സൗദി അറേബ്യയിലെ പ്രധാനപ്പെട്ട റാസ് തനുറ ടെർമിനലിൽ നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം അസംസ്കൃത എണ്ണ കയറ്റുമതി വീണ്ടും ആരംഭിച്ചു.
ഇതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണ സംവിധാനം വേഗത്തിൽ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സൗദിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ എണ്ണ കമ്പനിയായ അരാംകോ ആണ് കയറ്റുമതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
നിലവിൽ സൗദിയുടെ ആകെ കയറ്റുമതിയുടെ 75 ശതമാനത്തോളം ചെങ്കടലിലെ യാൻബു തുറമുഖം വഴിയാണ് നടന്നു വരുന്നത്. ഇതിന് പകരമായാണ് റാസ് തനുറയിലെ പ്രവർത്തനം വീണ്ടും സജീവമാകുന്നത്.
റാസ് തനുറയിലെ ജുഅയ്മാഹ് ലോഡിങ് പോയിന്റിൽ സൗദി കമ്പനിയായ ബഹ്റിയുടെ സായ്നാഹ്, അമദ് എന്നീ വമ്പൻ ടാങ്കറുകൾ ഇതിനകം നങ്കൂരമിട്ടു കഴിഞ്ഞു. കൂടാതെ ഖസ്ബ എന്ന ടാങ്കറും ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്.
ഈ കപ്പലുകൾ ട്രാക്കിങ് സിഗ്നലുകൾ ഓഫ് ചെയ്ത ശേഷമാണ് ഹോർമുസ് കടലിടുക്ക് കടന്ന് സൗദി തീരത്ത് എത്തിയത് എന്നത് ശ്രദ്ധേയമാണ്. ഇതിനുപുറമെ, ബഹ്റി കമ്പനിയുടെ മൂന്ന് സൂപ്പർ ടാങ്കറുകൾ കൂടി നിലവിൽ ഒമാൻ സമുദ്രാതിർത്തിയിൽ നങ്കൂരമിട്ട് കാത്തിരിക്കുകയാണ്.
അസംസ്കൃത എണ്ണയ്ക്ക് പുറമേ, എൽപിജിയും ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്ന രണ്ട് അധിക ടെർമിനലുകൾ കൂടി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഒരേ സമയം 12 ടാങ്കറുകളിൽ ഇന്ധനം നിറയ്ക്കാൻ ആവശ്യമായ വിപുലമായ സൗകര്യങ്ങൾ ഈ ടെർമിനലിൽ സജ്ജീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

