ശാസ്താംകോട്ട ∙ സർക്കാർ വകുപ്പുകളെയും കത്തുന്ന വേനൽ ചൂടിനെയും വകവയ്ക്കാതെ ശൂരനാട് വടക്ക് മണലിക്കൽ പുഞ്ചയിൽ ചെളിയെടുപ്പ് രൂക്ഷമായി.
സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണു രാപകൽ വ്യത്യാസമില്ലാതെ ചെളിയൂറ്റ് സംഘങ്ങൾ സജീവമായത്. ഒരു വള്ളം ചെളിയെടുക്കുന്നതിനു മൂവായിരം രൂപ വരെയാണ് കൂലി.
അതീവ പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ, വിവിധ സർക്കാർ വകുപ്പുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ചില ഉദ്യോഗസ്ഥർ ചേർന്നാണു മാഫിയകൾക്കു പ്രവർത്തിക്കാൻ അവസരം ഒരുക്കുന്നതെന്നാണ് ആക്ഷേപം.
ചെളിയൂറ്റു സംബന്ധിച്ചു വിവരം നൽകാൻ ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടുന്നവരെ തേടി പിന്നീട് മാഫിയയുടെ ഭീഷണി സന്ദേശങ്ങൾ എത്തുന്നത് ഇതിന്റെ തെളിവാണെന്നു പ്രദേശവാസികൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇടപെടാൻ കഴിയില്ലെന്ന് അറിയിച്ച് ജനപ്രതിനിധികളും നാട്ടുകാരെ കയ്യൊഴിഞ്ഞു.
കുന്നത്തൂർ, കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കുകളുടെ അതിർത്തി പ്രദേശത്ത് അഞ്ഞൂറ് ഏക്കറോളം വിശാലമായ മണലിക്കൽ പുഞ്ച അപൂർവ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസ കേന്ദ്രമാണ്.
എന്നാൽ പരിധിയില്ലാത്ത പ്രകൃതി ചൂഷണത്തെ തുടർന്നു പുഞ്ച നാശത്തിന്റെ വക്കിലാണ്. കുന്നത്തൂർ താലൂക്ക് വികസനസമിതി യോഗം പലതവണ പൊലീസിനും റവന്യു വകുപ്പിനും ചെളിയെടുപ്പ് തടയാൻ നിർദേശം നൽകിയെങ്കിലും ഒന്നും നടപ്പായില്ല.
ശൂരനാട്, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പട്രോളിങ് സംഘങ്ങളും ഈ വഴി മറന്ന മട്ടാണ്.
തുടർച്ചയായി ജനകീയ പ്രതിഷേധം ഉയരുമ്പോൾ മാത്രമാണ് ഉദ്യോഗസ്ഥർ ഇങ്ങോട്ട് എത്താറുള്ളത്. ഇവരെത്തും മുൻപേ മാഫിയകൾക്കു വിവരം ലഭിക്കും.
അപ്പോഴേക്കും എടുത്ത ചെളി സഹിതം പുഞ്ചയിൽ മുക്കിയ ശേഷം തൊഴിലാളികൾ കടക്കും. എന്നാൽ വള്ളങ്ങൾ പിടിച്ചെടുക്കാനും പുഞ്ചയിൽ നിരീക്ഷണം ഉറപ്പാക്കാനും ഒരു നടപടിയുമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

