തലസ്ഥാന നഗരത്തിന് ആവശ്യമുള്ള വെള്ളം അണ കെട്ടി നിർത്തിയിരിക്കുന്നത് അരുവിക്കര ഡാമിലാണ്. കടുത്തമത്സരം നടന്ന അരുവിക്കര മണ്ഡലത്തിൽ ആരു ജയിച്ചാലും അവരുടെ പാർട്ടിക്ക് അതു ജീവജലമാകും.
മണ്ഡല പുനർനിർണയത്തിനുശേഷം അരുവിക്കര ഇപ്പോൾ കുത്തക മണ്ഡലമല്ല. നേമം (3,949 വോട്ട്) കഴിഞ്ഞാൽ 2021ലെ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ലഭിച്ച (5,046 വോട്ട്) മണ്ഡലമാണ്.
എന്നാൽ 21,314 വോട്ടിനു 2016ൽ യുഡിഎഫ് ജയിച്ച മണ്ഡലമാണു കഴിഞ്ഞതവണ എൽഡിഎഫ് പിടിച്ചെടുത്തത്. മണ്ഡലത്തിലെ ഈ സാധ്യതയാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രതീക്ഷ.
എന്നാൽ ഭരണമുള്ള കോർപറേഷനോടു ചേർന്നു കിടക്കുന്ന മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെക്കാൾ ഇരട്ടി വോട്ടുകൾ പിടിക്കാമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ.ആകെ വോട്ടർമാരുടെ എണ്ണത്തിൽ 11,000ത്തിലധികം പേരുടെ കുറവുണ്ടായെങ്കിലും 2021ൽ പോൾ ചെയ്ത വോട്ടിനെക്കാൾ 654 വോട്ടിന്റെ പോളിങ് കുറവു മാത്രമേ അരുവിക്കരയിലുള്ളൂ. ഏകദേശം 2021ലെ അതേ അളവിൽ തന്നെ വോട്ടു വീണെന്നു ചുരുക്കം.
കുറഞ്ഞ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ ബിജെപി അധികം വോട്ട് പിടിച്ചാലും, പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ കുറഞ്ഞാലും മറ്റു രണ്ടു മുന്നണികളുടെയും സാധ്യതകളെ ബാധിക്കും.
അരുവിക്കരയിൽ യുഡിഎഫും ബിജെപിയുമായി ധാരണയുണ്ടെന്ന ആരോപണമുന്നയിച്ചു സിപിഎം നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. മൂന്നു മുന്നണികളുടെയും വോട്ട് കൃത്യമായി പെട്ടിയിൽ വീണാൽ എൽഡിഎഫിനു വിജയമുണ്ടാകുമെന്ന്, വോട്ടെടുപ്പിനുശേഷം ജി.സ്റ്റീഫൻ എംഎൽഎ പറയുന്നതിന്റെ അർഥവും മറ്റൊന്നല്ല.
ജയിച്ചാൽ ഭൂരിപക്ഷം എത്രയെന്നു പറയാൻ തയാറല്ലാത്ത അദ്ദേഹം അക്കാര്യം വോട്ടർമാർക്കു വിട്ടിരിക്കുകയാണ്. സർക്കാരിന്റെ വികസന–ക്ഷേമ മുഖവും മണ്ഡലത്തിൽ എംഎൽഎ എന്ന നിലയ്ക്കു നടത്തിയ പ്രവർത്തനവും ജനങ്ങൾക്കു മനസ്സിലായിട്ടുണ്ടെന്നാണ് സ്റ്റീഫന്റെ ആത്മവിശ്വാസം.
തുടർച്ചയായി മത്സരിച്ചിരുന്ന തിരുവനന്തപുരം സീറ്റ് ഘടകകക്ഷി നേതാവിനു വിട്ടുകൊടുക്കേണ്ടിവന്നതിനാൽ അരുവിക്കരയിലെത്തിയ വി.എസ്.ശിവകുമാറിന്റെ സ്വാധീനത്തിൽ തന്നെയാണു കോൺഗ്രസിന്റെ പ്രതീക്ഷ.
ജില്ലയിൽ വർഷങ്ങളായി സംഘടനാ, പാർലമെന്ററി രംഗത്തുള്ള ശിവകുമാറിന്റെ നേതൃത്വത്തിൽ കൃത്യമായ തിരഞ്ഞെടുപ്പു സംഘാടനം മണ്ഡലത്തിൽ നടത്തിയിരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപേ യുഡിഎഫ് വിജയസാധ്യത കൽപിച്ച മണ്ഡലമെന്ന പ്രത്യേകതയും അരുവിക്കരയ്ക്കുണ്ട്.
എല്ലാ ഡീൽ ആരോപണങ്ങളെയും തള്ളുന്ന ശിവകുമാർ, എല്ലാ വിഭാഗങ്ങളുടെയും വോട്ട് ലഭിക്കുമെന്നും മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചുവരുമെന്ന പ്രതീക്ഷയുമാണ് വോട്ടെടുപ്പിനുശേഷം പങ്കുവയ്ക്കുന്നത്.
സിനിമാ താരങ്ങൾ സ്ഥാനാർഥിയാകുമ്പോൾ ബിജെപിക്കു മണ്ഡലത്തിൽ ഒരുണർവുണ്ടെന്നതാണു ചരിത്രം. 2016ൽ സംവിധായകൻ രാജസേനൻ മത്സരിച്ചപ്പോൾ നേടിയ 14.2% വോട്ട്, 2021ൽ പാർട്ടി നേതാവ് സി.ശിവൻകുട്ടി(10.6%)ക്കു നേടാനായിരുന്നില്ല.
ഇത്തവണ നടൻ വിവേക് ഗോപനെ ഇറക്കിയ ബിജെപി വോട്ട് വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. യുഡിഎഫുമായി ബിജെപിക്കു ധാരണയുണ്ടെന്ന ആരോപണം വിവേക് ഗോപൻ തള്ളുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനിൽ ബിജെപിയുണ്ടാക്കിയ മുന്നേറ്റത്തിന്റെ പ്രതിഫലനം അരുവിക്കരയിലുമുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണു വിവേക് ഗോപൻ.
തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതല വഹിച്ചവരുടെ പ്രതീക്ഷ
കുറഞ്ഞ സമയമാണു ലഭിച്ചതെങ്കിലും മണ്ഡലത്തിലെ മുഴുവൻ മേഖലയിലും സംഘടനാ സംവിധാനം ഉപയോഗിച്ചു ചിട്ടയായ തിരഞ്ഞെടുപ്പു പ്രവർത്തനം നടത്തിയിട്ടുണ്ട്. പ്രചാരണത്തിലും വലിയ മേൽക്കൈ നേടിയിരുന്നു.
എം.വി.രഞ്ജിത്ത് (ബിജെപി നിയോജക മണ്ഡലം ഇൻ ചാർജ്)
അരുവിക്കരയിൽ യുഡിഎഫ് ജയിച്ചപ്പോഴെല്ലാം വലിയ ഭൂരിപക്ഷം നേടിയിട്ടുണ്ട്.
ഇത്തവണ 6,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചുപിടിക്കും. മണ്ഡലത്തിൽ എംഎൽഎ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പായില്ലെന്നതു ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.
എൻ.ജയമോഹൻ, (യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ്)
തിളക്കമാർന്ന ജയം എൽഡിഎഫിനുണ്ടാകും.
കഴിഞ്ഞ 5 വർഷത്തിനിടെ 1,200 കോടിയുടെ വികസനപദ്ധതികളെത്തിച്ചു. 30 വർഷമായി മണ്ഡലത്തിന് അന്യമായിരുന്ന വികസനം അനുഭവിച്ച വോട്ടർമാർ എൽഡിഎഫിനെ എങ്ങനെ കൈവിടും?
കെ.എസ്.സുനിൽകുമാർ, (സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

