പെരിയ ∙ വേനൽമഴയ്ക്കൊപ്പം അപ്രതീക്ഷിതമായെത്തിയ ശക്തമായ കാറ്റിൽ ആയിരത്തിലേറെ നേന്ത്രവാഴകൾ നശിച്ചു. പുല്ലൂർ പെരിയ, അജാനൂർ പഞ്ചായത്തുകളിൽ മാത്രം ആയിരത്തിലേറെ കുലച്ച നേന്ത്രവാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണത്.
മാസങ്ങളോളം അധ്വാനിച്ചും വൻതുക കടമെടുത്തും ഇറക്കിയ കൃഷി വിളവെടുപ്പിന് തൊട്ടുമുൻപ് നശിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ. ശനിയാഴ്ച വൈകിട്ടാണ് മഴയ്ക്കൊപ്പം ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന കാറ്റിൽ വാഴത്തോട്ടങ്ങൾ നിലംപൊത്തിയത്.
പെരിയ തണ്ണോട്ട് കേരള കേന്ദ്ര സർവകലാശാലാ ക്യാംപസിനു സമീപം ആമ്പിലേരിവീട്ടിൽ എരോൽ ബാലന്റെ കുലച്ച് മൂപ്പെത്താറായതും ഏതാനും ആഴ്ചകൾക്കുള്ളിൽ വിളവെടുക്കേണ്ട
450 നേന്ത്രവാഴകളാണ് കാറ്റിൽ നശിച്ചത്. നേരത്തേ പെരിയയിൽ ചിക്കൻ സെന്റർ നടത്തിയിരുന്ന ബാലൻ ദേശീയപാത വികസനത്തിന്റെ ഭാഗമായി വ്യാപാരം നഷ്ടമായതോടെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്.
വേനൽ മഴയ്ക്കൊപ്പമെത്തിയ കാറ്റ് ബാലനു മാത്രം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്. പുല്ലൂർ വിഷ്ണുമംഗലം നടുവട്ടംവയലിൽ റിട്ട.
സിഐഎസ്എഫ് ഉദ്യോഗസ്ഥൻ അടുക്കത്തിൽ നാരായണന്റെ മുന്നൂറിലേറെ നേന്ത്രവാഴകളാണ് കാറ്റെടുത്തത്.
വിരമിച്ചശേഷം കൃഷിയിൽ സജീവമായ നാരായണന് കാറ്റ് കനത്ത നഷ്ടമാണുണ്ടാക്കിയത്. വാഴകൾക്ക് പുറമെ തണ്ണോട്ട് പലയിടങ്ങളിലും തെങ്ങ്, കമുക് എന്നിവയും ഒടിഞ്ഞുവീണിട്ടുണ്ട്.
വൈദ്യുതി ലൈനുകളിലേക്ക് മരംവീണ് മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. രാവണീശ്വരം മാക്കിയിലെ പെരുന്തട്ട
തമ്പാൻ നമ്പ്യാരുടെ 100 നേന്ത്രവാഴകൾ കാറ്റിൽ നിലം പതിച്ചു. അജാനൂർ പഞ്ചായത്ത് മൂന്നാം വാർഡ് മെംബർ എ.തമ്പാൻ മക്കാക്കോട്ടിന്റെ 50 വാഴകളും കാറ്റിൽ ഒടിഞ്ഞുവീണു.
ബാങ്ക് വായ്പയെടുത്തും സ്വർണം പണയംവച്ചും പാട്ടത്തിനെടുത്ത ഭൂമിയിലാണ് പല കർഷകരും വാഴക്കൃഷി ഇറക്കിയിരുന്നത്.
ഒരൊറ്റ നിമിഷംകൊണ്ട് കൃഷി ഇല്ലാതായതിന്റെ ആഘാതത്തിലാണ് കർഷകർ. കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ജനപ്രതിനിധികളും കൃഷിവകുപ്പ് അധികൃതരും പ്രദേശങ്ങൾ സന്ദർശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

