പുൽപള്ളി ∙ വേനലിൽ വറ്റുന്ന കബനിപ്പുഴയിൽ അപകടങ്ങൾ പതിവായതിനാൽ സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് നിർദേശം. മനുഷ്യജീവനെടുക്കുന്ന കയങ്ങളും ചെളിക്കെട്ടുകളും പുഴ നിറയെയുണ്ട്.
പാറകളിലൂടെ നടക്കുന്നവർ വഴുതി കയങ്ങളിൽപെടുന്ന പതിവുമുണ്ട്. പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള ഭാഗത്ത് മീൻപിടിക്കാനും ഫോട്ടോഷൂട്ടിനുമായി നിരവധിയാളുകളെത്തുന്നുണ്ട്.
കൊച്ചുകുട്ടികളും സ്ത്രീകളുമെല്ലാം സഞ്ചാരികളുടെ കൂട്ടത്തിലുണ്ട്. പുഴയിൽ ആഴം കുറഞ്ഞ ഭാഗത്തേക്ക് കുട്ടികളെ വിടരുതെന്നും തൊട്ടടുത്തുതന്നെ കയങ്ങളും കെട്ടിക്കിടക്കുന്ന ചെളിയുമുണ്ടാകാമെന്നും നാട്ടുകാർ പറയുന്നു.
പുഴയിലെ പാറക്കെട്ടുകളിലൂടെ മറുകരയിലേക്കു പോകുന്നവരും നിരവധിയാണ്.
ലഹരി വസ്തുക്കൾക്കായി തോണിക്കൂലി ലാഭിക്കാൻ പാറകളിലൂടെ നീങ്ങുന്നവരുമുണ്ട്. ഇതും അപകടകരമാണ്.
ഇരുട്ടിയശേഷമാണ് പലരും മടങ്ങുന്നത്. പുഴയിലെ വെള്ളമപ്പാടെ ദിവസങ്ങൾക്കുള്ളിലാണ് ഒഴുകിത്തീർന്നത്.
അടിത്തട്ടിലെ ചെളിയും പാറക്കെട്ടുകളിലെ പായലും ഉറയ്ക്കുകയോ, ഉണങ്ങുകയോ ചെയ്തിട്ടില്ല. ചൂടിൽ നിന്ന് ആശ്വാസം തേടി പുഴയിൽ കുളിക്കാനെത്തുന്നവരും വസ്ത്രമലക്കാനെത്തുന്നവരുമുണ്ട്.
പുഴയിൽ അപകടം പതിയിരിക്കുന്നതറിയാതെ എത്തുന്നവരെ നാട്ടുകാർ വിലക്കുന്നുണ്ട്.
എന്നാൽ കാര്യങ്ങൾ പറഞ്ഞ് മടക്കി വിടുന്നവർ അടുത്ത കടവിലിറങ്ങുന്നു. ഒഴുക്ക് മുറിഞ്ഞു വെള്ളംകെട്ടിനിൽക്കുന്ന ഭാഗത്ത് മീൻപിടിക്കാൻ ചെറുപ്പക്കാരും എത്തുന്നുണ്ട്.
വെള്ളമില്ലാത്ത പുഴയിലിറങ്ങുന്നതാണ് ഇവിടെ ഭീഷണി. എല്ലാവർഷവും പുഴയിൽ രണ്ടോ മൂന്നോ പേർ അപകടത്തിൽ പെട്ടു മരിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
പുഴക്കരയിൽ ജാഗ്രതാ ബോർഡുകൾ സ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

