തൊടുപുഴ∙ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുൻപുള്ള കുറച്ചു ദിവസങ്ങളിലാണു മറഞ്ഞിരുന്ന ‘വികസനങ്ങൾ’ ജില്ല കണ്ടത്. ജനപ്രതിനിധികൾ തലങ്ങും വിലങ്ങും പാഞ്ഞ്, നിർമാണാരംഭം, നിർമാണ പൂർത്തീകരണം, ശിലാസ്ഥാപനം എന്നിങ്ങനെ വിവിധ പേരുകളിൽ നടത്തിയ ഉദ്ഘാടന മാമാങ്കങ്ങൾ കണ്ട് ജനം ഞെട്ടി.
പക്ഷേ പായൽ പിടിച്ച ശിലാഫലകങ്ങളും കാടുമൂടിയ അപൂർണ നിർമിതികളും ഒട്ടേറെ കണ്ടു മടുത്ത ഇടുക്കി ജില്ലക്കാർക്കു യാഥാർഥ്യം ഉൾക്കൊള്ളാൻ അധികനേരം വേണ്ട. തിരക്കിട്ട് ഉദ്ഘാടനം ചെയ്യപ്പെട്ടവയുടെ ഭാവിയും സിംപിളായി അവർ പ്രവചിക്കും.
‘ഡെലൂലു, മീൻസ് മായ’ എന്ന്. അത്തരം ചില വിക(പ്രഹ)സന പദ്ധതികളിലൂടെ…
നഷ്ടമല്ല, ചെലവിനൊത്ത് വരവില്ലെന്നേയുള്ളൂ
പത്ത് വർഷത്തിനു ശേഷം സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ ഓപ്പറേറ്റിങ് സെന്റർ എന്ന ഖ്യാതിയോടെ തിരഞ്ഞെടുപ്പിനു മുൻപ് തിരക്കിട്ട് ഉദ്ഘാടനം ചെയ്ത ചെറുതോണി കെഎസ്ആർടിസി സെന്റർ 50,000 രൂപ വരെ പ്രതിദിനം നഷ്ടത്തിൽ.
5 ബസുകളാണ് ഇവിടെനിന്നു സർവീസ് നടത്തുന്നത്. ഏതാനും ദീർഘദൂര സർവീസുകളും ഈ ഓപ്പറേറ്റിങ് സെന്ററിനു കീഴിലുണ്ട്.
എന്നാൽ സെന്ററിൽ സൗകര്യമില്ലാത്തതിനാൽ വിവിധയിടങ്ങളിൽനിന്ന് എത്തുന്ന ബസുകൾ ചെറുതോണിയിൽ നിന്ന് ഉച്ചയ്ക്ക് 1.45 നാണു സർവീസുകൾ ആരംഭിക്കുന്നത്.
രാവിലെ ചെറുതോണിയിൽനിന്നു സർവീസുകൾ തുടങ്ങിയാലേ കലക്ഷൻ ഉയർത്താൻ സാധിക്കുകയുള്ളൂ എന്ന് ജീവനക്കാർ പറയുന്നു. ഇപ്പോൾ ഓപ്പറേറ്റിങ് സെന്ററിൽ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല.
മെക്കാനിക്കൽ വിഭാഗവും എത്തിയിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ പുതിയ ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിൽ സൗകര്യം അനുവദിക്കാത്തതിനാൽ ചെറുതോണി പൊലീസ് സ്റ്റേഷന് എതിർവശത്ത് വാടകയ്ക്ക് എടുത്തിരിക്കുന്ന മുറിയിലാണു സെന്ററിന്റെ പ്രവർത്തനം.
പുതിയ ബസ് സ്റ്റാൻഡിനോട് ചേർന്നു കെഎസ്ആർടിസിക്ക് അനുവദിച്ചിരിക്കുന്ന 42 സെന്റ് സ്ഥലത്ത് ഒരു പഞ്ചിങ് സെന്റർ തട്ടിക്കൂട്ടി നിർമിച്ചിട്ടുണ്ടെങ്കിലും ബസുകൾ ഇവിടേക്കു കയറാത്തതിനാൽ ഇതിന്റെ പ്രവർത്തനവും ആരംഭിച്ചിട്ടില്ല.
ഉദ്ഘാടനത്തിന് ‘ബ്ലോക്കി’ല്ല
മൂന്ന് വർഷം മുൻപ് പൂർത്തിയാക്കേണ്ടിയിരുന്ന നെടുങ്കണ്ടം താലൂക്കാശുപത്രിയുടെ കെട്ടിടനിർമാണം പകുതിയെത്തിച്ചായിരുന്നു ഒപി ബ്ലോക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം. ഏഴു നിലകളുള്ള 2 കെട്ടിടങ്ങളാണു പദ്ധതി പ്രകാരം പൂർത്തിയാക്കേണ്ടത്.
എന്നാൽ പാതിവഴിയിലെത്തിയ കെട്ടിടങ്ങളിൽ ഒന്നിന്റെ താഴത്തെ നിലയിലെ ഒരുഭാഗം മാത്രം പൂർത്തിയാക്കിയാണു മാർച്ച് 3ന് ഒപിയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഔദ്യോഗികമായി നിർവഹിച്ചത്. എന്നാൽ ഉദ്ഘാടനം ചെയ്ത ഒപി ബ്ലോക്ക് പോലും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നില്ല.
മുകൾത്തട്ടിൽ പൂർത്തിയാക്കാനുള്ള സീലിങ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാക്കിയതിനു ശേഷമാകും ഒപി ബ്ലോക്കിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നത്.
എല്ലാവിധ സജീകരണങ്ങളുമുള്ള രണ്ടാം കെട്ടിടത്തിൽ കാഷ്വൽറ്റി ബ്ലോക്ക് കൂടി പൂർത്തിയായാൽ മാത്രമേ സ്ഥിര വൈദ്യുതി ബന്ധവും ജലവിതരണ സംവിധാനവും പൂർത്തിയാകൂ. എല്ലാവിധ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായതിനു ശേഷം മാത്രമേ അഗ്നിശമനസേനയുടെ എൻഒസിയും ലഭിക്കൂവെന്നാണ് വിവരം.
പച്ചപിടിക്കുമോ പച്ചടി സ്റ്റേഡിയം
ദ്രോണാചാര്യ കെ.പി.തോമസിന്റെ പേരിലുള്ള പച്ചടി ജില്ലാ ഇൻഡോർ സ്റ്റേഡിയം മാർച്ച് 3ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തെങ്കിലും ഫ്ലോറിങ് പണികൾ പൂർത്തിയാക്കിയിട്ടില്ല.
ഉദ്ഘാടനത്തിനു തൊട്ടു പിന്നാലെ ഇറക്കുമതി ചെയ്യുന്ന തടി ഉപയോഗിച്ചുള്ള ഫ്ലോർ നിർമാണം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇനിയും പൂർത്തിയാക്കിയിട്ടില്ല. കരാർ പ്രകാരമുള്ള നിർമാണ പൂർത്തീകരണ ദിനമായ ജൂൺ 30ന് മുൻപ് ഫ്ലോറിങ് പൂർത്തിയായേക്കും.
ഇതിനായി ഇറക്കുമതി ചെയ്യുന്ന തടി സംസ്ഥാനത്ത് എത്തിച്ചതായാണു അധികൃതർ പറയുന്നത്.
സ്റ്റാൻഡിൽ കയറിയത് ബസല്ല, കാടാണ്
നെടുങ്കണ്ടത്തെ കെഎസ്ആർടിസി ഡിപ്പോയുടെ ഉദ്ഘാടനം മാർച്ച് 14ന് എം.എം.മണി എംഎൽഎ നിർവഹിച്ചെങ്കിലും ബസ് സ്റ്റാൻഡ് അനാഥമായി കിടക്കുകയാണ്. ഡിപ്പോ ഗാരേജും പാർക്കിങ്ങ് ഗ്രൗണ്ടും ഉദ്ഘാടനം ചെയ്തെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ബസ് സ്റ്റാൻഡിനുള്ളിലെ കോൺക്രീറ്റിങ്ങ് പോലും പൂർത്തിയായിട്ടില്ല.
ഇതോടെ അനാഥമായി കിടക്കുന്ന ഓഫിസ് മുറിയും അനുബന്ധ സൗകര്യങ്ങളും കാടുകയറി നശിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് നിർമിച്ച ഗാരേജിന്റെ പരിസരം കാടുവെട്ടി തെളിക്കുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വഴി തെളിക്കുകയും ചെയ്തതും ശിലാഫലകം സ്ഥാപിച്ചതുമാണ് ഉദ്ഘാടനത്തിനായി ചെയ്ത പ്രവൃത്തികൾ.
പദ്ധതിയുടെ പേര് ‘ദാ വന്നു, ദേ പോയി’
വടക്കേപ്പുഴ ടൂറിസം പദ്ധതിയുടെ ഭാഗമായി എത്തിച്ച കയാക്കിങ്, കുട്ടവഞ്ചി സവാരി ഉദ്ഘാടനം നടത്തി 20-ാം ദിവസം അടച്ചുപൂട്ടി.
ഫെബ്രുവരി 13നാണ് ഇതിന്റെ ഉദ്ഘാടനം നടത്തിയത്. ടെൻഡർ പോലും വിളിക്കാതെ അടിമാലി സ്വദേശിക്ക് ഇവിടെ സാഹസിക ടൂറിസം പദ്ധതിക്ക് അനുമതി നൽകുകയായിരുന്നു.
ഉദ്ഘാടനത്തിന് 2 ദിവസം മുൻപ് വിളിച്ചുവരുത്തി ഇവരോട് വഞ്ചിയും കയാക്കിങ്ങും എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ടെൻഡർ നൽകാതെ അനുമതി നൽകിയതായി ആക്ഷേപം ഉയർന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഹൈഡൽ ടൂറിസം സെന്റർ ഇവരുടെ പ്രവർത്തനങ്ങൾ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇവിടെ നിന്ന് ഉപകരണങ്ങൾ തിരികെ കൊണ്ടുപോകുന്നതിനു കരാരുകാരൻ എത്തിയെങ്കിലും നാട്ടുകാർ തടഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഇവ ഇവിടെനിന്ന് അപ്രത്യക്ഷമായി.
‘പണിയാകുമോ’ പട്ടിശ്ശേരി ഡാം
കാന്തല്ലൂരിൽ 12 വർഷങ്ങളായി നിർമാണത്തിലിരിക്കുന്ന പട്ടിശേരി അണക്കെട്ട് ഉദ്ഘാടനം ചെയ്യുമ്പോൾ അതിൽ അത്യാവശ്യം വേണ്ടൊരു സാധനം ഇല്ല– വെള്ളം. നിർമാണം 95% മാത്രമാണു പൂർത്തിയായത്.
അപ്രോച്ച് റോഡ് നിർമാണം നടന്നിട്ടില്ല. തലച്ചോർ കടവിൽനിന്നു പട്ടിശേരി അണക്കെട്ട് വരെ ഏകദേശം രണ്ട് കിലോമീറ്റർ നീളത്തിൽ നിർമിക്കേണ്ട
കനാലിന്റെ നിർമാണം തുടങ്ങിയിട്ട് പോലുമില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ധൃതി പിടിച്ചുള്ള ഉദ്ഘാടനം രാഷ്ട്രീയ മുതലെടുപ്പാണെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.
മന്ത്രി റോഷി അഗസ്റ്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ പൊതുജന പങ്കാളിത്തം തീരെയില്ലായിരുന്നു. 2014ൽ ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് 26 കോടി രൂപ പദ്ധതിയിലാണു നിർമാണ പ്രവർത്തനം ആരംഭിച്ചത്.
ഘട്ടം ഘട്ടമായി നടന്ന നിർമാണത്തിനു വിവിധ ബജറ്റുകളിലായി ഇപ്പോൾ വരെ 60 കോടി 34 ലക്ഷം രൂപയിലാണു ചെലവെത്തി നിൽക്കുന്നത്.
ഇനി ഉദ്ഘാടനത്തിന് സമയം കളയണ്ടല്ലോ
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിർമാണം പൂർത്തിയാകാത്ത ഒട്ടേറെ പദ്ധതികളാണു ദേവികുളം, മൂന്നാർ മേഖലകളിൽ മന്ത്രിമാർ ഉദ്ഘാടനം ചെയ്തത്. മൂന്നാർ സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികൾക്കു കുറഞ്ഞ ചെലവിൽ താമസിക്കുന്നതിനായി പഴയ മൂന്നാർ ഡിപ്പോയിൽ നിർമാണം നടന്നു വരുന്ന ഡോർമിറ്ററി സംവിധാനം, ദേവികുളത്ത് അറ്റകുറ്റപ്പണികൾ പാതി നിലയിലെത്തിയ ‘യാത്രിനിവാസ്’ അതിഥിമന്ദിരം, ദേവികുളത്ത് പ്രഖ്യാപിച്ച മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയുടെ ശിലാസ്ഥാപനം എന്നിവയാണു മന്ത്രിമാർ തിരക്കിട്ട് ഉദ്ഘാടനം ചെയ്തത്.
എന്നാൽ ഇവയിൽ ഒന്നു പോലും പ്രവർത്തനമാരംഭിക്കുകയോ നിർമാണമാരംഭിക്കുകയോ ചെയ്തിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

