തുറവൂർ ∙ താലൂക്ക് ആശുപത്രിയുടെ മുകൾനിലയിലെ തകരഷീറ്റു കൊണ്ടു നിർമിച്ച സ്റ്റോറിനാണ് ഇന്നലെ രാവിലെ പത്തുകഴിഞ്ഞ് തീ പിടിച്ചത്. തീയും പുകയും ഉയർന്നതോടെ താഴത്തെ നിലകളിലുണ്ടായിരുന്നവർ പരിഭ്രാന്തരായി.
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അത്യാഹിത വിഭാഗവും ഒപിയും ഒന്നാം നിലയിൽ ഡയാലിസിസ് വിഭാഗവും രണ്ടാം നിലയിൽ സ്ത്രീകളുടെ വാർഡുമാണുള്ളത്. മൂന്നാം നിലയിലാണ് മരുന്നുകൾ വച്ചിരുന്നത്.
ഫാർമസിസ്റ്റ് സ്റ്റോർ റൂം തുറന്നപ്പോൾ വൈദ്യുതി ലൈനിൽനിന്നു തീപടരുന്നതു കണ്ടു. പെട്ടെന്നാണ് തീ ആളിപ്പടർന്നത്.
പ്രദേശമാകെ കറുത്ത പുക ഉയർന്നതോടെ ആശുപത്രിയിലുള്ളവർക്കും പരിസരവാസികൾക്കും ശ്വാസംമുട്ടലുണ്ടായി. ആളുകൾ നിലവിളിക്കുകയും രക്ഷപ്പെടാനായി തലങ്ങും വിലങ്ങും ഓടുകയും ചെയ്തു.
ആശുപത്രിയുടെ പരിസരത്തുണ്ടായിരുന്ന നൂറിലേറെ ഓട്ടോ, ടാക്സി ഡ്രൈവർമാരും നാട്ടുകാരും കുതിച്ചെത്തി നടത്തിയ രക്ഷാപ്രവർത്തനമാണു വലിയ ദുരന്തത്തിൽ നിന്നു രക്ഷിച്ചത്. മുകൾനിലകളിൽനിന്നു രോഗികളെയും ഗർഭിണികളെയും സ്ട്രെച്ചറിൽ കിടത്തി ചവിട്ടുപടികളിലൂടെ ഏറെ ശ്രമകരമായാണു രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്.
ഡയാലിസിസ് യൂണിറ്റിൽ 11 രോഗികൾ ഉണ്ടായിരുന്നു. ഗൈനക് വാർഡിൽ 7 ഗർഭിണികളും പ്രസവം കഴിഞ്ഞ മൂന്നുപേരും ഉണ്ടായിരുന്നു.
ഒരാൾ പ്രസവമുറിയിലായിരുന്നു. മറ്റു വാർഡുകളിലായി 23 പേരും ഉണ്ടായിരുന്നു.
ഇവരെയെല്ലാം ആശുപത്രി ജീവനക്കാരും രക്ഷാപ്രവർത്തകരും ചേർന്നു 15 മിനിറ്റുകൊണ്ടു പുറത്തെത്തിച്ചു. ഈ സമയത്താണ് അത്യാസന്ന നിലയിൽ ഒരാളെ കൊണ്ടുവരുന്നത്.
ഇദ്ദേഹം അവിടെ വച്ചു മരിച്ചു. മൃതദേഹം അരൂക്കുറ്റി ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.
മന്ത്രി പി.പ്രസാദും ദലീമ എംഎൽഎയും സ്ഥലത്തെത്തി നടപടികൾക്കു നേതൃത്വം നൽകി. നാട് കൈകോർത്തു; വൻദുരന്തം വഴിമാറി
തുറവൂർ ∙ നാടിനെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ; നാട്ടുകാർ കൈകോർത്തതോടെ 15 മിനിറ്റുകൊണ്ട് ആശുപത്രിയിൽ നിന്ന് കിടപ്പുരോഗികളെ അടക്കം ഒഴിപ്പിച്ചതോടെ വഴിമാറിയത് വൻദുരന്തം.
ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നു കറുത്ത പുക ഉയർന്നതോടെ തുറവൂർ ജംക്ഷനിലെ ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാരാണ് ആദ്യം ഒാടിയെത്തിയത്. പിന്നാലെ സമീപത്തെ കച്ചവടക്കാരും നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്നതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി.
കുത്തിയതോട്, അരൂർ, പട്ടണക്കാട് എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരും സംഭവസ്ഥലത്ത് കുതിച്ചെത്തി.
മൂന്നുനില ആശുപത്രി കെട്ടിടത്തിലുണ്ടായിരുന്ന 160 പേരെയാണ് മിനിറ്റുകൾക്കകം കെട്ടിടത്തിനു മുകളിൽ നിന്നു താഴെയെത്തിച്ചത്. പ്രസവ വാർഡിൽ ഗർഭിണികളായ 8 സ്ത്രീകളും പ്രസവം കഴിഞ്ഞ 3 അമ്മമാരും കുഞ്ഞുങ്ങളുമുണ്ടായിരുന്നു.
ഇവരെ സ്ട്രെച്ചറിലും മറ്റുമായി സുരക്ഷിതമായി മാറ്റുകയായിരുന്നു ആദ്യദൗത്യം. ഇതുകൂടാതെ ഡയാലിസിസ് വിഭാഗത്തിൽ 11 പേരും 10 കിടപ്പുരോഗികളുമുണ്ടായിരുന്നു.
ഒപിയിലും മറ്റുമായി ചികിത്സ തേടി എത്തിയ ഇരുനൂറോളം പേർ വേറെയും. അഗ്നിബാധയ്ക്ക് കാരണം ശീതീകരണ സംവിധാനത്തിലെ പിഴവെന്നു സൂചന
തുറവൂർ ∙ ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മരുന്നു സ്റ്റോറിലുണ്ടായ അഗ്നിബാധയ്ക്കു കാരണം ശീതീകരണ സംവിധാനത്തിലെ പിഴവെന്നു സൂചന.
സമീപത്ത് മറ്റൊരു കെട്ടിടത്തിലായിരുന്നു സ്റ്റോർ പ്രവർത്തിച്ചിരുന്നത്. കിഫ്ബിയുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമിക്കാൻ ഈ കെട്ടിടം പൊളിച്ചു നീക്കിയപ്പോൾ സ്റ്റോർ മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ ടിൻ ഷീറ്റിട്ട് മാറ്റി സ്ഥാപിക്കുകയായിരുന്നു. 2 ടൺ ശേഷിയുള്ള 2 എസികളാണ് മരുന്ന് കേടാകാതിരിക്കാൻ ഇവിടെ സ്ഥാപിച്ചത്.
ഇതിൽ ഒന്നു മാസങ്ങൾക്ക് മുൻപ് തകരാറിലായിരുന്നു. ഇതോടെ ഒരു എസി മാത്രമാണ് പ്രവർത്തിച്ചത്.
വേനൽ ചൂടിൽ ടിൻ ഷീറ്റിൽ നിന്നുള്ള അമിത ചൂട് സ്റ്റോറിൽ എത്തിയതോടെ എസിയുടെ പ്രവർത്തനം വർധിക്കുകയും ഷോർട്ട് സർക്കീറ്റിനു കാരണമാക്കിയെന്നുമാണ് വിദഗ്ധർ പറയുന്നത്.
ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ആർ.കിഷോർ ചന്ദ്രന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ആശുപത്രി ജീവനക്കാരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചു.
എസി യൂണിറ്റ് സ്വിച്ചുകൾ വയറിങ് എന്നിവ പൂർണമായും കത്തി നശിച്ചിട്ടുണ്ട്.
മുകളിലത്തെ നിലകളിൽ നിന്നു ഏറെ സാഹസികമായാണ് രോഗികളെ താഴെയിറക്കിയത്. ഡോക്ടർമാരും അനുബന്ധ ജീവനക്കാരുമായി 30 പേരോളം സംഭവസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.
ഇവരെയെല്ലാം വേഗത്തിൽ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതോടെ ആശ്വാസത്തിന്റെ നിമിഷങ്ങൾ. അത്യാസന്ന നിലയിലുള്ള 22 രോഗികളെ വിവിധ ആശുപത്രികളിലേക്കു മാറ്റി.
ഇതിനിടെ, നിമിഷങ്ങൾക്കൊണ്ടു ആശുപത്രിയാകെ പുക നിറഞ്ഞതു രക്ഷാപ്രവർത്തകരെ വലയ്ക്കുന്നതായി. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന മരുന്ന് കുപ്പികളും ഫയർ എക്സ്റ്റിംഗ്വിഷറുകളും അമിത ചൂടിൽ വൻശബ്ദത്തോടെ പൊട്ടിയതും ഓടിയെത്തിയവരെ ഭീതിയിലാക്കിയെങ്കിലും എല്ലാം മറന്നുള്ള രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും മനസ്സ് കീഴടക്കി.
കർമനിരതരായി അഗ്നിരക്ഷാസേന യൂണിറ്റുകൾ
തുറവൂർ ∙ ദേശീയ അഗ്നിരക്ഷാ ദിനത്തിൽ തുറവൂർ താലൂക്ക് ആശുപത്രിയിലുണ്ടായ അഗ്നിബാധ അണയ്ക്കാൻ അൻപതോളം അഗ്നിരക്ഷാ സേനാംഗങ്ങൾ കൈകോർത്തു.
അരൂർ, ചേർത്തല, ആലപ്പുഴ, മട്ടാഞ്ചേരി, ഗാന്ധിനഗർ, എന്നിവിടങ്ങളിൽ നിന്നാണ് 7 യൂണിറ്റ് അഗ്നിരക്ഷാ സേനാ സംഘമാണ് എത്തിയത്. തീപിടിത്തമുണ്ടാകുമ്പോൾ പ്രസവ വാർഡിലും ഡയാലിസിസ് കേന്ദ്രത്തിലുമടക്കം രോഗികളും കൂട്ടിരിപ്പുകാരുമായി ഇരുനൂറോളം പേർ ആശുപത്രിയിൽ ഉണ്ടായിരുന്നു.
ആശുപത്രിയുടെ മുകൾ നിലയിൽ തീയും പുകയും ഉയർന്നതോടെ രക്ഷാപ്രവർത്തനത്തിന് ഓട്ടോ തൊഴിലാളികളാണ് ആദ്യം ഓടിയെത്തിയത്.
ഇതിനിടെ ദേശീയ പാതയിലെ തടസ്സങ്ങൾ മറികടന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നും അഗ്നിരക്ഷാ സേനാ വിഭാഗം ഓടിയെത്തി. 10.30ന് തീ അണയ്ക്കുന്നതിന് ഇവർ തുടങ്ങിയ പ്രവർത്തനം രണ്ടു മണിക്കൂറോളം നീണ്ടു.
മുകൾ നിലയിലെ കോൺക്രീറ്റും, വശങ്ങളിൽ സ്ഥാപിച്ച പ്ലാസ്റ്റിക് സീലിങ്ങും കത്തിയുരുകി. ഒട്ടേറെ മരുന്നു കുപ്പികൾ കത്തിയമർന്നു. തീയും പുകയും പടർന്നെങ്കിലും പൊലീസും നാട്ടുകാരും അഗ്നിരക്ഷാ സേനയ്ക്കൊപ്പം അണിനിരന്നതോടെ 12.30ന് പൂർണമായും തീയണച്ചു.
തീപിടിത്തമുണ്ടായപ്പോൾ തന്നെ രോഗികളെയും, ജീവനക്കാരെയും പൂർണമായും ഒഴിപ്പിക്കാൻ കഴിഞ്ഞതു രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചെന്നു അരൂർ ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ യേശുദാസ് പറഞ്ഞു. യോഗം ചേർന്നു
തുറവൂർ ∙ ആശുപത്രിയിലെ സ്റ്റോർ റൂം കത്തിയതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡിഎംഒ എസ്.ദിലീപ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ആർ.റൂബി എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരുടെ അടിയന്തരമായി യോഗം ചേർന്നു.
അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ജീവനക്കാരിൽ നിന്നു ഡപ്യൂട്ടി ഡിഎംഒ ശേഖരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

