കണ്ണാടിപറമ്പ് ∙ കിണറ്റിൽ ജോലിക്കായി ഇറങ്ങവെ വിഞ്ചിന്റെ ഇരുമ്പ് റോപ്പ് പൊട്ടി കിണറ്റിൽ വീണു രണ്ട് തൊഴിലാളികൾ മരിച്ചത് നാടിനെയാകെ ദുഖത്തിലാഴ്ത്തി. വ്യാഴാഴ്ച രാവിലെ തിരഞ്ഞെടുപ്പ് തിരക്കിനിടെയാണ് മുണ്ടേരിക്കടവിനു സമീപം നടന്ന നാടിനെ നടുക്കിയ ദുരന്തവിവരം നാട്ടുകാർ അറിയുന്നത്.
നാട്ടുകാർ ഓടിയെത്തുമ്പോൾ 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ കയർ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ ഗുരുതരമായി പരുക്കേറ്റു കിടക്കുന്നതും ഒപ്പമുണ്ടായിരുന്ന രണ്ടുപേർ വാവിട്ടു നിലവിളിക്കുന്നതുമായ ഹൃദയഭേദകമായ കാഴ്ചയാണ് കാണുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മിന്നൽവേഗത്തിൽ കണ്ണൂരിൽ നിന്നെത്തിയ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ വി.കെ.അഫ്സലിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന വിഭാഗവും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
മണ്ണിടിഞ്ഞ് വീഴുന്ന കിണറ്റിൽ നിന്ന് സാഹസികമായി കണ്ണാടിപറമ്പ് ടാക്കിസ് റോഡിലെ എം.രാജേഷ്, ചേലേരി മുക്കിലെ അബ്ദുൽഗഫൂർ എന്നിവരെ പുറത്തെടുത്ത് കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ട് നാട്ടിലെത്തിച്ച മൃതശരീരങ്ങൾ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിക്കുകയും ചെയ്തു. വർഷങ്ങളായി കിണർ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ഇരുവരും.
പണിയില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസത്തിനു ശേഷം വ്യാഴാഴ്ചയാണ് രാജേഷ് ജോലിക്കെത്തിയത്. നാട്ടുകാരുടെ പ്രിയപ്പെട്ടവരായ രാജേഷിന്റെയും അബ്ദുൽഗഫൂറിന്റെയും ദാരുണാന്ത്യം നാട്ടുകാർക്ക് താങ്ങാവുന്നതിലേറെയായിരുന്നു.
കിണർപണിക്കിടെ ഇരുമ്പുവടം പൊട്ടി രണ്ടു മരണം
കണ്ണാടിപറമ്പ് ( കണ്ണൂർ) ∙ മുണ്ടേരിക്കടവിനു സമീപം സമീപം കിണർകുഴിക്കുന്ന ജോലിക്കിടെ ഇരുമ്പുവടം പൊട്ടി രണ്ട് തൊഴിലാളികൾ മരിച്ചു.
കണ്ണൂർ അത്താഴക്കുന്ന് സ്വദേശി, കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ താമസക്കാരൻ എം.രാജേഷ് (55), ചേലേരിമുക്ക് സ്വദേശി അബ്ദുൽ ഗഫൂർ(46) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് അപകടം.
40 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് കല്ലുംമണ്ണുംമറ്റും കയറ്റുന്നതിനുള്ള യന്ത്രത്തിന്റെ വടംപൊട്ടിയാണ് അപകടം. ഈയന്ത്രത്തിൽ കയറി കിണ്ണറ്റിൽ ഇറങ്ങുന്നതിനിടെ വടം പൊട്ടുകയായിരുന്നു.
കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഇവരെ പുറത്തെടുത്ത് കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന അബ്ദുൽഖാദർ, കുഞ്ഞിമൊയ്തീൻ എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
അത്താഴക്കുന്ന് മന്ദമ്പേത്ത് ഹൗസിൽ പരേതനായ സി.ബാലന്റെയും ശൈലജയുടെയും മകനാണ് രാജേഷ്.
ഭാര്യ സജിത. സഹോദരങ്ങൾ: രഞ്ജിത്, രാജീവൻ, നജ്മ.
ചേലേരിമുക്കിലെ ആയിഷയുടെയും പരേതനായ ഇബ്രാഹിമിന്റെയും മകനാണ് അബ്ദുൽഗഫൂർ. ഭാര്യ സൽമത്ത്.
മക്കൾ: സന, സഫ, മുഹമ്മദ്. സഹോദരൻ റഷീദ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

