തിരുവനന്തപുരം / ഹരിപ്പാട് ∙ കേരളത്തിൽ 30 മണ്ഡലങ്ങളിൽ ത്രികോണ മത്സരമുണ്ടെന്നും ഇതിൽ 12 മണ്ഡലങ്ങളിൽ വിജയ സാധ്യതയുണ്ടെന്നും സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചു. രണ്ടു ദിവസത്തെ പ്രചാരണത്തിനെത്തിയ അമിത് ഷാ കേരളത്തിൽ പ്രവർത്തിക്കുന്നതിനു മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 130 ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
അവരിൽ നിന്നു മണ്ഡലം തിരിച്ച് റിപ്പോർട്ട് വാങ്ങി പരിശോധിച്ചു.
അമിത് ഷാ എത്തി; മഴയിലും കെടാതെ ആവേശം ഇരമ്പി
ഹരിപ്പാട് ∙ തിരഞ്ഞെടുപ്പ് ചൂടിൽ തിളച്ച ഹരിപ്പാടിൽ കേന്ദ്രമന്ത്രി അമിത് ഷായെ കാത്തുനിന്ന ജനത്തിനുമേൽ അപ്രതീക്ഷിത മഴ പെയ്തിറങ്ങി; അമിത് ഷാ എത്തിയതോടെ മഴയിലും കൂസാതെ ആവേശത്തിരയായി നൂറുകണക്കിനു പ്രവർത്തകർ ആർത്തിരമ്പി. വാദ്യമേളങ്ങളും കഥകളി ഉൾപ്പെടെ കലാരൂപങ്ങളും റോഡ് ഷോയ്ക്ക് വർണാഭ പകർന്നു.
പൂക്കൾ വാരിയെറിഞ്ഞും എല്ലാവരെയും അഭിവാദ്യം ചെയ്തും നിറഞ്ഞ ചിരിയോടെ അമിത് ഷാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതിക്കൊപ്പം നഗരം ചുറ്റി.
അമിത് ഷായെ കാണാൻ എൻഡിഎ പ്രവർത്തകർ രാവിലെ മുതൽ എത്താൻ തുടങ്ങിയിരുന്നു. ചൂടിനെ പ്രതിരോധിക്കാൻ പാർട്ടി തൊപ്പിയണിഞ്ഞ് എത്തിയവരെ സ്വീകരിച്ചതു മൂടിക്കെട്ടിയ ആകാശം.
പിന്നാലെ മഴ തുടങ്ങി. മഴ അൽപം കുറഞ്ഞതോടെ അമിത് ഷാ ഉടൻ എത്തുമെന്ന സന്ദേശം മുഴങ്ങി.
അതോടെ പ്രവർത്തകർ റോഡിൽ നിറഞ്ഞു.
ചേപ്പാട് എൻടിപിസി ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലെത്തിയ അമിത് ഷായെ ബിജെപി നേതാക്കൾ സ്വീകരിച്ചു. തുടർന്ന് റോഡ് മാർഗം 12.17ന് ഹരിപ്പാട് ഗാന്ധി ചത്വരത്തിലെത്തിയപ്പോൾ സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിൽ നേതാക്കൾ വേലായുധ സ്വാമിയുടെ ഛായാചിത്രവും ഓടിൽ നിർമിച്ച വേലും നൽകി സ്വീകരിച്ചു.
ബാരിക്കേഡുകൾക്കപ്പുറം നിന്ന പ്രവർത്തകരോടു റോഡ് ഷോയിൽ പങ്കുചേരാൻ അമിത് ഷാ ആംഗ്യം കാട്ടിയതോടെ ആവേശം അണപൊട്ടി. വീണ്ടും മഴയെത്തിയെങ്കിലും പ്രവർത്തകർ പിന്മാറിയില്ല.
മഴ വകവയ്ക്കാതെ മുദ്രാവാക്യങ്ങൾ മുഴങ്ങി. റോഡരികിലും മഴയത്തു പ്രവർത്തകർ കാത്തു നിന്നു.
എഴിക്കകത്ത് ജംക്ഷൻ, ടൗൺഹാൾ ജംക്ഷൻ വഴി ഉച്ചയ്ക്ക് ഒന്നിന് നഗരസഭാ ഓഫിസിനു സമീപം റോഡ് ഷോ സമാപിച്ചു. അപ്പോഴേക്കും വെയിൽ കുട
നിവർത്തി. വാഹനത്തിൽ നിന്നിറങ്ങിയ അമിത് ഷായ്ക്കു പുഷ്പവൃഷ്ടി.
തുടർന്ന് ചേപ്പാട് ഗ്രൗണ്ടിൽ നിന്നു ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക്. അവിടെ നിന്നു വിമാനമാർഗം ഡൽഹിക്കു മടങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

