പാലാ ∙ പൊരിഞ്ഞ പോരാട്ടമാണ് പാലായിലേത്. ഇടതുവലത് പാളയങ്ങളിൽനിന്ന് പാലായുടെ കൈപിടിച്ച മാണി സി.
കാപ്പനും ഇടതുപാളയത്തിൽനിന്ന് പാലായുടെ കൈപിടിക്കാൻ ആഗ്രഹിക്കുന്ന ജോസ് കെ.മാണിയും ഏറ്റുമുട്ടുമ്പോൾ സാന്നിധ്യമറിയിച്ച് എൻഡിഎയുടെ ഷോൺ ജോർജും പ്രചാരണരംഗത്തുണ്ട്.
അഞ്ചു പതിറ്റാണ്ടിലേറെ പാലായ്ക്ക് പറയാൻ ഒരു പേരേ ഉണ്ടായിരുന്നുള്ളൂ; കെ.എം മാണി. അദ്ദേഹം വിടപറഞ്ഞതോടെയാണ് പാലാ പകരക്കാരെ തേടിയത്.
കെ.എം.മാണി അന്തരിച്ചതിനെത്തുർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മാണി സി.കാപ്പനാണ് ജയിച്ചത്. അന്ന് ഇടതുപാളയത്തിലായിരുന്നു കാപ്പൻ.
ജോസ് കെ.
മാണി അന്ന് യുഡിഎഫിലായിരുന്നു. മാണി സി.കാപ്പൻ പിന്നീട് യുഡിഎഫിനൊപ്പമായി.
ജോസ് കെ.മാണിയാകട്ടെ ഇടതിനൊപ്പവും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോസ് കെ.മാണിയെ 15,378 വോട്ടുകൾക്ക് മാണി സി.കാപ്പൻ പരാജയപ്പെടുത്തി.
12 പഞ്ചായത്തുകളും നഗരസഭയുമുള്ള പാലായിൽ 7 പഞ്ചായത്തും നഗരസഭയും ഭരിക്കുന്നത് യുഡിഎഫാണ്. അതേസമയം വോട്ടെണ്ണത്തിൽ തങ്ങൾക്കാണ് ഭൂരിപക്ഷമെന്ന് എൽഡിഎഫ് വാദിക്കുന്നു.
ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്ന് എൻഡിഎയും പറയുമ്പോൾ മത്സരം തീപാറുന്നതായി.
മാണി സി.കാപ്പന്റെ മാസ് എൻട്രി
ഒരു മാസ് പടത്തിലെ നായകന്റെ എൻട്രി പോലെ പാലാ നഗരത്തിലേക്ക് മാണി സി.കാപ്പന്റെ വരവ്. ഒരു ഡസനിലധികം മലയാള ചലച്ചിത്രങ്ങൾ നിർമിച്ചിട്ടുള്ള കാപ്പനെ സിനിമ സ്റ്റൈൽ പഠിപ്പിക്കേണ്ട
കാര്യമില്ലല്ലോ. ഇത്തവണത്തെ ചിഹ്നമായ ട്രക്കിൽ ഒരു കൂട്ടം ചെറുപ്പക്കാർ നാസിക് ഡോൾ അടിച്ചുതകർക്കുകയാണ്.
എങ്ങും ഇടിമുഴക്കം. മറ്റൊരു ട്രക്കിലും നാസിക് ഡോൾ സംഘമുണ്ട്.
ത്രിവർണക്കടലാസ് മഴ പെയ്യിച്ച് പോപ്പറുകൾ.
കാതടപ്പിക്കുന്ന സംഗീതവും ഡിജിറ്റൽ ഡിസ്പ്ലേയും വർണവിസ്മയങ്ങളും ഉള്ള ഡിജെ വാനുമുണ്ട്. കൈത്തരിപ്പ് മുഴുവൻ ആക്സിലേറ്ററിൽ കൊടുത്ത് ബൈക്കുകളിൽ ഇരമ്പിനീങ്ങുന്ന യുവാക്കളുടെ വൻനിര.
പിന്നാലെ കാറുകളുടെ സംഘം. ഏറ്റവും പിന്നിലായി സ്ഥാനാർഥിയുടെ വാഹനത്തിൽ മാണി സി.കാപ്പൻ.
നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം ഒപ്പമുണ്ട്.
വാഹനവ്യൂഹം പഴയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിച്ചതോടെ, മൂന്നു വയസ്സുള്ള മകനുമായി ഒരു പ്രവർത്തകൻ ഓടിയെത്തി. കാപ്പനെ ഷാളണിയിക്കാനാണ്.
പ്രവർത്തകൻ കുഞ്ഞിനെ എടുത്തുയർത്തിയപ്പോഴേക്കും കാപ്പന്റെ വലിയ മുഖത്ത് കുഞ്ഞുചിരി വിടർന്നു. ശിരസ്സ് നന്നേ കുനിച്ച് കുഞ്ഞിനോളം കുഞ്ഞായി കാപ്പൻ.
ഷാൾ കഴുത്തിലിട്ടുകൊടുത്തതോടെ കുഞ്ഞും സ്ഥാനാർഥിയും കണ്ടുനിന്നവരും ഹാപ്പി.
തുടർന്ന് ദിയ ബിനു മൈക്ക് കയ്യിലെടുത്ത് ഉറക്കെ അഭ്യർഥിച്ചു. ‘നമുക്കൊരു മന്ത്രി വേണം.
പാലായുടെ പ്രതാപം വീണ്ടെടുക്കാൻ ഒരു മന്ത്രിയെ പാലായ്ക്ക് ആവശ്യമാണ്. നിങ്ങളെല്ലാം ട്രക്ക് അടയാളത്തിൽ മാണി സി.കാപ്പന് വോട്ട് ചെയ്യണം.’ തുടർന്ന് സ്ഥാനാർഥിയുടെ അഭ്യർഥന.
പാലായെക്കുറിച്ച് ഒട്ടേറെ വികസനസ്വപ്നങ്ങളുണ്ട്.
ജയിപ്പിക്കണം. കുറഞ്ഞ വാക്കുകളിൽ ആത്മവിശ്വാസത്തോടെ കാപ്പന്റെ അഭ്യർഥന.
വാഹനവ്യൂഹം വീണ്ടും മുന്നോട്ട്
നാടിനെ തൊട്ടറിഞ്ഞ് ജോസ് കെ.മാണി
ട്രിപ്പിൾ ഐടി ഉൾപ്പെടെ ജോസ് കെ. മാണി നടപ്പാക്കിയ വികസനപദ്ധതികളുടെ വിവരണം മൂന്നിലവ് ജങ്ഷനിലെ പൈലറ്റ് വാഹനത്തിൽനിന്നു മുഴങ്ങുന്നു.
അപ്പോഴേക്കും സ്ഥാനാർഥിയുടെ വാഹനമെത്തി. എൽഡിഎഫ് കൺവീനർ അജിത് ജോർജ്, വ്യാപാരി വ്യവസായി പ്രതിനിധി ഡാരിസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.
സെലിനാമ്മ, പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം സിറിയക് കുര്യൻ, വക്താവ് വിജി എല്ലാവരും റെഡിയാണ്. സമയം കളയാതെ ആവേശപൂർവം കടകളിലേക്ക് കയറി ജോസ് കെ.
മാണി വോട്ടഭ്യർഥന ആരംഭിച്ചു.
‘സഖാവേ അതു നമ്മുടെ കടയാണ്, അവിടെയും കയറണം’- സിപിഎം പ്രവർത്തകരും സ്ഥാനാർഥിയെ അടുത്ത കടകളിലേക്ക് നയിക്കുന്നു. ഇതിനിടെ പെരുങ്കാവിലെ അന്നമ്മച്ചേച്ചി ഓടിയെത്തി സ്ഥാനാർഥിക്ക് കൈകൊടുത്തു.
സമീപത്തെ ബാങ്കിലും കടകളിലുമെല്ലാം ഓടിക്കയറുകയാണ് സ്ഥാനാർഥി. വെയ്റ്റിങ് ഷെഡിൽ നിന്ന കൗമാരക്കാരനും കൊടുത്തു ഒരു ഹൈഫൈവ്.
അല്പം അകലെയുള്ള ഒരു കുഞ്ഞുകടയിലേക്കും ഓടിച്ചെന്നു.
കടയ്ക്കുള്ളിൽ നിന്ന ആളോടും വോട്ടഭ്യർഥിച്ചു.
രു സാധ്യതയും പാഴാക്കാൻ സ്ഥാനാർഥി തയാറല്ല. ഇത്തവണ ജീവന്മരണ പോരാട്ടമാണ്.
മുൻപെല്ലാം ഒരു ജീപ്പുപര്യടനത്തിൽ അവസാനിച്ചിരുന്ന വോട്ടഭ്യർഥനയാണ്. ഇത്തവണ പരമാവധി ആളുകളെ നേരിട്ടുകണ്ട് വോട്ടഭ്യർഥിക്കുകയാണ്.
മങ്കൊമ്പിലെ കള്ളുഷാപ്പിലും വോട്ടഭ്യർഥിച്ചു. നറുക്കെടുപ്പിലൂടെ എൽഡിഎഫിന് ലഭിച്ച പഞ്ചായത്താണ് മൂന്നിലവ്.
പഞ്ചായത്ത് ഓഫിസിലേക്കും കയറി. ഇതിനിടെ ചിലരെത്തി സ്ഥാനാർഥിയെ തൊഴുത് സന്തോഷം പ്രകടിപ്പിച്ചു.
‘കടപുഴ പാലം നിർമാണത്തിന് സഹായിച്ചതിന്റെ സന്തോഷമാണത്’ –ജോസ് കെ.മാണി പറഞ്ഞു. തുടർന്ന് പൈകയിലേക്ക് യാത്രയായി
മാറ്റത്തിന് വോട്ട് തേടി ഷോൺ
വിഷമത്തോടെ ഷോൺ ജോർജ് പറഞ്ഞു ‘ഇന്ന് ഇനി പ്രചാരണമില്ല.
പ്രചാരണത്തിന് ഒപ്പമുണ്ടായിരുന്നു രാജൻ ബൈക്കിൽനിന്നു വീണു മരിച്ചു. ഇപ്പോഴാണ് സംഭവം.
ഹാർട്ട് അറ്റാക്കാണ്. ഞാൻ പിവിഎസ് ആശുപത്രിയിലേക്ക് പോകുവാ…’ തൊട്ടു മുൻപ് കൂരാലിയിലെ സ്വീകരണയോഗത്തിൽ ആവേശത്തോടെ പ്രസംഗിച്ച ഷോൺ ജോർജാണ് സങ്കടമുഖത്തോടെ നിന്നത്.
മണ്ഡലത്തിൽ എങ്ങും എവിടെയും ഷോണിന്റെ ചിരിച്ച മുഖമുള്ള പടുകൂറ്റൻ ഫ്ലെക്സുകളും ഡിജിറ്റൽ ബോർഡുകളുമുണ്ട്.
പ്രചാരണ സാമഗ്രികൾക്കും വാഹനത്തിനും ഒരു കുറവുമില്ല.
‘പാലായുടെ വികസനം സംബന്ധിച്ച് ഒരു ഫയൽ മോദിജിയുടെ മേശപ്പുറത്തുണ്ടാകും. സംസ്ഥാനം ഫണ്ട് തന്നില്ലെങ്കിലും ഇവിടെ പദ്ധതികൾ നടപ്പാക്കും.
ഇതു മോദിജി നൽകുന്ന വാക്കാണ്’-ഷോൺ ജോർജ് വോട്ടർമാർക്ക് മുന്നിൽ വയ്ക്കുന്ന അഭ്യർഥന ഇതാണ്.
കൂരാലിയിലേക്ക് എത്തും മുൻപ് 12-ാം മൈലിലെ ക്യാംപ് ഓഫിസിൽ ഒരു ചാനലിന് അഭിമുഖം നൽകുകയായിരുന്നു സ്ഥാനാർഥി. അപ്പോഴേക്കും മാണി സി.കാപ്പന്റെ നേട്ടങ്ങൾ വിവരിച്ച് അനൗൺസ്മെന്റ് വാഹനം അതിലേ പോയി.
ഷോണിന്റെ മുഖത്ത് ചെറുചിരി വിടർന്നു.
‘നമ്മുടെ യുവാക്കളെ തിരികെയെത്തിക്കണം. നമ്മുടെ നാട്ടിലെ കൃഷിഭൂമിയെല്ലാം വൻ കോർപറേറ്റുകൾ ഏറ്റെടുത്ത് കൃഷിയിറക്കുന്ന കാലം വരും.
ഒരു മാറ്റം ഉണ്ടാകണം. ഉണ്ടാകും’- വോട്ടർമാർക്കു മുന്നിൽ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ അവതരിപ്പിക്കുകയാണ് ഷോൺ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

