പുൽപള്ളി ∙ വയനാടൻ ഗ്രാമങ്ങളിൽ പെയ്ത് കബനിയിൽ ഒഴുകിയെത്തിയ വെള്ളം അയൽ സംസ്ഥാന തലസ്ഥാനത്തെ ജനങ്ങളുടെ ദാഹമകറ്റുന്നു. ചെറു അരുവികളിലൂടെയും തോടുകളിലൂടെയും ഒഴുകി കബനിപ്പുഴയിലെത്തിയ വെള്ളം കാവേരിയിലേക്കു തിരിച്ച് തമിഴ്നാട് അതിർത്തിയിലെത്തിച്ച ശേഷമാണ് ബെംഗ്ളൂരുവിലേക്ക് പമ്പുചെയ്യുന്നത്.
മഴക്കാലത്ത് കബനിയിലെ ബീച്ചനഹള്ളി അണക്കെട്ടിൽ സംഭരിച്ചിരുന്ന ജലമാണ് കഴിഞ്ഞയാഴ്ച കാവേരിയിലേക്കു തുറന്നുവിട്ടത്. ബെംഗ്ളൂരു നഗരത്തിൽ ജലക്ഷാമം രൂക്ഷമായതോടെയാണ് കരുതൽ ജലമുപയോഗിച്ച് വിതരണം നടത്തുന്നത്.
2024 ലും ഇപ്രകാരം കബനിജലം കൊണ്ടുപോവുകയും അതിനുള്ള സംവിധാനങ്ങൾ ശക്തമാക്കുകയും ചെയ്തു.
ബീച്ചനഹള്ളി അണക്കെട്ടിന്റെ ഷട്ടർ തുറക്കുമ്പോൾ റിസർവൊയറിലെ ജലം കബനിയിലൂടെ ഒഴുകി ടി.നരസിപ്പുരയിലെത്തി കാവേരിയിൽ ചേരും. കാവേരിനദി ചാമരാജ്നഗർ വഴി തമിഴ്നാട്ടിലെത്തും.
കാവേരിയിലെ ജലം പരമാവധി പുതുതായി നിർമിച്ച ആനിക്കെട്ട് റിസർവൊയറിൽ സംഭരിച്ച് അവിടെനിന്നു വിവിധ ഘട്ടങ്ങളിലൂടെ പമ്പ് ചെയ്താണ് ബെംഗ്ളൂരുവിലെത്തിക്കുന്നത്. വലിയ ചിറകളിലേക്കും തടാകങ്ങളിലേക്കുമെത്തുന്ന വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമായി നൽകുന്നു.
പൂർണമായും വയനാട്ടിൽ നിന്നാരംഭിക്കുന്ന കബനിയിലെ വെള്ളമാണ് കർണാടകം വിദഗ്ദമായി ഉപയോഗിക്കുന്നത്.
വേനൽ ശക്തമായതോടെ മൈസൂറു, ചാമരാജ് നഗർ ജില്ലകളിലും ജലക്ഷാമം രൂക്ഷമായി. അവിടുത്തെ ആവശ്യത്തിനു ചിറകളിലേക്കു വെള്ളമെത്തിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ ശുദ്ധജലവിതരണമപ്പാടെ കബനിയിൽ നിന്നോ, അതിന്റെ കനാലുകളിൽ നിന്നോ വെള്ളമെടുത്താണ്. കുഴൽകിണറുകൾ വ്യാപകമായി വറ്റിയതോടെ പൊതു ജലവിതരണം റേഷൻ കണക്കിലാണ്.
ടാങ്കറുകളിലും മറ്റുമാണ് വിതരണം.വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ കൃഷിയിറക്കിയ കർഷകരും നിരാശരാണ്. വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്യാത്തതിനാൽ കബനിയിലേക്ക് നീരൊഴുക്കില്ല.
കത്തുന്ന പകലിൽ വെള്ളം ബാഷ്പീകരണത്തിലൂടെയും നഷ്ടമാകുന്നു. വേനൽമഴ പെയ്ത് അണക്കെട്ടിൽ വെള്ളമെത്തിയാൽ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാകൂവെന്ന് കർണാടക ജലഅതോറിട്ടി പറയുന്നു.
കർണാടകം ജലമൂറ്റിയതോടെ കേരളാതിർത്തിയിൽ പുഴയാകെ വറ്റി.കുടിവെള്ളം, കൃഷിയാവശ്യങ്ങൾക്കുള്ള പമ്പിങ് നിലയ്ക്കുന്നു.
ഇനി തടയണ നിർമിച്ചാൽ മാത്രമേ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കുടിവെള്ളത്തിനുള്ള വെള്ളം ഉറപ്പുവരുത്താനാകൂവെന്ന് അധികൃതർ പറയുന്നു.കബനിയുടെ സമീപ പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും വറ്റിതുടങ്ങി. പ്രതീക്ഷിച്ച അളവിൽ വേനൽമഴ ലഭിക്കാത്തതാണ് പ്രതിസന്ധിയുണ്ടായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

