മാനന്തവാടി ∙ കത്തുന്ന വേനലിൽ കുളിര് തേടി തിരുനെല്ലി നെട്ടറയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. പുതിയ പാലം നിർമിച്ചതോടെയാണ് ബ്രഹ്മഗിരി മലനിരകളുടെ അടിവാരത്ത് കുളിരു തേടി സഞ്ചാരികൾ കൂട്ടമായി എത്തുന്നത്.
കഴിഞ്ഞ വർഷം നെട്ടറപ്പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെയാണു ജില്ലയുടെ ടൂറിസം ഭൂപടത്തിൽ തിരുനെല്ലിയിലെ നെട്ടറ ഗ്രാമം ഇടം നേടിയത്. അവധി ദിനങ്ങളിൽ സഞ്ചാരികളെ കൊണ്ട് വീർപ്പുമുട്ടുകയാണ് ഈ വനാതിർത്തി ഗ്രാമം.
ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും തൊട്ടടുത്ത കർണാടകയിൽ നിന്നുമായി ആയിരക്കണക്കിന് പേരാണ് ഗ്രാമഭംഗി ആസ്വദിക്കാനും കാളിന്ദിയുടെ കുളിരു നുകരാനും നെട്ടറയിലെത്തുന്നത്.
ബ്രഹ്മഗിരി മലമുകളിൽനിന്ന് ഉത്ഭവിച്ച് തെളിനീര് നിറച്ചൊഴുകി എത്തി കാളിന്ദി നദിയായി മാറുന്ന സ്ഫടിക തുല്യമായ വെള്ളത്തിലിറങ്ങിയുള്ള വിനോദമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇവിടെ എത്തുന്ന ചെറിയ കുട്ടികൾ മുതൽ പ്രായമായ സ്ത്രീകളും പുരുഷന്മാരും വരെ കുളിര് നിറഞ്ഞ വെള്ളത്തിലിറങ്ങി മണിക്കൂറുകളോളം നീന്തിയും കുളിച്ചും കളിച്ചും സമയം ചെലവഴിക്കുന്നു.
തണുത്ത അന്തരീക്ഷത്തിൽ ബ്രഹ്മഗിരി മലയുടെ അഴകും അരുവിയിലെ തെളിനീർ ഒഴുക്കും ആസ്വദിച്ച് കാളിന്ദിയുടെ തീരങ്ങളിൽ ഇരുന്ന് സമയം ചെലവഴിക്കുന്നവരും ഏറെയാണ്.
അതേസമയം സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ കാട്ടിനുള്ളിലേക്കുള്ള കടന്നുകയറ്റവും മറ്റും ഉണ്ടാകുന്നതായി പരാതി ഉയരുന്നുണ്ട്. കാടിനുള്ളിലും അരുവികളിലും പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നവരുമുണ്ട്.
ഇത് കർശനമായി നിരോധിക്കാൻ നടപടി വേണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ഗതാഗത തടസ്സവും പരിസ്ഥിതി നാശവും ഉണ്ടാക്കാത്ത തരത്തിൽ മാത്രം വിനോദ സഞ്ചാരികളെ ഇവിടേക്ക് പ്രവേശിപ്പിക്കുകയും സഞ്ചാരികൾക്ക് വേണ്ട
അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ മുൻ കരുതലുകളും ഏർപ്പെടുത്തുകയും വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് ഗതാഗത തടസ്സം പരിഹരിക്കുന്നതിനും പരിസര മലിനീകരണം ഇല്ലാതാക്കുന്നതിനും നടപടി വേണമെന്നും ആവശ്യമുയരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

