രാജപുരം ∙ പ്രായാധിക്യത്തിന്റെ അവശതകൾക്കിടയിലും ജനാധിപത്യത്തോടുള്ള ആവേശം ഒട്ടും ചോരാതെ ജില്ലയിലെ ഏറ്റവും പ്രായംകൂടിയ വോട്ടറായ എങ്കപ്പു നായ്ക് (106) തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയ വീട്ടിലെ വോട്ട് (ഹോം വോട്ടിങ്) സംവിധാനത്തിലൂടെയാണ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ പനത്തടി വില്ലേജിൽ 121-ാം നമ്പർ പോളിങ് ബൂത്തിലെ വോട്ടറായ എങ്കപ്പു നായ്ക് വോട്ട് ചെയ്തത്. കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം മുടങ്ങാതെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഇത്തവണ മക്കളോടൊപ്പം സ്വന്തം വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
കാഞ്ഞങ്ങാട് ആർഡിഒ കെ.ആർ.മനോജ്, വെള്ളരിക്കുണ്ട് തഹസിൽദാർ ഷേർലി രാജപ്പൻ, പോളിങ് ഉദ്യോഗസ്ഥരായ ബിജു മന്ത്രവാദി, ശ്രീകാന്ത്, മൈക്രോ ഒബ്സർവർ പ്രതിമ, വില്ലേജ് ഓഫിസർ എസ്.അനിൽകുമാർ, ബിഎൽഒ എസ്.എം.പ്രസീത എന്നിവരടങ്ങുന്ന സംഘമാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയത്.
വീട്ടിൽ വോട്ട് ചെയ്തത് 1501 പേർ
ജില്ലയിൽ വീട്ടിൽ വോട്ട് ഇതുവരെ ചെയ്തത് 1501 പേർ. 85 വയസ്സിന് മുകളിൽ പ്രായമുള്ള 698 വോട്ടർമാരും ഭിന്നശേഷിക്കാരായ 803 വോട്ടർമാരും വീട്ടിൽ വോട്ട് ചെയ്തു.
വോട്ടെടുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി സമ്മതിദായകർ വോട്ട് രേഖപ്പെടുത്തുന്ന വീട്ടിലെ വോട്ട് സേവനത്തിൽ ഇതുവരെ (മാർച്ച് 31 വൈകുന്നേരം 6.30 വരെ) 1501പേർ വോട്ട് ചെയ്തു.
85 വയസ്സിന് മുകളിൽ പ്രായമുള്ള 698 വോട്ടർമാരും ഭിന്നശേഷിക്കാരായ 803 വോട്ടർമാരും വോട്ട് ചെയ്തു. രണ്ട് പോളിങ് ഉദ്യോഗസ്ഥർ, മൈക്രോ ഒബ്സർവർ, വിഡിയോഗ്രഫർ, പൊലീസ് ഉദ്യോഗസ്ഥൻ, ബൂത്ത് ലവൽ ഓഫിസർ എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിൽ വോട്ടിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലെത്തുന്നത്.
റാൻഡമൈസേഷൻ നടത്തിയാണ് പോളിങ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്. ഇതിനായി കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരും 30 വീതവും ഉദുമയിൽ 28 ഉം, കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ 17 വീതവും പോളിങ് സംഘങ്ങളെയാണ് നിയോഗിച്ചത്.
85 വയസ്സ് കഴിഞ്ഞ 3281 പേർക്കും ഭിന്നശേഷിക്കാരായ 3529 പേർക്കുമാണ് ജില്ലയിൽ വീട്ടിൽ വോട്ട് അനുവദിച്ചത്. ∙ മഞ്ചേശ്വരത്ത് 85 വയസ്സിന് മുകളിൽ പ്രായമുള്ള 99 പേരും ഭിന്നശേഷിക്കാരായ 158 പേരുമായി 257 വോട്ടർമാർ വീട്ടിൽ വോട്ട് ചെയ്തു.
∙ കാസർകോട് 85 വയസ്സിന് മുകളിൽ പ്രായമുള്ള 90പേരും ഭിന്നശേഷിക്കാരായ 135 പേരുമായി 225 വോട്ടർമാർ വീട്ടിൽ വേട്ട് ചെയ്തു.
∙ ഉദുമയിൽ 85 വയസ്സിന് മുകളിൽ പ്രായമുള്ള 100 പേരും ഭിന്നശേഷിക്കാരായ 175പേരുമായി 275 വോട്ടർമാർ വീട്ടിൽ വോട്ട് ചെയ്തു.
∙ കാഞ്ഞങ്ങാട് 85 വയസ്സിന് മുകളിൽ പ്രായമുള്ള 315 പേരും ഭിന്നശേഷിക്കാരായ 242 പേരുമായി 557 വോട്ടർമാർ വീട്ടിൽ വോട്ട് ചെയ്തു.
∙ തൃക്കരിപ്പൂരിൽ 85 വയസ്സിന് മുകളിൽ പ്രായമുള്ള 94 പേരും ഭിന്നശേഷിക്കാരായ 93 പേരുമായി 187 വോട്ടർമാർ വീട്ടിൽ വോട്ട് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

