തൃക്കരിപ്പൂർ ∙ രൂക്ഷമായ ഗതാഗതക്കുരുക്കിനു കാരണമാവുകയും ജനജീവിതവും വ്യാപാരമേഖലയും ദുസ്സഹവുമാക്കിയ ബീരിച്ചേരി റെയിൽവേ ഗേറ്റിൽ മേൽപാലം പണിയുന്നതിനുള്ള റെയിൽവേ അനുമതി അന്തിമഘട്ടത്തിലെന്ന് അധികൃതർ. വെള്ളാപ്പ് റോഡ് റെയിൽവേ ഗേറ്റിലെ മേൽപാലം അനുമതിയും പരിഗണനയിലാണ്.
തൃക്കരിപ്പൂർ പഞ്ചായത്തിനു കീഴിലുള്ള റെയിൽവേ കർമസമിതിയുടെ ആവശ്യപ്രകാരം ഇന്നലെ ആർബിഡിസികെ കണ്ണൂർ പ്രോജക്ട് എൻജിനീയർ എ.അനിൽ കുമാർ, കോഴിക്കോട് ഓഫിസിലെ സീനിയർ മാനേജർ കെ.അനീഷ് കുമാർ എന്നിവർ തൃക്കരിപ്പൂരെത്തി ജനറൽ അറേഞ്ച്ഡ് ഡ്രോയിങ് അനുമതി സംബന്ധിച്ചു വിശദീകരിച്ചു.
റെയിൽവേ പരിഗണനയിലുള്ള ഡ്രോയിങ്ങും അനുബന്ധവിവരങ്ങളും രേഖകളിലൂടെ വിശദമാക്കി.
തൃക്കരിപ്പൂരിലെ മേൽപാലങ്ങളുടെ നിർമാണ അനുമതി സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥസംഘം വിശദീകരണവുമായെത്തിയത്. മേൽപാലം പണിത് 5 വർഷത്തിനുശേഷം പരിപാലനവുമായി ബന്ധപ്പെട്ട
അണ്ടർടേക്കിങ് (ഏറ്റെടുക്കൽ) ആർബിഡിസികെ മാനേജിങ് ഡയറക്ടറും മരാമത്ത് വകുപ്പ് സെക്രട്ടറിയും ഒപ്പു വയ്ക്കുന്ന മുറയ്ക്കു റെയിൽവേയുടെ അനുമതി സാധ്യമാകുമെന്നാണു പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
439.46 മീറ്റർ ദൈർഘ്യത്തിലാണു ബീരിച്ചേരി മേൽപാലം പണിയുന്നതിന്റെ ഡിപിആർ. ഗേറ്റിന്റെ തെക്കുഭാഗത്തുനിന്ന് 208 മീറ്ററും വടക്കുഭാഗത്തുനിന്ന് 185 മീറ്ററും ഉപയോഗപ്പെടുത്തും.
10.5 മീറ്ററാണു പാലത്തിന്റെ വീതി. ഇതിൽ റോഡ് ഗതാഗതം 7.5 മീറ്ററാണ്.
ഒരുഭാഗത്തു മാത്രമാണു നടപ്പാത.
തൃക്കരിപ്പൂർ ഭാഗത്തേക്കു നിലവിലുള്ള റോഡിൽനിന്ന് 20–22 മീറ്റർ കിഴക്കോട്ടു മാറിയാണു പാലം കടന്നുപോകുന്നത്. ഗേറ്റിന്റെ തെക്കുഭാഗത്തുനിന്ന് 39 മീറ്റർ പടിഞ്ഞാറുമാറി പാലം കടന്നുപോകും.
റെയിലിനു മുകളിൽ സാധ്യമായ 33 ഡിഗ്രി ചരിവ് കൊടുത്തിട്ടുണ്ട്. തൃക്കരിപ്പൂർ ഭാഗത്തുനിന്നു സിന്തറ്റിക് ടർഫ് പരിസരത്തുനിന്നാണു പാലത്തിന്റെ തുടക്കം.
പയ്യന്നൂർ ഭാഗത്തു മസ്ജിദിന്റെ വടക്കുഭാഗത്തായി നിലവിലെ റോഡിൽ പാലമെത്തും. മേൽപാലങ്ങളുടെ അനുമതി വിഷയത്തിൽ റെയിൽവേ മുൻപ് എസ്റ്റിമേറ്റ് ആവശ്യപ്പെട്ടിരുന്നില്ല.
തൊട്ടടുത്ത ഉദിനൂർ റെയിൽലേ മേൽപാല അനുമതി സമയത്തും എസ്റ്റിമേറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല.
ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ കർമസമിതി ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുല്ല, വർക്കിങ് ചെയർമാൻ വി.കെ.ബാവ, കൺവീനർ ഇ.ജയചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രജീഷ് ബാബു, പഞ്ചായത്തംഗം ഫായിസ് ബീരിച്ചേരി, കർമസമിതി അംഗങ്ങളായ എ.ജി.സി.ബഷീർ, വി.വി.കൃഷ്ണൻ, എം.രാമചന്ദ്രൻ, ടി.വി.ഷിബിൻ, സജേഷ്, കെ.ശശിധരൻ, ടി.വി.ചന്ദ്രദാസ് എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

