ദില്ലി: കേരളത്തിൽ നടക്കാനിരിക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ നേതൃമാറ്റം ചർച്ചാവിഷയമാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി കേന്ദ്ര നേതാക്കൾ വ്യക്തമാക്കി. സംഘടനാപരമായ മാറ്റങ്ങളേക്കാൾ ഉപരിയായി, പാർട്ടിക്ക് മുന്നോട്ടുപോകാൻ ആവശ്യമായ തിരുത്തൽ നടപടികളാകും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.
ഇന്നലെയും ഇന്നുമായി ദില്ലിയിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിലും കേരളത്തിലെ സംഘടനാ മാറ്റങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയ്ക്ക് വന്നിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
വിശാല സംസ്ഥാന സമിതിയിൽ ഉയരുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ, പാർട്ടിയുടെ തുടർനടപടികൾ പിബി അംഗങ്ങൾ കൂടി ചേർന്ന് ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. അതേസമയം, ഇന്ത്യാ മുന്നണിയിൽ നിന്ന് വിട്ടുനിൽക്കാൻ തൽക്കാലം ഒരു ആലോചനയുമില്ലെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.
മുന്നണി യോഗം ചേരുമെന്ന സൂചനകൾ ഉണ്ടെങ്കിലും ഇതുവരെയും ഔദ്യോഗികമായി ഇക്കാര്യം നിശ്ചയിച്ചിട്ടില്ല. യോഗം വിളിച്ചുചേർക്കുമ്പോൾ ഏതുതരത്തിലുള്ള പങ്കാളിത്തം വേണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗൗരവമായി ആലോചിച്ച് തീരുമാനിക്കുമെന്ന് നേതാക്കൾ വിശദീകരിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം പാർട്ടി കൂട്ടമായി ഏറ്റെടുക്കാൻ മടിക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, നിലവിൽ നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

