തലയാഴം ∙ വോക്കറിന്റെ സഹായത്തോടെ മാത്രം നടക്കാൻ കഴിയുന്ന ചെല്ലപ്പൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തി ഇരിപ്പിടത്തിനു മുകളിൽ കയറിനിന്ന് സ്വയം കുരുക്കുമുറുക്കി ജീവനൊടുക്കിയത് എങ്ങനെ എന്ന ആശയക്കുഴപ്പത്തിൽ പൊലീസും രാഷ്ട്രീയനേതൃത്വങ്ങളും. ഇടതുമുന്നണി തിരഞ്ഞെടുപ്പിനായി കെട്ടിയ താൽക്കാലിക ഓഫിസിന്റെ മേൽക്കൂരയിലെ ഇരുമ്പുകമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയത്.
ഈ ഓഫിസിലേക്കുള്ള വൈദ്യുതി കേബിൾ മുറിച്ചു നീക്കിയിരുന്നു. ഇന്നലെ പുലർച്ചെ ഒന്നുവരെ ചെല്ലപ്പൻ ഇടയാഴത്തെ ഫാമിലിരുന്ന് എഴുതുന്നതു കണ്ടതായി പട്രോളിങ് നടത്തിയ പൊലീസുകാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതിനുശേഷമാകാം പെട്ടി ഓട്ടോറിക്ഷ സ്വയം ഓടിച്ച് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയിട്ടുണ്ടാകുക എന്ന അനുമാനത്തിലാണ് പൊലീസ്.
തൂങ്ങിമരണമാണെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം. ഇന്നലെ രാവിലെ പത്രമിടാനെത്തിയ ഏജന്റായ വനിതയാണു മൃതദേഹം ആദ്യം കണ്ടത്.
പൊലീസെത്തി മൃതദേഹം താഴെയിറക്കാൻ ശ്രമിച്ചെങ്കിലും പ്രദേശത്ത് തടിച്ചുകൂടിയ ബിജെപി, കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. കൊലപാതകമെന്ന ആരോപണം ഇവർ ഉയർത്തി.
തുടർന്ന് എഡിഎം എത്തിയ ശേഷമാണ് 10.15ന് മൃതശരീരം താഴെയിറക്കി ഇൻക്വസ്റ്റ് നടത്തിയതും മെഡിക്കൽ കോളജിലേക്ക് മാറ്റിയതും. ഇതിനുപിന്നാലെ കോൺഗ്രസ്, ബിജെപി പ്രവർത്തകരും സിപിഐ പ്രവർത്തകരും തമ്മിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു.
തിരഞ്ഞെടുപ്പുകാലത്ത് വൈക്കത്ത് സിപിഐക്ക് പുതിയ പ്രതിസന്ധി
വൈക്കം ∙ പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കും ആരോപണങ്ങളും മൂലം പ്രതിസന്ധിയിലായ വൈക്കത്തെ സിപിഐക്കു പുതിയ പ്രഹരമായി ജൈവകർഷകന്റെ ആത്മഹത്യ.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ജന്മനാടും സിപിഐ കോട്ടയം ജില്ലയിൽ മത്സരിക്കുന്ന ഏക മണ്ഡലവുമായ വൈക്കത്ത് രാഷ്ട്രീയ പ്രതിസന്ധികൾ ആരംഭിച്ചിട്ടു കുറച്ചു നാളായി; പരിഹാരം ഇപ്പോഴും അകലെയാണ്.
വൈക്കം മണ്ഡലത്തിൽത്തന്നെ ഏറ്റവും കൂടുതൽ പ്രവർത്തകർ പാർട്ടി വിട്ടതു തലയാഴം പഞ്ചായത്തിലാണ്. ഇവിടെയാണ് ഇപ്പോൾ ൈജവകർഷകൻ ചെല്ലപ്പന്റെ ആത്മഹത്യയും ഉണ്ടായത്.
പാർട്ടിയുമായുള്ള ദീർഘകാലബന്ധം ഉപേക്ഷിച്ചാണു പലരും സിപിഐ വിട്ടു പുറത്തുപോകുന്നത്. പരമ്പരാഗത സിപിഐ കുടുംബങ്ങൾ എറെയുള്ള പ്രദേശമാണു വൈക്കം.
സിപിഐ വിട്ട മുൻ എംഎൽഎ കെ.അജിത് ബിജെപി സ്ഥാനാർഥിയാണ്.
മുൻ എംഎൽഎ പി.നാരായണന്റെ കുടുംബവും കഴിഞ്ഞ ദിവസം സിപിഐയുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. തലയാഴത്തെ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ പുറത്തു കൊണ്ടുവരുന്നതു പാർട്ടി വിട്ട പ്രവർത്തകരാണ്.
ഇവർ സിപിഐ സംസ്ഥാന നേതൃത്വത്തിനടക്കം പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ പരിഹാരമുണ്ടായിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

