കോട്ടയം ∙ ജില്ലയിൽ ഇറച്ചി വില തോന്നും പടി. ഇന്നലെ ജില്ലയിലെ വിവിധ മാർക്കറ്റുകളിൽ പോത്തിറച്ചിക്ക് 380 മുതൽ 500 രൂപ വരെയാണ് വില.
വിലയിൽ ഇടപെടാൻ വഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്. ഈസ്റ്റർ ദിനത്തിൽ മണർകാട്ട് ഒരു കിലോ പോത്തിറച്ചിക്ക് 500 രൂപയാക്കിയതിൽ പ്രതിഷേധം ഉയർന്നിരുന്നു.
തുടർന്ന് പഞ്ചായത്ത് നടത്തിയ പരിശോധനയിൽ മാലിന്യ പ്രശ്നങ്ങൾ കണ്ടെത്തി സ്ഥാപനത്തിനു സ്റ്റോപ് മെമ്മോ നൽകി. വിലയിൽ ഇടപെടാൻ അന്നും സാധിച്ചില്ല.
ജില്ലയിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ ബ്രാഞ്ചുകളിലാണ് 500 രൂപ വാങ്ങുന്നത്.
നിയമമില്ലെന്ന് അധികൃതർ
ഇറച്ചി വിലയിൽ ഇടപെടാൻ കഴിയുന്ന നിയമം ഇല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും ജില്ലാ ഭരണകൂടവും. സ്ഥാപനങ്ങളുടെ ലൈസൻസും ശുചിത്വവും പരിശോധിച്ച് നടപടി എടുക്കാൻ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുള്ളൂ.
സ്ഥാപനത്തിൽ വില പ്രദർശിപ്പിക്കാതെയിരുന്നാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നടപടിയെടുക്കാം. ഉൽപന്നത്തിന്റെ വില നിശ്ചയിക്കേണ്ടത് ഉൽപാദകനെന്നാണു ഭക്ഷ്യസുരക്ഷാ ചട്ടത്തിലുള്ളത്.
ഉത്സവ സീസണുകളിൽ പ്രത്യേക മേഖലയായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ മാത്രം ജില്ലാ ഭരണകൂടത്തിനു വില ഏകീകരിക്കാമെന്ന നിയമം മാത്രമാണുള്ളതെന്ന് ഇവർ വിശദീകരിക്കുന്നു.
പല വില; കാരണം?
ഒരേ സ്ഥലത്തെ വിവിധ കടകളിലും വിവിധ നിരക്ക് വാങ്ങുന്നുണ്ട്. ജീവനുള്ള പോത്തിനെ എത്തിക്കുന്നതിന് പകരം ഇറച്ചിയാക്കി കണ്ടെയ്നർ വഴി എത്തിക്കുന്നതിനാണു വില കുറയുന്നതെന്നു കച്ചവടക്കാരുടെ പക്ഷം.
പ്രാദേശിക മാർക്കറ്റുകളിൽ നിന്ന് ഉരുക്കളെ വാങ്ങി വെട്ടാൻ സൗകര്യമുള്ളിടത്തും വില കുറവ് കാണുന്നെന്നും ഇവർ പറയുന്നു.
കച്ചവടക്കാർ പറയുന്നത്
തമിഴ്നാട്, ആന്ധ്രാ, കർണാടക എന്നിവിടങ്ങളിൽ നിന്നു പോത്തിറച്ചി നേരത്തെ എത്തുന്നത്ര അളവിൽ എത്തുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 7 ഇറച്ചി കയറ്റുമതി സ്ഥാപനങ്ങൾ കാരണം വിപണിയിൽ പോത്തിറച്ചി കുറഞ്ഞു.
ലോക മാർക്കറ്റിൽ ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യുന്ന പോത്തിറച്ചിക്ക് പ്രിയം കൂടിയതും ലഭ്യത കുറഞ്ഞതിനു കാരണമായി. ഇതു കാരണം മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളിൽ എത്തി വേണം പോത്തിനെ കൊണ്ടുവരാൻ.
വാഹനവാടക, ജോലിക്കാരുടെ വേതനം എന്നിവ കണക്കിലെടുത്താൽ ഇപ്പോഴുള്ള വില നഷ്ടമെന്നാണ് വ്യാപാരികളുടെ നിലപാട്.
പാലായിലെ ഏകീകരണം നടപ്പായില്ല
പാലായിൽ പോത്തിറച്ചി വില 440 ആയി ഏകീകരിക്കാനുള്ള നഗരസഭാ തീരുമാനം നടപ്പായില്ല. വിവിധ വ്യാപാരികളെ വിളിച്ചു ചേർത്ത് 440 രൂപയാക്കി ഇറച്ചി വില ക്രമീകരിക്കാനാണ് നഗരസഭ ശ്രമിച്ചത്.
എന്നാൽ ആ യോഗത്തിൽത്തന്നെ ഒരു വ്യാപാര സ്ഥാപനം പങ്കെടുത്തില്ല. അവർ വില കുറച്ചുമില്ല.
മറ്റു വ്യാപാരികളും ഇതിനാൽ വിലയിൽ വ്യത്യാസം വരുത്തി. ഇന്നലെ 460 മുതൽ 500 രൂപയാണ് പാലായിൽ പോത്തിറച്ചി വില.
ഇന്നലത്തെ വില
പോത്തിറച്ചി ഒരു കിലോയ്ക്ക് ഇന്നലത്തെ വില രൂപയിൽ
∙ കോട്ടയം ടൗൺ 460–480
∙ ചങ്ങനാശേരി 460–480
∙ ഏറ്റുമാനൂർ 460– 500
∙ കുറുപ്പന്തറ 500
∙ പാലാ 460– 500
∙ കാഞ്ഞിരപ്പള്ളി 420- 440
∙ മുണ്ടക്കയം 420- 440
∙ പാമ്പാടി 460
∙ മണർകാട് 460
∙ ഈരാറ്റുപേട്ട
440 ∙ കറുകച്ചാൽ 440 ∙ തലയോലപ്പറമ്പ് 460 ∙ എരുമേലി 380–460 ∙ മണിമല 420 ∙ കുമരകം 440 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

