കോട്ടയം ∙ പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധവും പാചകവാതക ക്ഷാമവും ചേർന്ന് ജില്ലയിലെ ടൂറിസം, റസ്റ്ററന്റ് മേഖലയെ വിഷുക്കാലത്ത് തള്ളിവിട്ടത് നിലയില്ലാക്കയത്തിലേക്ക്. പിടിച്ചുനിൽക്കാനാകാതെ പലരും സംരംഭം നിർത്തിയപ്പോൾ മറ്റു പലരും കനത്ത നഷ്ടം സഹിച്ചും തുടരുകയാണ്.
ഭക്ഷണശാലകൾക്ക് പ്രവർത്തിക്കുന്നതിന് ആവശ്യമായ പാചകവാതകം ഇപ്പോൾ ലഭിക്കുന്നില്ല. അതിനാൽത്തന്നെ കരിഞ്ചന്തയെ ആശ്രയിക്കുകയാണ് പലരും.
വാണിജ്യ സിലിണ്ടറിന് ഇപ്പോൾ തീവിലയാണ്. പച്ചക്കറി, മീൻ തുടങ്ങിയവയ്ക്കും വില കയറി.
ഭക്ഷണം കൊടുക്കാൻ വഴിയില്ലാത്തതിനാൽ ഹൗസ്ബോട്ടുകൾ അവധിക്കാല ട്രിപ്പുകൾ ഒഴിവാക്കിത്തുടങ്ങി. അടുത്ത ഒരു വർഷത്തേക്കുള്ള ഉപജീവനമാർഗം ടൂറിസം മേഖല പ്രധാനമായും കണ്ടെത്തുന്നത് ഈ അവധിക്കാലത്താണ്.
അതാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.
ഹോട്ടൽ മെനുവിൽ ‘കത്രിക’
പാചകവാതക ക്ഷാമം കാരണം ഭക്ഷണം കൊടുക്കാൻ വഴിയില്ലാത്തതിനാൽ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് കമ്പനികളും വിഷു സദ്യയിലടക്കം മെനു വെട്ടിക്കുറച്ചു. വിവാഹം അടക്കമുള്ള ആഘോഷങ്ങളിൽ പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കുന്നതിനും മടിച്ചു തുടങ്ങി.
ബുക്കിങ് സ്വീകരിക്കുന്നവരാകട്ടെ അതിലും മെനു വെട്ടിക്കുറച്ചു. മലയോര മേഖലയിലെ റസ്റ്ററന്റുകളിലും സമാന സ്ഥിതിയാണ്.
ഇലക്ട്രിക് ഇൻഡക്ഷൻ ഹീറ്റർ, വിറക്, ബയോഗ്യാസ് എന്നിവ ഉപയോഗിക്കാനുള്ള ശ്രമങ്ങൾ പലരും നടത്തുന്നുണ്ടെങ്കിലും വലിയ സദ്യയ്ക്കുള്ള അടുക്കളകൾ ഈ രീതിയിൽ മാറിയിട്ടില്ല.
തന്തൂർ അടുപ്പുകളും ഇലക്ട്രിക് അടുപ്പുകളും ആണ് ഇപ്പോൾ ഈ മേഖലയെ പിടിച്ചു നിർത്തുന്നത്. വിഷുവിന് വളരെ കുറച്ച് ഹോട്ടലുകൾ മാത്രമാണ് സദ്യ ഇത്തവണ നടത്തിയത്.
കുടുംബശ്രീ യൂണിറ്റുകളും ഇത്തവണ വിഷുസദ്യ ഒരുക്കുന്നതിൽനിന്ന് പാചകവാതക, തൊഴിലാളി ക്ഷാമം കാരണം അകന്നു.
സർക്കാർ ഉടൻ ഇടപെടണം
ഡിസംബർ, ജനുവരി, ഫെബ്രുവരി മാസത്തിലെ ഉപയോഗത്തിന്റെ ശരാശരി കണക്കാക്കി അതിന്റെ 62 ശതമാനം എന്ന തോതിലാണ് ഇപ്പോൾ പാചകവാതകം ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും കിട്ടുന്നത്. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ ഇടപെടലിലൂടെയാണ് അത്രയെങ്കിലും കിട്ടുന്നതെന്നും അവശ്യ സേവനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തി 100 ശതമാനവും അനുവദിക്കുന്നതിനായി സർക്കാർ ഇടപെടണമെന്നും സംസ്ഥാന സെക്രട്ടറി എൻ.പ്രതീഷ് പറഞ്ഞു.
കുമരകത്തെ പാചകവാതക ഏജൻസിയായ ഭരത് ഗ്യാസ് ഏജൻസി വ്യാവസായിക സിലിണ്ടറുകൾ നൽകുന്നതിൽ വിവേചനം കാട്ടുന്നതായി കാണിച്ചു ജില്ലാ സപ്ലൈ അധികൃതർക്കു ഹോട്ടലുടമ പരാതി നൽകി.
20 ദിവസത്തോളം പാചക വാതകം ഇല്ലാതെ ഹോട്ടൽ അടച്ചിട്ടതായും പിന്നീട് ചെറിയ രീതിയിൽ പ്രവർത്തിച്ചു തുടങ്ങിയ ഹോട്ടലിനു പാചകവാതകം നൽകുന്നില്ലെന്നും ദുബായ് ഹോട്ടൽ ഉടമ ജോസഫ് മാത്യു പറഞ്ഞു. എന്നാൽ മാനദണ്ഡം അനുസരിച്ചു ദുബായ് ഹോട്ടൽ ഉടമയ്ക്ക് പാചകവാതക സിലിണ്ടറുകൾ നൽകിയിരുന്നതായി ഗ്യാസ് ഏജൻസി ഉടമ അലക്സ് പറയുന്നു.
അടുക്കളയില്ലാതെ ഹൗസ്ബോട്ടുകൾ
‘കരിമീൻ പൊള്ളിച്ചതും ഊണും കഴിച്ച് കായലിൽ ഒരു യാത്ര’– കുമരകത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് മുൻപിൽ ഹൗസ്ബോട്ടുകൾ വച്ചിരുന്ന ആ പ്രധാന ആകർഷണം ഇപ്പോഴില്ല.
പാചകവാതകം കിട്ടാതായതോടെ യാത്ര മാത്രമാക്കി പലരും പ്ലാൻ ചുരുക്കി. മറ്റു ചിലരാകട്ടെ ബുക്കിങ് എടുക്കുന്നില്ല.
വിഷുവും അതിനോട് ചേർന്നുള്ള അവധിക്കാലവുമാണ് കുമരകം കേന്ദ്രീകരിച്ചുള്ള ഹൗസ്ബോട്ട് വ്യവസായത്തിന് നിർണായകം. സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല.
എന്നാൽ ഭക്ഷണം കൊടുക്കാനാകാതെ വരുന്നത് വിദേശ, ആഭ്യന്തര സഞ്ചാരികൾക്കിടയിൽ മോശം പ്രതിഛായ സൃഷ്ടിക്കുമോയെന്ന ആശങ്ക എല്ലാവർക്കുമുണ്ട്. അതിനാൽ ഏതുവിധേനയും സിലിണ്ടർ ഒപ്പിക്കാനുള്ള നെട്ടോട്ടമാണ്.
അതിഥിത്തൊഴിലാളി മടക്കം ഇരുട്ടടി
തിരഞ്ഞെടുപ്പിനും നാട്ടിലെ ആഘോഷങ്ങൾക്കുമായി മടങ്ങിയ അതിഥിത്തൊഴിലാളികളിൽ ഭൂരിപക്ഷവും തിരിച്ചു വരാത്തത് മേഖലയുടെ പ്രതിസന്ധിയുടെ ആഴം കൂട്ടി.
ഹോട്ടലുകൾ, ഹൗസ്ബോട്ടുകൾ എന്നിവയിലെ പ്രധാന പണിക്കാർ ഇവരാണ്. പ്രതീക്ഷിച്ച സമയത്ത് ഇവർ തിരിച്ചെത്താതായതോടെ നടത്തിപ്പുകാരും കുടുംബാംഗങ്ങളും പലയിടത്തും അടുക്കളയിൽ കയറി.
വിറകടുപ്പ് ഉപയോഗിച്ച് ശീലമില്ലാത്തതും ചൂടും പുകയും സഹിക്കേണ്ടി വരുന്നതും പിന്മാറ്റത്തിന് കാരണമായി ഹോട്ടലുടമകൾ പറയുന്നു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ജീവിതസാഹചര്യം മെച്ചപ്പെട്ടെന്നും തിരിച്ചു വരുന്നവരുടെ എണ്ണം കുറയുമെന്നും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പറയുന്നു.
ക്ഷാമത്തിന് പിന്നിൽ അനാവശ്യ നിയന്ത്രണം?
വ്യാവസായിക ആവശ്യത്തിനുള്ള പാചകവാതക ക്ഷാമം രൂക്ഷമാക്കുന്നതിന് പിന്നിൽ വിതരണ കമ്പനികളുടെ ഇടപെടലെന്ന ആരോപണവുമായി വിതരണ ഏജൻസികൾ.
കമ്പനികളിൽ നിന്ന് കിട്ടുന്ന സിലിണ്ടറുകൾ ഉപയോക്താക്കൾക്ക് നൽകുകയാണ് ഏജൻസികൾ ചെയ്യുന്നത്. മുൻപ് ബുക്കിൽ എഴുതുകയോ അല്ലെങ്കിൽ ഒടിപി വഴിയോ ആയിരുന്നു സിലിണ്ടർ ഡെലിവറി ഉറപ്പാക്കിയിരുന്നത്.
ഇപ്പോൾ അത് ഒടിപി വഴി മാത്രമാക്കി. സാങ്കേതിക കാരണങ്ങളാൽ ഒടിപി പലപ്പോഴും കിട്ടുന്നുമില്ല.
ഇത് ഏജൻസികളും ഉപയോക്താക്കളും തമ്മിലുള്ള തർക്കത്തിന് കാരണമാകുന്നുണ്ട്. ബുക്കിങ് പലപ്പോഴും പരാജയപ്പെടുന്നതും മസ്റ്ററിങ് നിർബന്ധമാക്കിയതും യുദ്ധ പശ്ചാത്തലത്തിൽ കമ്പനികൾ മുതലെടുക്കുകയാണെന്നാണ് ആരോപണം.
സോഡയ്ക്കും വില കൂടുന്നു
കോട്ടയം ∙ ‘ചൂടല്ലേ..
തണുക്കാൻ ഒരു സോഡ ആയാലോ!’ എന്നാണെങ്കിൽ, ഇനി ചെലവ് കൂടും. ഈ മാസം 20 മുതൽ സോഡയുടെ വില 10 രൂപയാക്കുന്നു.
ജില്ലയുടെ പലഭാഗങ്ങളിലും നിലവിൽ 10 രൂപ വ്യാപാരികൾ വാങ്ങുന്നുണ്ട്. ആ വില ജില്ലയിലൊന്നാകെ പ്രാബല്യത്തിൽ വരുത്താനാണ് സോഡ സോഫ്റ്റ് ഡ്രിങ്ക്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (എസ്എസ്പിഎ) ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
കുപ്പി, കോർക്ക്, ഗ്യാസ് തുടങ്ങിയവയുടെ വില വർധനയെ തുടർന്നാണ് സോഡയ്ക്കും വില കൂട്ടുന്നത്. എന്നാൽ ജീരക സോഡയടക്കമുള്ള മറ്റ് സോഡ ഇനങ്ങൾക്ക് വില കൂടില്ല.
ജില്ലാ പ്രസിഡന്റ് കെ.എസ്.മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോർജുകുട്ടി സിറിയക്, ഏറ്റുമാനൂർ താലൂക്ക് പ്രസിഡന്റ് എം.എൻ,രാജേന്ദ്രൻ, സെക്രട്ടറി ബിനു തോപ്പിൽ, കൊച്ചുമോൻ, ഷിജു, നിയാസ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

