കൊല്ലം: മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം വീട് അടിച്ചു തകർത്തു. ശൂരനാട് വടക്ക് പാറക്കടവിലാണ് സംഭവം.
ചിറപ്പാട് ഭാഗത്ത് അഖിലാലയത്തിൽ അജിത്തിന്റെ (43) വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് വടിവാളും വെട്ടുകത്തിയും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘം വീടുകയറി ആക്രമണം അഴിച്ചുവിട്ടത്.
മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം വീട്ടുകാരെ ആക്രമിച്ചതായും പരാതിയുണ്ട്. മുഴുവൻ വീട്ടുപകരണങ്ങളും ബുള്ളറ്റ് ഉൾപ്പെടെയുള്ള ഇരുചക്ര വാഹനങ്ങളും അക്രമികൾ തകർത്തു.
വീടിന്റെ ജനാലകളും അടിച്ചു തകർത്തു. വീട്ടിനുള്ളിൽ കടന്ന സംഘം ടിവി, ഫ്രിഡ്ജ്, വീട്ടുപകരണങ്ങൾ, അടുക്കളയിലുണ്ടായിരുന്ന സാധനങ്ങൾ, കസേരകൾ, മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെ തകർത്തു.
മുറിക്കുള്ളിലുണ്ടായിരുന്ന തടിയലമാരയും വെട്ടിപ്പൊളിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ആക്രമി സംഘം വരുത്തിവെച്ചത്.
പാതിരിക്കൽ സ്വദേശിയുടെ നേതൃത്വത്തിലായിരുന്നു ആക്രണമെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. അജിത്ത്, അമ്മ ഗൗരിക്കുട്ടി (68), അജിത്തിന്റെ മക്കളായ അഭിജിത്ത് (14), അഖില (17) എന്നിവരെ മർദിച്ചതായും കുട്ടിയോട് മോശമായി പെരുമാറിയതായും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
രാത്രിയിൽ വീട്ടുകാർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അക്രമികൾ വീട്ടിലേക്ക് ഇരച്ചു കയറിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടത്തിയതെന്നും പുറത്തേക്കിറങ്ങി ഓടിയതിനാൽ ജീവൻ തിരിച്ചുകിട്ടിയെന്നും വീട്ടുകാർ പറയുന്നു.
ശൂരനാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മാസങ്ങൾക്കു മുൻപ് ആനയടി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയാണ് ആക്രമണമെന്നാണ് സൂചന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

