പുൽപള്ളി ∙ കാവേരിയുടെ കൈവഴിയായ കബനിനദി വറ്റിയതോടെ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കുടിവെള്ളം മുട്ടുമെന്ന ആശങ്ക. കബനിയിൽ കർണാടക സർക്കാർ നിർമിച്ച ബീച്ചനഹള്ളി അണക്കെട്ടിൽ സംഭരിച്ചിരുന്ന വെള്ളമപ്പാടെ കൃഷി, കുടിവെള്ള ആവശ്യത്തിനു കർണാടക തുറന്നുവിട്ടതോടെയാണ് നദി പെട്ടെന്നു വറ്റിയത്.
അണക്കെട്ടിന്റെ റിസർവോയർ സംസ്ഥാനാതിർത്തിയായ ബാവലി വരെയുണ്ട്. മഴക്കാലത്ത് പരമാവധി വെള്ളം സംഭരിച്ചുനിർത്തിയിരുന്നു.
കർണാടകയിലും വരൾച്ച രൂക്ഷമായി ജലക്ഷാമം വർധിച്ചതോടെയാണ് അതിലെ വെള്ളമൂറ്റിയത്. എച്ച്.ഡി.കോട്ട, ഗുണ്ടൽപെട്ട്, ചാമരാജ്നഗർ ഭാഗത്തെ കൃഷിയാവശ്യത്തിനും കുടിവെള്ള സ്ത്രോതസ്സുകളിലേക്കുമാണ് കൂടിയ അളവിൽ വെള്ളം കൊണ്ടുപോകുന്നത്.
മുള്ളൻകൊല്ലി പഞ്ചായത്ത് അതിർത്തിയായ കൊളവള്ളി മുതൽ പുഴയാകെ വരണ്ടു.
പാറക്കെട്ടുകൾ മാത്രമാണ് കാണാനുള്ളത്. ആളുകൾക്ക് പുഴ നടന്നുകയറാനാവും.
പുഴയോരത്തെ പല പദ്ധതികളുടെയും പ്രവർത്തനം മുടങ്ങി. ജലനിരപ്പ് താഴുന്നതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പും വേഗത്തിൽ താഴുന്നു.
ഈ സ്ഥിതി തുടരുകയും മഴ വൈകുകയും ചെയ്താൽ നാട് കടുത്ത പ്രതിസന്ധികളെ നേരിടേണ്ടിവരും.എല്ലാത്തരം കൃഷികളും വാടിയുണങ്ങുന്നു. കബനിവരണ്ടാൽ നാടാകെ വരളുമെന്നതാണ് അനുഭവം.
അമ്പത് വയൽ പദ്ധതി: പമ്പിങ് നിർത്തി
കബനിയിലെ കൊളവള്ളിയിൽ നിന്നു വെള്ളമെടുത്ത് ജലസേചനം നടത്തുന്ന അമ്പത് വയൽ പദ്ധതിയുടെ പമ്പിങ് നിലച്ചു.
ഈ വെള്ളമുപയോഗിച്ച് പുഞ്ചക്കൃഷി നടത്തിയവരും കരക്കൃഷി നടത്തുന്നവരും പ്രയാസത്തിലായി. കഴിഞ്ഞ വർഷമാണ് അമ്പത് വയൽ പദ്ധതി പ്രവർത്തനം തുടങ്ങിയത്.
കഴിഞ്ഞവർഷം ഇത്തരം പ്രതിസന്ധിയില്ലായിരുന്നു.ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പുഴയുടെ നടുവിൽനിന്നു ചാലെടുത്ത് പമ്പിങ് സ്ഥലത്തേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതി തയാറാക്കണമെന്ന് അഭിപ്രായപ്പെട്ടു.അതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുമ്പോഴേക്കും കൃഷിയെല്ലാം കരിഞ്ഞുണങ്ങുമെന്ന് കർഷകർ പറയുന്നു. വേഗത്തിൽ ചാലെടുത്താൽ ജലസേചനം തടസ്സമില്ലാതെ നടത്താനാവുമെന്നും കർഷകർ ചൂണ്ടിക്കാട്ടി.
കബനിയിൽ വേണം തടയണകൾ
കബനിപ്പുഴയിലെ വെള്ളമപ്പാടെ പാഴാകാതെ പുഴയിൽ പലേടത്തായി കോൺക്രീറ്റ് തടയണ നിർമിക്കണമെന്ന ആവശ്യം ശക്തമായി.
ഒരു മീറ്റർമാത്രം ഉയരത്തിൽ ക്രോസ്ബാർ നിർമിച്ചാൽ പുഴ കാലിയാകുന്ന അവസ്ഥയൊഴിവാക്കാനാവും. കുറെക്കാലമായി താൽക്കാലിക തടയണകൾ നിർമിച്ചാണ് കുടിവെള്ളം ഉറപ്പാക്കുന്നത്.
തടയണയുണ്ടായാൽ വർഷാവർഷം പുഴയ്ക്ക് ആഴമേറുന്നതും തടയാനാവും. പെരിക്കല്ലൂർ, മരക്കടവ്, കൊളവള്ളി എന്നിവിടങ്ങളിൽ തടയണ നിർമിച്ചാൽ പുഴയിലെ ജലനിരപ്പും സമീപ പ്രദേശങ്ങളിലെ ഭൂജലനിരപ്പും നിലനിർത്താനാവും.
നിയമപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ പദ്ധതികൾ പ്രാവർത്തികമാക്കാത്തത്. കബനിയിൽ കൂടൽകടവിലും വള്ളിയൂർകാവിലും ഇത്തരം ക്രോസ്ബാറുകൾ നിർമിച്ചതിനാൽ ഈ ഭാഗങ്ങൾ വരൾച്ചയിൽനിന്നു രക്ഷപ്പെട്ടു.
പുഴയുടെ മറുകരയായ ബൈരക്കുപ്പ പഞ്ചായത്തിലും ജലസേചനവും കുടിവെള്ളവിതരണവും ഉറപ്പാക്കാനാവും.തദ്ദേശ സ്ഥാപനങ്ങളോ ജില്ലാഭരണകൂടമോ ഇടപെട്ട് ഇക്കാര്യത്തിൽ യോജിപ്പുണ്ടാക്കിയാൽ തടസ്സങ്ങൾ നീക്കാനാവും.
കുടിവെള്ള വിതരണത്തിന് രാപകൽ പമ്പിങ്, പ്രതിസന്ധിയേറുന്നുവെന്ന് അധികൃതർ
പുൽപള്ളി ∙ മേഖലയിൽ കുടിവെള്ള വിതരണം ഉറപ്പാക്കാൻ കബനി ശുദ്ധജല വിതരണ പദ്ധതിയിൽ രാപകൽ പമ്പിങ് നടത്തിയിട്ടും പൂർണതോതിൽ ജലവിതരണം നടത്താനാവാതെ അധികൃതർ. കബനിയിൽ ജലനിരപ്പ് കാര്യമായി താഴ്ന്നതോടെ പ്രതിസന്ധി രൂക്ഷമാകുന്നു.2 മോട്ടറുകൾ ഉപയോഗിച്ച് മുഴുവൻ സമയവും പമ്പിങ് നടത്തിയാണിപ്പോൾ ജലവിതരണം സാധ്യമാക്കുന്നത്.
പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ 7,000 ൽപരം ഉപഭോക്താക്കൾക്കായി പ്രതിദിനം 50 ലക്ഷം ലീറ്റർ വെള്ളമാണ് വേണ്ടിവരുന്നത്. കഴിഞ്ഞ ദിവസം പുഴയിലെ ജലനിരപ്പ് പെട്ടെന്നു താഴ്ന്നതോടെ പ്രതിസന്ധിയുണ്ടായി.
ജലവിതരണം സാധ്യമാക്കാൻ പുഴയിൽ തടയണ നിർമിക്കേണ്ടി വരുമെന്ന് ജല അതോറിറ്റി പഞ്ചായത്തിനു കത്ത് നൽകി.
കാരാപ്പുഴ അണക്കെട്ടിൽനിന്നു വെള്ളം കൊണ്ടുവന്നാണ് 2024ൽ പമ്പിങ് നടത്താനായത്. കഴിഞ്ഞ വർഷം റിസർവോയറിൽ വെള്ളമുണ്ടായിരുന്നതിനാൽ ജലക്ഷാമമുണ്ടായില്ല.കനാലുകളുടെ അറ്റകുറ്റപ്പണികൾ മൂലം കഴിഞ്ഞവർഷം കൃഷിക്ക് വെള്ളം തുറന്നുവിട്ടിരുന്നില്ല.
ഇക്കൊല്ലം നേരത്തെ മുതൽ അണക്കെട്ടിൽ നിന്നു വെള്ളമെടുത്തതാണ് പ്രതിസന്ധിക്കു കാരണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരാഴ്ചപോലും പമ്പിങ് നടത്താനുള്ള വെള്ളമില്ലെന്ന് അധികൃതർ പറയുന്നു.
പുഴയുടെ അടിത്തട്ടിലെ പാറക്കൂട്ടങ്ങൾ തെളിഞ്ഞു.വേനൽ അതിശക്തമായതോടെ നാട്ടിൽ ജല ഉപയോഗവും കാര്യമായി വർധിച്ചു.
നോക്കുകുത്തിയായി 58 കോടിയുടെ പദ്ധതി
മുള്ളൻകൊല്ലി പഞ്ചായത്തിൽ സമഗ്ര കുടിവെള്ള വിതരണത്തിനു വിഭാവനം ചെയ്ത ജലജീവൻ മിഷൻ പദ്ധതി യാഥാർഥ്യമായില്ല. 58 കോടി ചെലവിലാണ് പുതിയ പദ്ധതി നിർമിക്കുന്നത്.
മരക്കടവിനടുത്ത് മഞ്ഞാടിക്കടവിൽ പമ്പ് ഹൗസ്, പാടിച്ചിറ കുന്നിൽ വൻ സംഭരണി, നാടൊട്ടുക്കും പൈപ്പ് ലൈൻ എന്നിവയുടെ പ്രവൃത്തികൾ പൂർത്തിയായിട്ടു വർഷമൊന്നായി.ഇനി കുറച്ചു പണികൾ മാത്രമേ തീരാനുള്ളൂ. ജലജീവൻ മിഷൻ നൽകേണ്ട
പണം കരാറുകാർക്ക് ലഭിച്ചിട്ടില്ല. ഫണ്ടിന്റെ അപര്യാപ്തതയാണ് പദ്ധതി പൂർത്തീകരണത്തിനു തടസ്സമായത്.
മോട്ടറും കറന്റുമെല്ലാമുണ്ടെങ്കിലും കമ്മിഷൻ ചെയ്യാൻ വൈകുന്നു.ഒരിക്കലും വെള്ളം വറ്റാത്ത സ്ഥലത്താണ് വലിയ പമ്പ്ഹൗസ് നിർമിച്ചത്. വേനൽ ശക്തമാകും മുൻപ് പദ്ധതി കമ്മിഷൻ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മുള്ളൻകൊല്ലി പഞ്ചായത്തിനുവേണ്ടിമാത്രം വിഭാവനം ചെയ്ത പദ്ധതിയാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

