ഗുവാഹത്തി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ രാജസ്ഥാൻ റോയൽസ് ടീം മാനേജർ റൂമി ഭിന്ദർ ഡഗ് ഔട്ടിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തല്‍. ഡഗ് ഔട്ടിലിരുന്ന് ഫോണ്‍ ഉപയോഗിച്ചതിന് ബിസിസിഐയുടെ അഴിമതി വിരുദ്ധ-യൂണിറ്റ് റൂമി ഭിന്ദറിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ചട്ടലംഘനത്തിന് കാരണം ഭിന്ദറുടെ ഗുരുതര ആരോഗ്യപ്രശ്നമാണെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്.
വെള്ളിയാഴ്ച ഗുവാഹത്തിയിൽ നടന്ന മത്സരത്തിനിടെയാണ് റൂമി ഭിന്ദർ രാജസ്ഥാൻ ഡഗ് ഔട്ടിലിരുന്ന് ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കൗമാരതാരം വൈഭവ് സൂര്യവംശി ഭിന്ദറുടെ ഫോണിലേക്ക് ആകാംക്ഷയോടെ എത്തിനോക്കുന്നതും കാണാമായിരുന്നു.
ബിസിസിഐയുടെ മാനദണ്ഡം അനുസരിച്ച് ഡ്രസ്സിംഗ് റൂമിൽ മാത്രമേ ടീം മാനേജർമാർക്ക് ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂ. കളിക്കാരും സപ്പോർട്ട് സ്റ്റാഫും സ്റ്റേഡിയത്തിൽ എത്തുമ്പോൾ തന്നെ അവരുടെ ഫോണുകളും സ്മാർട്ട് വാച്ചുകളും സെക്യൂരിറ്റി ഓഫീസറെ ഏൽപ്പിക്കണം എന്നാണ് ചട്ടം.
റൂമി ഈ ചട്ടം ലംഘിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ റൂമി ഭിന്ദർ ഫോൺ കൈവശം വെച്ചത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
മുൻപ് റൂമി ഭിന്ദറുടെ രണ്ട് ശ്വാസകോശങ്ങളും പ്രവർത്തനരഹിതമാകുകയും ഒരാഴ്ചയോളം വെന്റിലേറ്ററിൽ കഴിയേണ്ടി വരികയും ചെയ്തിരുന്നു. ഏകദേശം ഒരു മാസത്തോളം നാഗ്പൂരിലെ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹത്തിന് പത്ത് കിലോയോളം ഭാരം കുറഞ്ഞു. ആസ്ത്മ ഉള്ളതിനാൽ ദീർഘദൂരം നടക്കാനോ പടികൾ കയറാനോ ഡോക്ടർമാർ അദ്ദേഹത്തെ അനുവദിച്ചിട്ടില്ല.
ഡഗ് ഔട്ടിൽ നിന്ന് ഡ്രസ്സിംഗ് റൂമിലേക്ക് എത്തണമെങ്കിൽ 50 അടിയോളം നടന്ന ശേഷം 20 പടികൾ കയറണം. ശാരീരികമായി തളർന്ന അദ്ദേഹത്തിന് ഇത് ബുദ്ധിമുട്ടായതിനാലാണ് ഡഗ് ഔട്ടിൽ തന്നെ ഇരുന്ന് ഫോൺ പരിശോധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അദ്ദേഹം ഫോണിൽ കോളുകൾ വിളിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും വെറുതെ സ്ക്രോൾ ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഭിന്ദറുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. ടീം മാനേജർ എന്ന നിലയിൽ നിയമങ്ങളെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടെന്നും ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഫോൺ കൈവശം വെച്ചതെന്നും ഭിന്ദറെ അനുകൂലിക്കുന്നവർ പ്രതികരിച്ചു.
സംഭവത്തിൽ റൂമി ഭിന്ദറിന് ബിസിസിഐ നോട്ടീസ് നൽകിയിട്ടുണ്ട്. തന്റെ ഭാഗം വിശദീകരിക്കാൻ അദ്ദേഹത്തിന് സമയം അനുവദിച്ചിട്ടുണ്ട്.
ഭിന്ദറുടെ ആരോഗ്യസ്ഥിതിയും മെഡിക്കൽ റിപ്പോർട്ടുകളും പരിഗണിച്ച് ബിസിസിഐ മനുഷ്യത്വപരമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാൻ റോയൽസ് ക്യാമ്പ്. പരിക്കുകളും ആരോഗ്യപ്രശ്നങ്ങളും അലട്ടുന്ന താരങ്ങൾക്കും സപ്പോര്‍ട്ട് സ്റ്റാഫിും ഐപിഎൽ സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് നൽകണോ എന്ന കാര്യത്തിലും ബിസിസിഐ നിലപാട് നിർണായകമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

