യുഎസ് മുന്നോട്ടുവച്ച നിബന്ധനകൾക്ക് മുന്നിൽ ഇറാൻ വഴങ്ങുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേലും ലബനനും തമ്മിൽ 10-ദിവസത്തെ വെടിനിർത്തൽ ധാരണയായെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപ്, ഇറാനും ‘അടങ്ങുന്നു’വെന്ന് അഭിപ്രായപ്പെട്ടത്.
വാഷിങ്ടണിൽ നടന്ന ഇസ്രയേൽ, ലബനൻ പ്രതിനിധികളുടെ ചർച്ചയിലാണ് വെടിനിർത്തൽ ധാരണയായത്. ‘‘ഇരുകൂട്ടർക്കും സമാധാനം വേണം, അതുണ്ടാകുമെന്ന് ഞാനും കരുതുന്നു, ഉടൻതന്നെ’’ – ട്രംപ് പറഞ്ഞു.
‘‘ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ സമ്മതിച്ചു.
അക്കാര്യം അവർ ഉറപ്പിച്ചുപറഞ്ഞു. ആണവ ‘മാലിന്യം’ (നിർമാണ വസ്തുക്കൾ) യുഎസിന് കൈമാറാമെന്നും ഇറാൻ സമ്മതിച്ചു.
ഏറെ പോസിറ്റീവായ എന്തോ സംഭവിക്കാൻ പോകുന്നു’’ – ട്രംപ് വ്യക്തമാക്കി. ഇറാനുമായി ഡീൽ ഉടനുറപ്പിക്കുമെന്നും യുഎസ് മുന്നോട്ടുവച്ച ഒട്ടുമിക്ക നിർദേശങ്ങൾക്കും ഇറാൻ വഴങ്ങിയെന്നും പറഞ്ഞ ട്രംപ്, ഡീൽ ഇനിയും ലംഘിച്ചാൽ ഇറാനുമേൽ യുദ്ധം തുടരുമെന്നും മുന്നറിയിപ്പ് നൽകി.
ഡീൽ ഉടൻ; പാക്കിസ്ഥാനിലേക്ക് ട്രംപും
ഇസ്രയേൽ-ലബനൻ വെടിനിർത്തലിനൊപ്പം ഇറാനും യുഎസും തമ്മിലും സമാധാന ഡീൽ വരുന്നെന്ന പ്രതീക്ഷകളുടെ കരുത്തിൽ ഓഹരി വിപണികൾ നേട്ടത്തിലേറിത്തുടങ്ങി.
∙ യുഎസിൽ എസ് ആൻഡ് പി500 സൂചിക 0.26% ഉയർന്നു.
നാസ്ഡാക്കിന്റെ നേട്ടം 0.36%. ഇരു സൂചികകളുടെയും റെക്കോർഡ് ഉയരമാണിത്.
∙ തുടർച്ചയായ 12-ാം ദിവസമാണ് നാസ്ഡാക് പോസിറ്റീവ് ആകുന്നത്; 2009ന് ശേഷം ഈ നേട്ടം ആദ്യം.
∙ ഡൗ ജോൺസ് 0.24% നേട്ടമുണ്ടാക്കി. ∙ യുഎസ് ഫ്യൂച്ചേഴ്സ് വിപണി പക്ഷേ, ഏറക്കുറെ നിർജീവമായിരുന്നു.
ഡൗ ജോൺസ് 0.1% ഉയർന്നു.
യുഎസും ഇറാനും, ഇസ്രയേലും ലബനനും സമാധാന പാതയിലേക്ക് കടക്കുന്നുവെന്ന പ്രതീക്ഷകളാണ് ഓഹരി വിപണികൾക്ക് ഉണർവാകുന്നത്. ഇറാനുമായി പാക്കിസ്ഥാനിൽ നടക്കുന്ന ചർച്ച വിജയിച്ചാൽ ഡീൽ ഒപ്പുവയ്ക്കുന്നതിനായി താനും ഇസ്ലാമാദിലേക്ക് പോയേക്കുമെന്ന് ട്രംപ് പറഞ്ഞു.
ഹോർമുസ് എന്നിട്ടും മുൾമുനയിൽ
ഇറാനെ സമ്മർദത്തിലാക്കാൻ ഹോർമുസ് കടലിടുക്ക് ‘ബ്ലോക്ക്’ ചെയ്യുകയെന്ന യുഎസിന്റെ നടപടി 5-ാം ദിവസത്തിലേക്ക് കടന്നു.
ഇതിനകം വെറും 2 കപ്പലുകൾ മാത്രമാണ് ഹോർമുസ് കടന്നുപോയതെന്നും 14 കപ്പലുകളെ തടഞ്ഞെന്നും പെന്റഗൺ വ്യക്തമാക്കി.
∙ ഹോർമുസ് കടലിടുക്ക് കടന്നുപോയ ഏക വിദേശ കപ്പൽ ഇന്ത്യയുടേതാണ്. ‘റേസ്’ എന്ന കപ്പലാണ് ഇന്ത്യയിലേക്ക് നീങ്ങിയത്.
മറ്റൊന്ന് ‘നെഷാത്’ എന്ന ഇറാനിയൻ കപ്പലാണ്. ഇത് ഇറാൻ തുറമുഖത്തേക്കുമാണ് പോയത്.
∙ യുദ്ധത്തിന് മുൻപ് പ്രതിദിനം ശരാശരി 30ലേറെ കപ്പലുകൾ ഹോർമുസ് കടന്നിരുന്നു. ഇപ്പോൾ ഈ രാജ്യാന്തര വ്യാപാരപ്പാത ഏറക്കുറെ നിശ്ചലം.
തിരിച്ചടിച്ച് ഇറാൻ
ഹോർമുസ് കടലിടുക്ക് ബ്ലോക്ക് ചെയ്ത യുഎസിന് അതേനാണയത്തിൽ തിരിച്ചടി നൽകുമെന്ന് ഇതിനിടെ ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
പേർഷ്യൻ കടൽ, ഗൾഫ് ഓഫ് ഒമാൻ, ചെങ്കടൽ എന്നിവിടങ്ങളിലും കപ്പലുകളെ തടയുമെന്നാണ് ഇറാന്റെ ഭീഷണി.
ഗതിയറിയാതെ ക്രൂഡ് ഓയിൽ
ഇറാനും യുഎസും തമ്മിൽ വീണ്ടും പാക്കിസ്ഥാനിൽ സമാധാന ചർച്ചകൾക്ക് വഴിതുറന്നിട്ടും ക്രൂഡ് ഓയിൽ വില ദിശയറിയാതെ ചാഞ്ചാടുകയാണ്. യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 1.42% താഴ്ന്ന് 93.35 ഡോളറിലാണ് രാവിലെയുള്ളത്.
എന്നാൽ, ബ്രെന്റ് വില 4.70% മുന്നേറി 99.39 ഡോളറിലും.
സമാധാന കാഹളത്തിനിടയിലും ഹോർമുസിൽ യുഎസും ഇറാനും കടുംപിടിത്തം തുടരുന്നതാണ് ബ്രെന്റ് വിലയെ ഉയരത്തിൽ നിർത്തുന്നത്. ആഗോള എണ്ണവിതരണത്തിൽ 20% പങ്കുള്ള ഹോർമുസ് അടഞ്ഞുകിടക്കുന്നത് തുടർന്നാൽ വില വീണ്ടും 100 ഡോളർ ഭേദിച്ച് മുന്നേറും.
സ്വർണവില താഴേക്ക്?
സ്വർണവിലയും ദിശ വ്യക്തമാകാതെ ആലസ്യത്തിലാണ്.
രാജ്യാന്തരവില രാവിലെയുള്ളത് ഔൺസിന് 5 ഡോളർ താഴ്ന്ന് 4796 ഡോളറിൽ. ഈ ട്രെൻഡ് വൈകാതെ മാറിയേക്കാം.
ക്രൂഡ് ഓയിൽ വില താഴേക്ക് നീങ്ങിയാൽ സ്വർണവില കുതിച്ചുകയറും. എണ്ണവില കുതിപ്പാണ് തുടരുന്നതെങ്കിൽ സ്വർണവില കൂടുതൽ ഇടിയുകയും ചെയ്യും.
Updating… … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

