കോട്ടയം ∙ ആ കുഞ്ഞിന്റെ ചിരി കണ്ട് അവരും കുഞ്ഞുങ്ങളെപ്പോലെ പൊട്ടിച്ചിരിച്ചു. പ്രത്യേക പരിചരണം ആവശ്യമുള്ള ആ കുഞ്ഞിനെ മഹാരാഷ്ട്രയിൽനിന്നുള്ള ദമ്പതികൾ ലാളിക്കുന്നത് കണ്ടവരിലും മനസ്സ് നിറഞ്ഞു.
കുഞ്ഞിനെ സ്വീകരിക്കാൻ വേണ്ടി അവർ മലയാളം പഠിച്ചിട്ടാണ് എത്തിയതും. തങ്ങൾക്ക് ഒരു കുഞ്ഞു ജനിച്ചാൽ അതു പ്രത്യേക പരിചരണം വേണ്ടതാണെങ്കിൽ അതിനെ വളർത്തിയല്ലേ പറ്റൂ.
അതുകൊണ്ട് ഈ കുഞ്ഞു മതിയെന്നായിരുന്നു ദമ്പതികളുടെ തീരുമാനം.
കലക്ടർ ചേതൻ കുമാർ മീണയുടെ ഓഫിസിലെത്തിയ ദമ്പതികൾ 10 മാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്തു. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള 2 ദമ്പതികൾക്കു കൂടി ഇന്നലെ 5 മാസം പ്രായമുള്ള കുഞ്ഞുങ്ങളെ ലഭിച്ചു.
ജില്ലയിൽ ഒന്നര വർഷത്തിനിടെ ഉപേക്ഷിക്കപ്പെട്ട 4 കുഞ്ഞുങ്ങളാണ് ഇതുപോലെ സനാഥരായത്.
ജില്ലാ ശിശുസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിൽ തോട്ടക്കാട് ഇൻഫന്റ് ജീസസ് ശിശുഭവനിൽ കഴിഞ്ഞ 4 കുഞ്ഞുങ്ങളെയാണ് കേന്ദ്ര സർക്കാരിന്റെ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി മുഖേന മക്കളില്ലാത്ത ദമ്പതിമാർക്കു കൈമാറിയത്.
ഒന്നര വയസ്സുള്ള ഒരു കുഞ്ഞിനെക്കൂടി യുഎസിലുള്ള ദമ്പതികൾ ഏറ്റെടുക്കും.
ഇതിനായുള്ള നടപടികൾ തുടങ്ങി. ജില്ലയിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ സർക്കാരിന്റെ അനുമതിയുള്ളത് തോട്ടയ്ക്കാടുള്ള ഇൻഫന്റ് ജീസസ് ശിശുഭവനാണ്.
ശിശുഭവനിലെ കന്യാസ്ത്രീകൾ നെഞ്ചോടു ചേർത്ത് വളർത്തിയ കുഞ്ഞുങ്ങൾ പുതിയ കൈകളിലേക്ക് എത്തിയപ്പോൾ സന്തോഷത്തോടൊപ്പം നേരിയ നീറ്റലും.
ദത്തെടുത്താലും 2 വർഷം സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ നിരീക്ഷണത്തിലായിരിക്കും ഈ കുട്ടികൾ. 2 വർഷമായിട്ടും കുട്ടികളില്ലാത്ത ദമ്പതിമാർക്ക് സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി മുഖേന കുട്ടികളെ ദത്തെടുക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

