തുരുമ്പ് എടുക്കാതിരിക്കാൻ സ്റ്റെയിൻലെസ് സ്റ്റീൽ തന്നെ വേണമെന്നും വാദിച്ചതു കോർപറേഷനാണ്.
അതിനാൽ 1.39 ലക്ഷം വരെ ചെലവാകുമെന്നും കടക്കാരെ വിശ്വസിപ്പിച്ചു. കച്ചവടക്കാരുടെ നിർദേശം പരിഗണിച്ചു വണ്ടിക്ക് ആദ്യം പറഞ്ഞതിനേക്കാൾ അര അടി വലുപ്പം കൂട്ടി.
പക്ഷേ വണ്ടിയുടെ വില 3 ലക്ഷമായി. 2.51 ലക്ഷം രൂപ വണ്ടിയുടെ നിർമാണ ചെലവും 45,000 രൂപ ജിഎസ്ടിയും അടക്കമാണ് വണ്ടിക്കു വില ഇരട്ടിയിലേറെയായി ഉയർന്നത്.
ഈ തുക കച്ചവടക്കാരെ കൊണ്ട് കേരള ബാങ്കിൽ നിന്നു വായ്പയായി എടുപ്പിക്കുകയായിരുന്നു.
ക്വട്ടേഷൻ വേറെ; സ്പെസിഫിക്കേഷൻ വേറെ
സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിക്കുമെന്നു വാഗ്ദാനം നൽകിയ വണ്ടി പക്ഷേ ഇരുമ്പ് ഷീറ്റ് കൊണ്ടാണു നിർമിച്ചിരിക്കുന്നത്. വണ്ടികൾ ബീച്ചിൽ എത്തിച്ചു മാസങ്ങൾ പിന്നിടുമ്പോഴേക്കും തുരുമ്പെടുത്തു തുടങ്ങി.
ചില വണ്ടികളുടെ വാതിലുകൾ പൊളിഞ്ഞു വീണു.
കച്ചവടക്കാർ സ്വന്തം നിലയ്ക്കു പണം നൽകി ഇവ പുനഃസ്ഥാപിക്കേണ്ടി വന്നു. ക്വട്ടേഷനിൽ പറയുന്ന സ്പെസിഫിക്കേഷനുകളിൽ അല്ല ഉന്തുവണ്ടി നിർമിച്ചതെന്നതാണു പ്രധാന പരാതി.
ഇതിൽ വിദഗ്ധ പരിശോധന വേണമെന്നും ആവശ്യം ഉയരുന്നു. ക്വട്ടേഷനിൽ പറയുന്നതു പ്രകാരം വണ്ടി തുരുമ്പ് പിടിക്കാതിരിക്കാൻ ഒരു കോട്ട് പ്രൈമറും 2 കോട്ട് ഓട്ടോ ഗ്രേഡ് സ്പ്രേയും പെയ്ന്റ് ചെയ്തിട്ടുണ്ടെങ്കിൽ മാസങ്ങൾക്കുള്ളിൽ വണ്ടി തുരുമ്പ് പിടിച്ചത് എങ്ങനെയെന്ന് ചോദ്യം ഉയരുന്നു.
തുരുമ്പെടുത്തു തുടങ്ങിയതോടെ ഇതിലെ ഇലക്ട്രിക് വയറിങ് സുരക്ഷിതമല്ലാതായി.
ഷോക്ക് ഏൽക്കാൻ സാധ്യതയുണ്ടെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് വണ്ടികൾക്കുള്ളിൽ വെള്ളം വീണു കച്ചവട
സാധനങ്ങൾ നശിച്ചു. വേനൽക്കാലത്ത് ഇരുമ്പ് ഷീറ്റ് കൊണ്ട് നിർമിച്ച പെട്ടിക്കടയ്ക്കുള്ളിൽ തൊഴിലാളികൾ ഉരുകിവിയർക്കുകയാണ്.
5 വർഷം വേണം കേരള ബാങ്കിലെ വായ്പ തിരിച്ചടച്ചു കഴിയാൻ. അത്രയും കാലം വണ്ടി നിലനിൽക്കുമോ എന്നാണു കച്ചവടക്കാർക്ക് ഇപ്പോൾ ആശങ്ക.
പല വണ്ടി, ഒരേ ബാധ്യത
വണ്ടികൾ പല വിധമുണ്ട്.
ചായയും കടിയും വിൽക്കുന്ന വണ്ടികളിൽ ഇവ സൂക്ഷിക്കാനുള്ള ഗ്ലാസ് ഷെൽഫ്, സ്റ്റാൻഡ്, റാക്ക് എന്നിവയുണ്ട്. എന്നാൽ ഐസ് ഉരതി കടകളിൽ ഷെൽഫിന്റെ അളവ് പോലും പകുതിയേ ഉള്ളൂ.
ഐസ്ക്രീം വിൽപന വണ്ടിയിൽ ഈ സൗകര്യങ്ങൾ ഒന്നും തന്നെയില്ല. പക്ഷേ മൂന്നു വണ്ടിക്കും ഒരേ വില, 3 ലക്ഷം രൂപ!
വണ്ടികൾ തമ്മിൽ ഉള്ളിലെ സൗകര്യങ്ങളുടെ കാര്യത്തിൽ 50,000 രൂപയിലേറെ വ്യത്യാസമുണ്ട്. ഇല്ലാത്ത സൗകര്യങ്ങളുടെ പേരിൽ കച്ചവടക്കാരിൽ നിന്നു പണം തട്ടിയെടുക്കാൻ ആരാണു കൂട്ടുനിന്നത്?
മാലിന്യ സംസ്കരണം പാളി
5 കോടി രൂപയ്ക്കു പദ്ധതി നടപ്പാക്കുമ്പോൾ അതിൽ ഏറ്റവും നിർണായകമാകേണ്ടിയിരുന്നത് ബീച്ചിലെ ശാസ്ത്രീയ മാലിന്യ സംസ്കരണമാണ്.
എന്നാൽ മാലിന്യ സംസ്കരണം അമ്പേ പാളുന്നതാണ് ബീച്ചിൽ കണ്ടത്. ഉന്തുവണ്ടികളെ എല്ലാം ഏതാനും ഭാഗത്തേക്ക് ഒതുക്കിയതോടെ മാലിന്യപ്രശ്നം രൂക്ഷമായി.
സാധനങ്ങൾ നടവഴിയിൽ കൂട്ടിയിടേണ്ടി വന്നു. മാലിന്യ ടാങ്ക് നിറഞ്ഞൊഴുകുന്നതോടെ കടകൾക്കു പിന്നിലും പരിസരത്തും മാലിന്യവും ദുർഗന്ധവുമുണ്ട്.
ഭക്ഷണം കഴിക്കാനെത്തുന്നവർ വലിച്ചെറിയുന്ന മാലിന്യം കുന്നുകൂടി. മാലിന്യ സംസ്കരണ സംവിധാനം ഒരുക്കാനായി നീക്കി വച്ച തുകയ്ക്ക് എന്തു സംഭവിച്ചു എന്നാണു ചോദ്യം.
ശാസ്ത്രീയ മാലിന്യ സംസ്കരണം കടക്കാരുടെ യോഗം വിളിക്കുമെന്ന് മേയർ
ബീച്ചിൽ ഉന്തുവണ്ടി കച്ചവടത്തിനു സമീപം കോർപറേഷന്റെ പരിശോധന ശക്തമാക്കുമെന്ന് മേയർ ഒ.സദാശിവൻ.
കഴിഞ്ഞ ദിവസം രാത്രി മേയറും ഡപ്യൂട്ടി മേയർ എസ്.ജയശ്രീയും നടത്തിയ പരിശോധനയ്ക്കു ശേഷമാണു പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്. ബീച്ചിലെ മാലിന്യ പ്രശ്നത്തിന് ഇപ്പോൾ അൽപം കുറവ് വന്നെങ്കിലും കടകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കാൻ കടക്കാരുടെ യോഗം വിളിക്കും.
കടകൾക്കു മുന്നിൽ മാലിന്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബോർഡ് വയ്ക്കാനും ഉപഭോക്താക്കളെ ബോധവൽക്കരിക്കാനും കടക്കാർക്കു നിർദേശം നൽകും. സ്ഥിരമായി പരിശോധന നടത്താൻ ഉദ്യോഗസ്ഥരെ നിയോഗിക്കാനും ആലോചനയുണ്ടെന്നും മേയർ പറഞ്ഞു.
മാലിന്യ സംസ്കരണത്തിന്റെ പേരിൽ ബീച്ച് ഫൂഡ് സ്ട്രീറ്റിന് ഉണ്ടായ ചീത്തപ്പേരിനെ തുടർന്നാണു മേയറും ഡപ്യൂട്ടി മേയറും കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് ഇറങ്ങിയത്. (ഉന്തുവണ്ടി കച്ചവക്കാരെ പദ്ധതി വൻ കടക്കെണിയിലാവുകയാണ് ചെയ്തത്.
അതേക്കുറിച്ചു നാളെ) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

