വാഷിംഗ്ടൺ: അമേരിക്കൻ ഡോളറിന്റെ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റവുമായി ട്രംപ് ഭരണകൂടം. യുഎസ് കറൻസി നോട്ടുകളിൽ ഇനി മുതൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പ് പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു.
അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് പദവിയിലിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ഒപ്പ് കറൻസിയിൽ വരുന്നത്. ഇതോടെ 1861 മുതൽ തുടർന്നുപോന്ന 165 വർഷത്തെ പാരമ്പര്യത്തിനാണ് വിരാമമാകുന്നത്.
ട്രംപിന്റെയും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെയും ഒപ്പുകളുള്ള ആദ്യ 100 ഡോളർ നോട്ടുകൾ ഈ ജൂണിൽ അച്ചടിക്കും. തുടർന്ന് മറ്റ് നോട്ടുകളിലും മാറ്റം വരും.
സാധാരണയായി യുഎസ് ട്രഷററുടെ ഒപ്പാണ് നോട്ടുകളിൽ ഉണ്ടാകാറുള്ളത്. എന്നാൽ ട്രംപിന്റെ ഒപ്പ് വരുന്നതോടെ യുഎസ് ട്രഷററുടെ ഒപ്പ് കറൻസിയിൽ നിന്ന് എന്നെന്നേക്കുമായി ഒഴിവാക്കപ്പെടും.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. ട്രംപിന്റെ ചിത്രം പതിപ്പിച്ച സ്വർണ്ണ നാണയങ്ങൾക്കും കഴിഞ്ഞ ആഴ്ച അനുമതി ലഭിച്ചിരുന്നു.
അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ കരുത്തും സ്ഥിരതയും അടയാളപ്പെടുത്തുന്നതാണ് ഈ നീക്കമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. നിലവിൽ ജോ ബൈഡൻ സർക്കാരിന്റെ കാലത്തെ ഉദ്യോഗസ്ഥരുടെ ഒപ്പുള്ള നോട്ടുകളാണ് വിനിമയത്തിലുള്ളത്.
നിയമപരമായ നൂലാമാലകൾ അമേരിക്കൻ നിയമപ്രകാരം ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ കറൻസി നോട്ടുകളിൽ പതിപ്പിക്കാൻ പാടില്ല. എന്നാൽ ഒപ്പിന്റെ കാര്യത്തിൽ ട്രഷറി വകുപ്പിന് പ്രത്യേക അധികാരമുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
നേരത്തെ ട്രംപിന്റെ ചിത്രം പതിപ്പിച്ച സ്വർണ്ണ നാണയങ്ങൾക്കും കമ്മീഷണർ ഓഫ് ഫൈൻ ആർട്സ് അനുമതി നൽകിയിരുന്നു. രാഷ്ട്രീയ തന്ത്രം ട്രംപിന്റെ രണ്ടാം ഭരണകാലത്തെ സാമ്പത്തിക നേട്ടങ്ങളുടെ അടയാളമായിട്ടാണ് ഈ നീക്കത്തെ ട്രഷറി സെക്രട്ടറി വിശേഷിപ്പിച്ചത്.
എന്നാൽ സ്വന്തം പേര് എല്ലാ സർക്കാർ സ്ഥാപനങ്ങളിലും മുദ്രപ്പതിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് വിമർശകർ ആരോപിക്കുന്നു. നേരത്തെ കോവിഡ് കാലത്തെ ദുരിതാശ്വാസ ചെക്കുകളിലും ട്രംപ് തന്റെ പേര് പതിപ്പിച്ചത് വിവാദമായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

