ഒരു തേങ്ങയുണ്ടെങ്കിൽ ശ്രീധരന്റെ ചായക്കടയിൽനിന്ന് ഒരു പൊറോട്ടയും ചായയും കുടിക്കാം. നാലു തേങ്ങയുണ്ടെങ്കിൽ രണ്ടു പൊറോട്ടയും ചിക്കൻ കറിയും ചായയും കുടിച്ചു വയറും മനസ്സും നിറഞ്ഞു പുറത്തിറങ്ങാം.
തേങ്ങയ്ക്കു ചായ കിട്ടാൻ ഇതെന്താ ബാർട്ടർ സമ്പ്രദായമാണോ എന്നൊന്നും ചോദിക്കാൻ നിൽക്കരുത്. ഇതാണ് പാനൂർ തൃപ്രങ്ങോട്ടൂർ നാലാം വാർഡിലെ തിരുത്തിയിലെ കിഴക്കയിൽ ശ്രീധരന്റെ കടയിലെ പ്രത്യേകത.
തേങ്ങ കൊടുത്താൽ ഭക്ഷണത്തിനു പണം വേണ്ട.
ഒരു തേങ്ങയ്ക്ക് 20 രൂപയാണു വില കണക്കാക്കുന്നത്. ചായയ്ക്ക് 10 രൂപ, ഒരു പൊറോട്ടയ്ക്ക് 10 രൂപ, ചിക്കൻ കറിക്ക് 50 രൂപ, കപ്പപ്പുഴുക്കിന് 20 രൂപ എന്നിങ്ങനെ കീശയിലൊതുങ്ങുന്ന വിലയേയുള്ളൂ.
ശ്രീധരനും ഭാര്യ ശോഭയുമാണ് ഹോട്ടൽ നടത്തിപ്പുകാർ. സമൂഹമാധ്യമങ്ങളിലെ റീൽസിലൂടെ വൈറലാണ് ശ്രീധരന്റെ പേരില്ലാത്ത ചായക്കട.
തേങ്ങയ്ക്കു പകരം ഭക്ഷണം എന്നറിഞ്ഞാണ് ദൂരദിക്കിൽനിന്നുപോലും ആളുകൾ ശ്രീധരന്റെയും ശോഭയുടെയും കൈപ്പുണ്യം അറിയാൻ എത്തുന്നത്.
20ാമത്തെ വയസ്സിലാണ് ശ്രീധരൻ ചായക്കട തുടങ്ങിയത്.
അന്നുതൊട്ടേ തേങ്ങയ്ക്കു പകരം ചായയും കടിയും എന്നതായിരുന്നു രീതി. ഭക്ഷണത്തിനു പകരം ലഭിക്കുന്ന തേങ്ങ ഉണക്കി ഉണ്ടകൊപ്രയാക്കി വടകര മാർക്കറ്റിൽ വിൽക്കുന്നതാണു രീതി.
50,000 തേങ്ങവരെ ഇങ്ങനെ ലഭിക്കുമായിരുന്നെന്ന് ശ്രീധരൻ പറഞ്ഞു. ദിവസവും 200 തേങ്ങയെങ്കിലും ലഭിക്കും.
പാചകവാതകക്ഷാമത്തിൽ നാട്ടിലെ ഹോട്ടലുകാർ വലഞ്ഞപ്പോൾ ശ്രീധരന് ഒരു ആശങ്കയുമുണ്ടായിരുന്നില്ല.
കാരണം ഇവിടെ പാചകമെല്ലാം വിറകിലാണ്. ആവശ്യത്തിന് വിറക് സമീപത്തെ പറമ്പുകളിൽനിന്നു ലഭിക്കും.
അതുകൊണ്ട് പണം കൊടുത്തു വാങ്ങേണ്ടതില്ല. ചായയും കഞ്ഞിയും പുഴുക്കും പൊറോട്ടയുമെല്ലാം വിറകടുപ്പിൽ വേവും.
സഹായത്തിന് സഹോദരന്റെ ഭാര്യ പ്രസീതയുമുണ്ട്. വിറകടുപ്പിനു മുകളിലുള്ള അട്ടത്തുവച്ചാണ് തേങ്ങ ഉണക്കി ഉണ്ടകൊപ്രയാക്കുക.
മൂന്നുമാസം കൊണ്ട് ഉണ്ടകൊപ്രയാകും. എന്നാൽപിന്നെ, അഞ്ചു തേങ്ങയുമായി ശ്രീധരന്റെ നാടൻകടയിലേക്കു പുറപ്പെട്ടാലോ… …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

