കൊല്ലം ∙ വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ബോധവൽക്കരണത്തിലൂടെയും മറ്റും കുറഞ്ഞിട്ടുണ്ടെങ്കിലും ഇടയ്ക്കിടെയുണ്ടാകുന്ന പരാതികൾ കൊല്ലം ജില്ലയിലെ സൈബർ സെല്ലിനെ ആശങ്കപ്പെടുത്തുന്നു.
കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയതിനു പിന്നാലെ വായ്പ ആപ്പിന് എതിരെ കേസ് എടുക്കുന്ന സാഹചര്യമുണ്ടായി. വായ്പ എടുക്കുന്നവരുടെ ജീവനെടുക്കുന്ന തലത്തിലേക്ക് ഇത്തരം ആപ്പുകൾ മാറിയെന്നതാണു ഗൗരവതരം.
രേഖകളൊന്നും ഇല്ലാതെ തന്നെ മിനിറ്റുകൾക്കുള്ളിൽ വായ്പ ലഭിക്കുമെന്ന സൗകര്യമാണു യുവാക്കൾ ഉൾപ്പെടെയുള്ള പുതിയ തലമുറ ഇടപാടുകാരെ ഇത്തരം ഇടങ്ങളിലേക്ക് എത്തിക്കുന്നത്. നമ്മുടെ ഫോണിലെ കോൺടാക്റ്റുകൾ, ഗാലറിയിലെ ചിത്രങ്ങൾ എന്നിവ ആക്സസ് ചെയ്യാനുള്ള അനുമതി മാത്രം മതിയെന്നു പറഞ്ഞാണു കൂടുതൽ ആപ്പുകളും തട്ടിപ്പിനു വല വിരിക്കുന്നത്.
വായ്പ അടവു മുടങ്ങിയാൽ ഇതേ കോൺടാക്റ്റുകൾ, ഗാലറിയിലെ ചിത്രങ്ങൾ എന്നിവ ഉപയോഗിച്ചാണു തിരിച്ചടവിനായി ഭീഷണിപ്പെടുത്തുന്നത്.
പല വായ്പ ആപ്പുകളിലും ഒരു ദിവസത്തെ പലിശ നിരക്കാണു കാണിക്കുന്നത്. ഇത് വളരെ തുച്ഛം ആയി തോന്നുമെങ്കിലും അതു വാർഷിക നിരക്കിലേക്കു മാറ്റുമ്പോൾ എടുത്ത തുകയുടെ ഇരട്ടിയോ അതിൽ അധികമോ തിരിച്ച് അടയ്ക്കേണ്ടി വരുമെന്നതാണു വാസ്തവം.
അടവു മുടങ്ങിയാൽ വായ്പ ആപ്പുകളുടെ പ്രതിനിധികൾ ആദ്യം ഫോണിലേക്കു വിളിച്ച് ഭീഷണിപ്പെടുത്തും. തുടർന്ന് ഫോണിലെ കോൺടാക്റ്റുകളിൽ പലതിലും ബന്ധപ്പെട്ടു ഭീഷണി മുഴക്കും.
അതിനു ശേഷം ഫോണിലെ ഗാലറിയിലെ ഫോട്ടോകൾ എടുത്തു മോർഫ് ചെയ്ത് (രൂപമാറ്റം വരുത്തി) എല്ലാവർക്കും അയച്ചുകൊടുക്കും എന്ന ഭീഷണി എത്തും.
ചെറിയ തുക മുതൽ ലക്ഷങ്ങൾ വരെ വായ്പയായി ലഭിക്കും. പണത്തിന് അത്യാവശ്യമുള്ളവർ പലരും ഈ വലയിൽ വീണു പോകുകയും ചെയ്യും.
കൊള്ളപ്പലിശ ഈടാക്കുമെങ്കിലും സ്നേഹത്തോടെ സംസാരിക്കുന്ന ഇവർ ആദ്യമൊക്കെ വലിയ സഹായം ചെയ്യുന്നു എന്ന തോന്നൽ ഉണ്ടാക്കും. എന്നാൽ, ഏതെങ്കിലും സാഹചര്യത്തിൽ തിരിച്ചടവു മുടങ്ങിയാൽ ഉടൻ തന്നെ ഭീഷണി സ്വരം പുറത്തെടുക്കുകയും ചെയ്യും.
ആപ്പുകളിലൂടെ വായ്പ നൽകുന്നത് അനധികൃതം എന്നു റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ആപ്പുകളെ സംബന്ധിച്ചു പരാതി ലഭിക്കുമ്പോൾ തന്നെ അവയെ ഫോണുകളുടെ പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവയിൽ നിന്ന് ഒഴിവാക്കുമെന്ന് ജില്ലയിലെ സൈബർ സെൽ ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, മറ്റൊരു പേരിൽ ഇവർ വീണ്ടും അവതരിക്കുന്ന അപകടസാധ്യത നിലനിൽക്കുന്നുണ്ട്.
ഭീഷണിയും കേസ് ആക്കാം
വായ്പ ആപ്പുകളിലെ ഭീഷണി ഉൾപ്പെടെയുള്ള പരാതികളിൽ ഭാരതീയ ന്യായ സംഹിതയ്ക്കു (ബിഎൻഎസ്) കീഴിലെ 318 (തട്ടിപ്പ്), 319 (വ്യാജ രേഖ ഉപയോഗിച്ചു തട്ടിപ്പ്), 351 (ഭീഷണി, അസഭ്യം പറയൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസെടുക്കുക. ആപ്പുകളുടെ പ്രതിനിധികൾ വധഭീഷണി മുഴക്കിയാലും നാണക്കേട് ഭയന്നു മിക്കവരും പരാതിപ്പെടാൻ മുതിരുന്നില്ലെന്നാണു സൈബർ സെൽ ഉദ്യോഗസ്ഥർ പറയുന്നത്.
വിളിക്കാം 1930
വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ സൈബർ ക്രൈം സെല്ലിന്റെ ടോൾ ഫ്രീ നമ്പറായ 1930ൽ വിളിക്കാം.
കൂടാതെ, www.cybercrime.gov.in എന്ന പോർട്ടലിലും പരാതികൾ റജിസ്റ്റർ ചെയ്യാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

