കോഴിക്കോട് ∙ കര മാത്രമല്ല, കടലും ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ, തീരമേഖല വറുതിയിലേക്ക്. ചൂടു കടുത്തതോടെ, അയലയും മത്തിയും അടക്കമുള്ള ചെറിയ, ഉപരിതല മീനുകൾ കടലിലെ ചൂടു കുറഞ്ഞ മേഖലകളിലേക്കു മാറിയതാണു തീരത്തു കടുത്ത പ്രതിസന്ധിക്കിടയാക്കിയത്.
ഒരു മാസമായി തീരദേശത്തെ ബോട്ടുകൾക്കു കാര്യമായി മീൻ കിട്ടാത്ത സ്ഥിതിയുണ്ട്. വലുതും ചെറുതുമായ ബോട്ടുകൾ മാത്രമല്ല, വള്ളങ്ങളും പ്രതിസന്ധി കാരണം കരയ്ക്ക് അടുപ്പിച്ചു.
450 ബോട്ടുകൾ മത്സ്യബന്ധനത്തിനു പോയിരുന്ന ബേപ്പൂർ ഹാർബറിൽ നിന്ന് ഇപ്പോൾ നൂറിൽ താഴെ ബോട്ടുകൾ മാത്രമാണ് പോകുന്നത്.
കൊയിലാണ്ടി, പുതിയാപ്പ, ചോമ്പാല തീരങ്ങളിലും സ്ഥിതി ഇതു തന്നെ. മത്സ്യബന്ധനം പ്രതിസന്ധിയിലായതോടെ, അനുബന്ധ മേഖലകളും തളർച്ചയിലാണ്.
വടകര ചോമ്പാൽ ഹാർബർ കേന്ദ്രീകരിച്ചുള്ള ചെറുതും വലുതുമായ പരമ്പരാഗത വള്ളങ്ങളിൽ പകുതിയും പതിവായി കടലിൽ പോകുന്നില്ല. നേരത്തേ 150 വള്ളങ്ങൾ വരെ പോയിരുന്നു.
ഈ സമയത്തു ലഭിക്കേണ്ട
മത്സ്യങ്ങളുടെ നാലിലൊന്നു പോലും നിലവിൽ കിട്ടുന്നില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇന്ധനച്ചെലവുപോലും തിരിച്ചു കിട്ടുന്നില്ല.
ചൂണ്ടപ്പണി ലക്ഷ്യമിട്ടു കുറഞ്ഞ ബോട്ടുകാർ മാത്രമാണു നിലവിൽ മീൻപിടിത്തത്തിനു പോകുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രമാണു പൊതുവേ പ്രതിസന്ധിയുണ്ടാകാറുള്ളത്.
ഇത്തവണ ഫെബ്രുവരിയിലും മാർച്ചിലും മീൻ കുറഞ്ഞു. ഞണ്ട്, നത്തൽ, വേളൂരി, ചോനാക്കുട്ടൻ, മുള്ളൻ തുടങ്ങിയ ഇനങ്ങളൊന്നും ഇപ്പോൾ കാണാറേയില്ലെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
കൊയിലാണ്ടിയുടെ തീരദേശം പട്ടിണിയിലാണ്. ബോട്ടുകൾ കടലിൽ പോയി വരുമ്പോഴേക്കും നഷ്ടം 1.50 ലക്ഷം രൂപയാണ്.
മീൻ കിട്ടാനില്ല. 150 ബോട്ടുകളുള്ള പുതിയാപ്പയിൽ, 50 ബോട്ടുകൾ പോലും കടലിൽ പോകുന്നില്ല.
മീൻപിടിത്തത്തിനു ചെലവു വർധിച്ചതും തീരമേഖലയ്ക്കു തിരിച്ചടിയായി.
ഇന്ധനം, ഭക്ഷണം, ഐസ്, വെള്ളം എന്നിവ ഉൾപ്പെടെ കടലിൽ പോകുന്ന വലിയ ബോട്ടിന് ദിവസം കുറഞ്ഞത് 50,000 രൂപ ചെലവു വരും. പണിയില്ലാതെ വന്നതോടെ അതിഥിത്തൊഴിലാളികൾ പലരും സ്വദേശത്തേക്കു മടങ്ങി.
ഹാർബറുകളിലെ തൊഴിലാളികൾ, ഐസ് വ്യാപാരികൾ, സ്റ്റാളുകളിലും വീടുകളിലും വിൽക്കുന്ന മത്സ്യക്കച്ചവടക്കാർ എന്നിവരും പ്രതിസന്ധിയിലാണ്. ഓട്ടോ തൊഴിലാളികൾ, തട്ടുകടക്കാർ, കയറ്റിറക്ക് തൊഴിലാളികൾ എന്നിവരെയും ബാധിച്ചിട്ടുണ്ട്.
അതേസമയം, ഹാർബറുകളിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യവരവ് കൂടി. ഇതിനു വില കൂടുതലാണ്.
ഇവ വിൽക്കുന്ന മീൻ ബൂത്തുകൾക്കു തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകുന്നുണ്ട്. അതേസമയം, വൻ തുക വാടക നൽകുന്ന മീൻ സ്റ്റാളുകൾ പ്രതിസന്ധിയിലാകുകയും ചെയ്തു
ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയാകും
കോഴിക്കോട് ∙ ജില്ലയിൽ 24 വരെ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയാകും.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ജില്ലയിൽ കനത്ത ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു സാധ്യതയുണ്ട്.
പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടതായി സിഎംഎഫ്ആർഐ ഉദ്യോഗസ്ഥർ
കടൽ വെള്ളത്തിനു ചൂടു കൂടുന്നതനുസരിച്ച് മീനുകൾ അടിത്തട്ടിലേക്കോ ചൂടു കുറഞ്ഞ മേഖലകളിലേക്കോ മാറുന്നുണ്ടാകാമെന്നും മത്സ്യമേഖലയിലെ പ്രതിസന്ധി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കേന്ദ്ര കടൽമത്സ്യ ഗവേഷണ കേന്ദ്രത്തിലെ (സിഎംഎഫ്ആർഐ) ഉദ്യോഗസ്ഥർ പറഞ്ഞു.കാലാവസ്ഥാ വ്യതിയാനം കാരണം കടലിലെ പ്ലവകങ്ങളിലുണ്ടാകുന്ന മാറ്റവും മീൻ ലഭ്യതയെ ബാധിച്ചിരിക്കാം. അയലയുടെയും മത്തിയുടെയുമൊക്കെ ഭക്ഷണമായ പ്ലവകങ്ങൾക്കു പകരം, മറ്റു പ്ലവകങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കടലിൽ കൂടുതലുണ്ടായേക്കാം.
ശക്തിയേറിയ വിളക്കുകൾ ഉപയോഗിച്ചുള്ള അനധികൃത മീൻപിടിത്തം തീരങ്ങളിൽ നടക്കുന്നുണ്ടെന്നും ഇതു കേരള തീരത്തെ മത്സ്യപ്രതിസന്ധി രൂക്ഷമാക്കുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

