വൈക്കം ∙ ‘ആക്ഷൻ ചെല്ലപ്പൻ’ – നിയമം ലംഘിക്കുന്നവർ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന ദൃഢനിശ്ചയത്തോടെ ജീവിച്ച കെ.ചെല്ലപ്പന് (മക്കൻ) നാട്ടുകാരിട്ട ചെല്ലപ്പേരാണിത്.
നാട്ടിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ചെല്ലപ്പൻ ഇക്കാര്യങ്ങൾക്കായി പൊലീസ് സ്റ്റേഷനിലും കോടതിയിലും സർക്കാർ ഓഫിസുകളിലുമെല്ലാം എത്തുമായിരുന്നു. 2017ൽ ആരോഗ്യസ്ഥിതി മോശമാകുന്നതു വരെ സമരങ്ങളിൽ സജീവമായിരുന്നു.
കരിയാർ ഓരുമുട്ട് സ്ഥാപിക്കാൻ വൈകിയപ്പോൾ വൈക്കം താലൂക്ക് ഓഫിസിനു മുൻപിൽ കുരിശിൽ നിരാഹാരം കിടന്നിട്ടുണ്ട്.
വൈക്കം താലൂക്ക് ആശുപത്രി വികസനത്തിനായി ശവപ്പെട്ടിയിൽ കിടന്നും സമരം ചെയ്തു. നെൽക്കർഷക സമരത്തിൽ ചിതയൊരുക്കി തീയുമായി അതിൽ കയറിക്കിടന്നായിരുന്നു ചെല്ലപ്പന്റെ പ്രതിഷേധം.
എറണാകുളത്ത് ഓട്ടോഡ്രൈവർ ആയി ജോലി ചെയ്തിരുന്ന കാലത്ത് ചെല്ലപ്പനെതിരെ കേസെടുത്ത പൊലീസുകാരെയും വെറുതേ വിട്ടില്ല.
നിയമപുസ്തകങ്ങൾ വായിച്ചു പഠിച്ച് പോരാട്ടം നടത്തി. സർക്കാർ ഓഫിസുകളിലെ അഴിമതിക്കെതിരെ സമരം ചെയ്തിരുന്ന ചെല്ലപ്പൻ നാട്ടുകാർക്കും എവിടെയും പറയാവുന്ന പേരായി മാറി.
ചെല്ലപ്പന്റെ ആളാണെന്നു പറഞ്ഞു പോലും ആളുകൾ ഓഫിസുകളിലേക്കു വിളിച്ച് നൂലാമാലകൾ അഴിച്ചെടുക്കുന്ന രീതി വന്നു. ന്യായമായ ഒരു കാര്യം നിഷേധിച്ചാൽ സമരവുമായി പിറ്റേന്നു ചെല്ലപ്പൻ ഓഫിസിനു മുൻപിലെത്തുമെന്നതായിരുന്നു കാരണം.
കൃഷിയെ സ്നേഹിച്ച അദ്ദേഹം പിന്നീട് ജൈവകൃഷിയിലേക്കു തിരിഞ്ഞു. നഴ്സറി ആരംഭിച്ചു.
ഈ നഴ്സറിക്കുള്ളിൽ വച്ചുണ്ടായ വീഴ്ചയിലാണു 2017ൽ ചെല്ലപ്പന്റെ അരയ്ക്കു താഴേക്കു പൂർണമായും തളർന്നത്.
ആരോഗ്യപ്രശ്നങ്ങളെ മറികടക്കാൻ വോക്കറിന്റെ സഹായത്തോടെ നടന്ന ചെല്ലപ്പൻ മാസങ്ങൾക്കുള്ളിൽ പെട്ടി ഓട്ടോറിക്ഷ സ്വയം ഓടിക്കാൻ തുടങ്ങി. ഇടയാഴത്തു പുതിയ കൃഷി നഴ്സറിയും സ്ഥാപിച്ചു.
അവിടെ 5 പേർക്ക് ജോലിയും നൽകിയിരുന്നു. ഇതിന്റെ നടത്തിപ്പിനെതിരെയും സിപിഐ നേതാക്കൾ തടസ്സങ്ങളുണ്ടാക്കി എന്ന് ചെല്ലപ്പൻ വിഡിയോയിൽ പറയുന്നുണ്ട്.
സിപിഐ നിയന്ത്രണത്തിലുള്ള ഉല്ലല സർവീസ് കോഓപ്പറേറ്റീവ് ബാങ്കിലെ അഴിമതി തുറന്നു പറഞ്ഞതിന് അദ്ദേഹം ഭീഷണി നേരിട്ടിരുന്നുവെന്നും ഒപ്പമുണ്ടായിരുന്നവർ പറയുന്നു.
ബാങ്കിൽനിന്ന് 3 ലക്ഷം രൂപയുടെ വായ്പയും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. എന്നാൽ അത്തരം ആരോപണങ്ങൾ സംബന്ധിച്ച് അറിവില്ലെന്നും വായ്പ തിരിച്ചടയ്ക്കുന്നതിന് പലിശയിളവ് അടക്കമുള്ളവ ബാങ്ക് വാഗ്ദാനം നൽകിയിരുന്നുവെന്നും സെക്രട്ടറി കെ.എൻ.മിഥുൻലാൽ പറഞ്ഞു.
ചെല്ലപ്പൻ Vs സിപിഐ; തുടക്കം 2008ൽ
ബന്ധുവായ യുവാവിനെ സിപിഐ പ്രവർത്തകർ മർദിച്ചതിനെതിരെ 2008ൽ പൊലീസിൽ ചെല്ലപ്പൻ നൽകിയ പരാതിയെത്തുടർന്നാണു പാർട്ടിയുമായുള്ള തർക്കങ്ങളുടെ തുടക്കം.
ഇതിനുശേഷം ഒരുസംഘമാളുകൾ ഇദ്ദേഹത്തിന്റെ ഒരു ലക്ഷത്തിലധികം രൂപയുടെ പച്ചക്കറികൾ വെട്ടിനിരത്തി. വീട്ടിലേക്കുള്ള വഴി പ്രദേശവാസികൾ അടച്ചു.
തുടർന്ന് ഉല്ലലയിലെ വീടുവിട്ടിറങ്ങിയ ചെല്ലപ്പൻ കടുത്തുരുത്തിയിലേക്കു താമസം മാറിയെന്നു മകൾ ജ്യോതി പറഞ്ഞു. തിരികെയെത്തി നഴ്സറി ആരംഭിക്കാൻ അപേക്ഷിച്ചെങ്കിലും കൃഷിവകുപ്പിൽനിന്ന് അനുമതി ലഭിക്കാൻ വൈകി.
വി.എസ്.സുനിൽകുമാർ കൃഷിമന്ത്രിയായിരുന്നപ്പോൾ ‘ഒരുമുറം പച്ചക്കറി പദ്ധതി’ വഴി വൈക്കം, കടുത്തുരുത്തി ഭാഗത്തേക്കായി 50,000 വീതം പച്ചക്കറിത്തൈകൾക്കു കൃഷിവകുപ്പ് ഓർഡർ നൽകിയെങ്കിലും കിളിർത്ത തൈകൾ വാങ്ങിയില്ല.
ഈ തൈകളെല്ലാം നശിപ്പിക്കേണ്ടി വന്നെന്നു വിഡിയോയിൽ ആരോപിച്ചു. കൃഷിവകുപ്പ് 3 രൂപ വില കൊടുത്തു വാങ്ങുന്ന പച്ചക്കറിത്തൈകൾ ഒരു രൂപ വിലയ്ക്കു നൽകാമെന്ന നിർദേശവുമായി കൃഷിമന്ത്രി പി.പ്രസാദിനെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
3 പേജുകളിലായി തയാറാക്കിയ ആത്മഹത്യക്കുറിപ്പും മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെത്തിയെന്നു വിവരമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

