കൊല്ലം ∙ അടങ്ങാത്ത ഓർമകൾ പോലെ അമ്പലമുറ്റത്ത് അരയാൽ ഇലകൾ വിറകൊണ്ടു നിൽക്കുന്നു, ഈ പത്താം വർഷത്തിലും. അമ്പലമുറ്റം കടന്നുപോകുന്ന ഒരാളും ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ മഹാദുരന്തത്തിന്റെ ഓർമകൾ… 110 പേരുടെ ദാരുണ മരണത്തിനും 656 പേർക്കു പരുക്ക് ഏൽക്കാനും ഇടയാക്കിയ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിന് നാളെ പത്താണ്ട് പൂർത്തിയാകുന്നു.
തലേന്നു നടന്ന അശ്വതി വിളക്കോടെ ആണ് പരവൂർ ഉറക്കമൊഴിയാൻ തുടങ്ങിയത്. പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിനു പതിവായി അങ്ങനെയാണ്.
അശ്വതിവിളക്കു കാണാൻ തിങ്ങിനിറയുന്ന ജനക്കൂട്ടം ഭരണിപ്പുലരിയിലും പിരിയാറില്ല.
ക്രമേണ അതു പെരുകി വരും. വൈകിട്ടു നടക്കുന്ന നെടുംകുതിരയെടുപ്പു കണ്ട് അവർ കാത്തിരിക്കും, വെടിക്കെട്ടു കാണാൻ.
പടക്കവും പെരുക്കവും എന്ന ആദ്യ ഘട്ടത്തിൽ തുടങ്ങി ‘ആശാൻമാരുടെ ഇഷ്ടാനുസരണം’ എന്ന 4ാം ഘട്ടത്തിലാണു വെടിക്കെട്ട് സമാപിക്കുക. അർധരാത്രിയോടെ തുടങ്ങുന്ന വെടിക്കെട്ട് പുലർച്ചെ വരെ നീളും.
2016 ഏപ്രിൽ 9ന് ആയിരുന്നു മീനഭരണി ഉത്സവം.
രാത്രി 11.56നു വെടിക്കെട്ട് തുടങ്ങിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ. പടക്കവും പെരുക്കവും കഴിഞ്ഞു.
2ാം ഘട്ടമായി വെടിക്കെട്ട് പൂർത്തിയായി. മനസ്സിൽ ആഘോഷത്തിന്റെ അമിട്ടുകൾ കത്തി ഉയരുന്നു.
10നു പുലർച്ചെ 3.13. സൂര്യകാന്തി ഉൾപ്പെടെയുള്ള നിലയമിട്ടുകളുടെ വർണകാന്തിയിൽ ലയിച്ചിരിക്കെ, എന്തോ വന്നിടിച്ചു ഭൂമി പിളരുന്നതുപോലെ ഉഗ്രസ്ഫോടനം.
മിണ്ടാനും പറയാനും കാണാനും കേൾക്കാനും കഴിയാതെ എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു പോയി. പിന്നെ നിലവിളി, പരക്കം പാച്ചിൽ, ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ, തകർന്ന കെട്ടിടങ്ങൾ, പിന്നെ ആംബുലൻസുകളുടെ നിലയ്ക്കാത്ത നിലവിളി.
പൊള്ളലേറ്റും മുറിഞ്ഞും ചതഞ്ഞും കിടക്കുന്നവരെ രക്ഷപ്പെടുത്താൻ കൈമെയ് മറന്നുള്ള പ്രവർത്തനം… എല്ലാം കഴിഞ്ഞപ്പോൾ യുദ്ധം കഴിഞ്ഞ പടക്കളം പോലെ മൈതാനം മരവിച്ചു കിടന്നു. ദുരന്തത്തിൽ പരിസരത്തെ 358 വീടുകൾക്കു കേടുപാടുണ്ടായി.
കൃഷി നശിച്ചു. 2.58 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.
വൈദ്യുതി ബോർഡിന് 88 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ദുരന്തത്തിനു ശേഷം പിന്നെ പുറ്റിങ്ങലിൽ വെടിക്കെട്ടു നടന്നിട്ടില്ല.
പൊട്ടിത്തെറി ഉണ്ടായ തെക്കേ കമ്പപ്പുര ഇപ്പോൾ ഇല്ല.
ദുരന്തം മറക്കാൻ ശ്രമിക്കുകയാണ് പരവൂർ. തെക്കേ കമ്പപ്പുരയ്ക്കു സമീപം നിന്ന മാവു മുറിവ് ഉണക്കി വീണ്ടും പടർന്നു പന്തലിച്ചു.
പ്രൗഢമായ ചടങ്ങുകളോടെ കഴിഞ്ഞ 22ന് ഇത്തവണത്തെ ഭരണി ഉത്സവം കഴിഞ്ഞു.
വേണുവിനു ജീവൻ തിരിച്ചുകിട്ടി,5 ശസ്ത്രക്രിയകൾക്ക് ഒടുവിൽ
ഹരീഷ് പ്ലാമൂട്ടിൽ
പരവൂർ ∙ ‘സമയം പുലർച്ചെ മൂന്നേകാൽ, ഒന്നിനു പുറകേ ഒന്നായി അമിട്ടുകൾ പൊട്ടി വിടരുന്നതിനിടെ ഒരു ചായ കുടിച്ചു പൈസ കൊടുക്കാൻ കാത്തുനിൽക്കുകയായിരുന്നു.
പൈസ നീട്ടുന്നതിടെ സൂര്യൻ പൊട്ടിച്ചിതറുന്ന കണക്കെ തെക്കേ കമ്പപ്പുരയിൽ നിന്നു തീ ഗോളം ഉയർന്നു. ദാ പൊട്ടുന്നെന്ന് അലറിയതു മാത്രമാണ് ഓർമ.
5 ദിവസം കഴിഞ്ഞാണു ബോധം തെളിഞ്ഞത്…’. പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽ കാലിന്റെ പകുതി നഷ്ടപ്പെട്ട
വേദനയിൽ വേണു പറഞ്ഞു. ഇടതു കാൽ മാത്രമല്ല, ഇടതു കണ്ണിന്റെ കാഴ്ചയും ജീവിതവും വരുമാന മാർഗവും ഉൾപ്പെടെ ദുരന്തത്തിൽ ചിന്നിച്ചിതറി.
അരക്കോടിയിലേറെ രൂപയുടെ കടത്തിലാണ്. വീടും പറമ്പും ജപ്തിയുടെ വക്കിലും.
10 വർഷം മുൻപ് ഉണ്ടായ പുറ്റിങ്ങൽ ദുരന്തത്തിലെ ജീവിക്കുന്ന രക്തസാക്ഷി ആണു പരവൂർ കൂനയിൽ വാഴവിള പടിഞ്ഞാറ്റതിൽ വേണു (62).
ദുരന്തത്തിന് ഏതാനും നിമിഷങ്ങൾക്കു മുൻപു ചായ തന്ന കട ഉടമയും ഭാര്യയും ചായ കുടിക്കാൻ ഒപ്പം നിന്നവരും മരിച്ചു.
5 സെക്കൻഡ് കൂടി കഴിഞ്ഞിരുന്നെങ്കിൽ അവിടെ നിന്നു ചുറ്റമ്പലത്തിന് ഉള്ളിലേക്ക് മടങ്ങി എത്തുമായിരുന്നു. മക്കൾ നടത്തിയ തിരച്ചിലിനൊടുവിൽ തെക്കേ കമ്പപുരയ്ക്കു പടിഞ്ഞാറു ഭാഗത്തു തട്ടുകടയുടെ സമീപത്തു ദുരന്തത്തിൽ രൂപപ്പെട്ട
കുഴിയിൽ അകപ്പെട്ട നിലയിൽ കണ്ടെത്തി.
ദേഹം നിറയെ ചിന്നിച്ചിതറിയ മൃതദേഹ ഭാഗങ്ങൾ ആയിരുന്നു.
ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതു വേണുവിനെ ആയിരുന്നു. ഒരു കാലും ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു.
5 ശസ്ത്രക്രിയകൾ നടത്തി. മകന്റെ വിവാഹം കഴിഞ്ഞ് 6 ദിവസം കഴിഞ്ഞപ്പോഴാണ് വെടിക്കെട്ട് അപകടം.
വീടുകളുടെ നിർമാണ കരാറുകാരനായിരുന്നു. ദുരന്തം ഉണ്ടാകുമ്പോൾ 29 വീടുകളുടെ നിർമാണം നടക്കുകയായിരുന്നു.
ജീവിതവും വരുമാനവും എല്ലാം പൊട്ടിച്ചിതറി കടക്കെണിയിലായി. ‘സംസ്ഥാന സർക്കാരിൽ നിന്നു 2 ലക്ഷവും കേന്ദ്ര സർക്കാരിൽ നിന്ന് 50000 രൂപയും സഹായധനം ലഭിച്ചു.
കൃത്രിമക്കാൽ ഉപയോഗിച്ചു വടിയുടെ സഹായത്തോടെയാണു നടക്കുന്നത്. 6 മാസം കൂടുമ്പോൾ ഇതു മാറ്റി പുതിയതു വയ്ക്കണം.
അല്ലെങ്കിൽ കലശലായ നടുവേദനയാണ്…’, വേണു പറഞ്ഞു നിർത്തി. മൃതദേഹ കൂമ്പാരത്തിനിടയിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെടൽ
പരവൂർ ∙ ‘ഒരു പതിറ്റാണ്ട് ആകുമ്പോഴും ചികിത്സ തുടരുകയാണ്.
ഒരു വർഷം മുൻപും ശസ്ത്രക്രിയ നടത്തി. ഉത്സവം ഉൾപ്പെടെയുള്ള ഒരു ആൾക്കൂട്ടത്തിനിടയിലേക്കും ഇപ്പോൾ പോകാൻ കഴിയില്ല.
വലിയ ശബ്ദവും വളരെ ബുദ്ധിമുട്ടാണ്… പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽ പരുക്കേറ്റ കൊല്ലം പിഎസ്സി ഓഫിസിലെ ഉദ്യോഗസ്ഥൻ പരവൂർ കോങ്ങാൽ ഇന്ദ്രനീലത്തിൽ ബി.എസ്.ലാലു (52) അതിജീവനത്തിന്റെ പ്രതീകമാണ്. 110 പേർ മരിച്ച പരവൂർ പുറ്റിങ്ങൽ ദുരന്തത്തിൽ മാരകമായി പരുക്കേറ്റു മൃതദേഹ കൂമ്പാരത്തിനിടയിൽ നിന്ന് അത്ഭുതകരമായി മടങ്ങി വന്ന ജീവത്തുടിപ്പാണു ലാലുവിന്റേത്.
‘കമ്പം കുറെ കണ്ട ശേഷം വീട്ടിലേക്കു മടങ്ങിയതാണ്.
അവിടെ ചെന്നപ്പോൾ സഹോദരിയുടെ മകൻ എത്തിയില്ലെന്ന് അറിഞ്ഞ് ഉത്സവപ്പറമ്പിലേക്കു വീണ്ടും ചെന്നു. തെക്കേ കമ്പപ്പുരയിൽ നിന്ന് ഏതാനും മീറ്റർ അകലെ എത്തി.
കുറ്റിമൂട്ടിൽ നിന്നു ചില അമിട്ടുകൾ പൊട്ടി. അതിനിടെയാണു പൊട്ടിത്തെറി ഉണ്ടായത്.
ദൂരേക്കു തെറിച്ചു വീണു. ശരീരത്തിനു മുകളിൽ പാതി മുറിഞ്ഞതും അല്ലാത്തതുമായ മൃതശരീരങ്ങൾ.
ബോധം നശിച്ചിട്ടില്ല. മൊബൈൽ ഫോൺ കൈയിൽ തന്നെ ഉണ്ടായിരുന്നു.
ഒരു വിധത്തിൽ സുഹൃത്തുക്കളെ വിളിച്ചു സഹായം തേടി. സുഹൃത്തുക്കൾ എത്തി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിൽ എത്തിയപ്പോഴേക്കും ബോധം പോയി. പിന്നെ ദിവസങ്ങൾ കഴിഞ്ഞാണ് ഓർമ തെളിഞ്ഞത്.
ഇരു കാലുകൾക്കും മാരകമായി പരുക്കേറ്റിരുന്നു. മുറിച്ചു മാറ്റണമെന്നു ഡോക്ടർമാർ നിർദേശിച്ചു.
പരുക്കേറ്റവരുടെ ചികിത്സയ്ക്കായി ഡൽഹി എയിംസിൽ നിന്നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയ ഡോക്ടർ പ്ലാസ്റ്റിക് സർജറി നടത്തിയാണു കാൽ രക്ഷിച്ചത്. 6 മാസം ഒരേ കിടപ്പായിരുന്നു.
ഇപ്പോഴും കൂടുതൽ നേരം നിൽക്കാനും കാലിനു ബലം കൊടുക്കാനും കഴിയില്ല. 2 ചെവികൾക്കും പ്രശ്നം ഉണ്ട്.
ഇനി അതിനു വേറെ ശസ്ത്രക്രിയ നടത്തണമെന്നും ലാലു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

