പത്തനംതിട്ട ∙ ശസ്ത്രക്രിയയിലെ ചികിത്സാ വീഴ്ചകൾ താൻ മന്ത്രിയാകുന്നതിനു മുൻപാണെന്ന വീണാ ജോർജിന്റെ പ്രസ്താവന മുൻ മന്ത്രി കെ.കെ.ശൈലജയെ ലക്ഷ്യമിട്ടാണെന്ന് ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി.
2017ലും 2021ലും ശസ്ത്രക്രിയാ പിഴവുകളുണ്ടായ കാര്യം ഉന്നയിച്ചപ്പോളാണ് അതു തന്റെ ഭരണകാലത്തല്ലെന്ന ന്യായം മന്ത്രി ഉയർത്തിയത്. പത്തനംതിട്ട
പ്രസ് ക്ലബിൽ നടന്ന ‘ജനമനസ്’ സ്ഥാനാർഥി സംവാദ പരിപാടിയിലാണ് വാക് പോരുണ്ടായത്. കോന്നി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു സമ്മതപത്രം പതിച്ച സംഭവത്തിൽ അങ്ങനെ ചെയ്തില്ലെന്നു ഡോക്ടർ തന്നെ വിശദീകരിച്ചതാണെന്ന് മന്ത്രി പറഞ്ഞു.
ഇതുവരെ കുറ്റക്കാരെ കണ്ടെത്താത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന് മന്ത്രി സമ്മതിക്കണമെന്നും അബിൻ വർക്കി പറഞ്ഞു.
മുണ്ടക്കൈ – ചൂരൽമല ദുരിത ബാധിതർക്കു സർക്കാർ നിർമിച്ച ടൗൺഷിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കലിനും ഡിവൈഎഫ്ഐയ്ക്കുമെതിരെ മുൻപ് ഉന്നയിച്ച ആരോപണങ്ങൾ അബിൻ വർക്കി ആവർത്തിച്ചു. വീടിനു ചെലവായ തുകയേക്കാൾ വളരെയധികം ചെലവഴിച്ചെന്നാണു കണക്കുകളെന്നും ഇതിൽ ക്രമക്കേടുണ്ടെന്നുമാണ് ആരോപണം.
20 കോടി രൂപ കൈമാറിയെന്ന് ഡിവൈഎഫ്ഐ 2025 ഏപ്രിലിൽ ചെക്ക് കൈമാറിയെങ്കിലും 10 മാസത്തോളം കഴിഞ്ഞാണ് പണം കൈമാറിയതെന്നും അബിൻ പറഞ്ഞു.
നിലപാടുപറഞ്ഞ്, സ്ഥാനാർഥികൾ; ചൂടേറി ചർച്ചകൾ
പത്തനംതിട്ട ∙ വികസനവും രാഷ്ട്രീയവും മാറി മാറി വന്ന ‘ജനമനസ്’ സംവാദത്തിൽ ശക്തമായ നിലപാടുകളുമായി ആറന്മുളയിലെ സ്ഥാനാർഥികൾ.
ഇടതു സർക്കാരിന്റെ വികസന നേട്ടങ്ങൾ മന്ത്രി വീണാ ജോർജ് എണ്ണിപ്പറഞ്ഞു. തനിക്ക് അവസരം നൽകിയാൽ സിസ്റ്റം വർക്ക് ചെയ്യിക്കാമെന്നു യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി.
ഇരു മുന്നണികളും അഴിമതിയുടെ കാര്യത്തിൽ ഒരുപോലെയാണെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ പ്രതിനിധി കെ.ഹരിദാസ്. പത്തനംതിട്ട
പ്രസ് ക്ലബ് നടത്തിയ ജനമനസ് സ്ഥാനാർഥി സംവാദം വാക് പോരിന്റെ ചൂടറിഞ്ഞു.
സിസ്റ്റം തകർന്നെന്ന് അബിൻ വർക്കി
എൽഡിഎഫ് സർക്കാർ തകർത്ത സിസ്റ്റം നേരെയാക്കാൻ അവസരം നൽകണമെന്ന് യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി. ആരോഗ്യരംഗം തകർന്നു.
പണി തീർക്കാതെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടികളാണു നടന്നത്. കുടിയേറ്റം വ്യാപകമാണ്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരണം. ആശുപത്രിയിലും ജില്ലാ സ്റ്റേഡിയത്തിലും പണികൾ പൂർത്തിയായില്ല.
സർജറി കഴിഞ്ഞു വയറ്റിൽ കത്രികയുമായും ഉപകരണങ്ങളുമായും രോഗികൾക്കു ജീവിക്കേണ്ടി വന്നു. ഇടതു കൈക്കു പകരം വലതുകൈയിൽ സർജറി നടത്തുന്നു.
നഴ്സിങ് കോളജ് വിദ്യാർഥികൾ അടിസ്ഥാന സൗകരങ്ങളില്ലാതെ മഴയത്തു നിന്നു. ആശുപത്രികൾക്കു തീ പിടിക്കുന്നു.
മെഡിക്കൽ കോളേജിൽ സർജറി ചെയ്യാൻ വരുന്നവർ മരണപ്പെട്ടേക്കാമെന്നു ഡോക്ടർ നോട്ടീസ് പതിച്ചു. മാറ്റം വരാൻ യുഡിഎഫ് വരണം.
നേട്ടത്തിന്റെ പട്ടിക നിരത്തി വീണാ ജോർജ്
മണ്ഡലത്തിൽ 2600 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കി.
ആറൻമുളയുടെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. ജനറൽ ആശുപത്രിക്കും ജില്ലാ ആശുപത്രിക്കും പുതിയ കെട്ടിടം പണിതു.
ജില്ലാ സ്റ്റേഡിയം പുനർനിർമിച്ചു. പത്തനംതിട്ടയിൽ നഴ്സിങ് കോളജ് ആരംഭിച്ചു.
എട്ട് പ്രധാന റോഡുകൾ ഉന്നത നിലവാരത്തിലാക്കി. കോന്നി മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യൽറ്റികൾ തുടങ്ങി.
പൂട്ടിക്കിടന്ന സബ് സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി. അബാൻ മേൽപാലവും കോഴഞ്ചേരി പാലവും പൂർത്തിയാകുന്നു.
വനിത പൊലീസ് സ്റ്റേഷൻ, സൈബർ പൊലീസ് സ്റ്റേഷൻ തുടങ്ങിയവ നിർമിച്ചു. ഏഴ് പാലങ്ങൾ നിർമിച്ചു.
തരിശു നിലങ്ങളിൽ നെൽകൃഷി ആരംഭിച്ചു.
വികസനം വേണമെങ്കിൽ എൻഡിഎ
ഇരു മുന്നണികളുടെയും വാഗ്ദാനം കേട്ട് ജനങ്ങൾക്കു മടുത്തെന്ന് എൻഡിഎ പ്രതിനിധി കെ.ഹരിദാസ് പറഞ്ഞു. ആറന്മുള വികസന കാര്യത്തിൽ എങ്ങുമെത്തിയില്ല.
രാത്രി എട്ട് മണി കഴിഞ്ഞാൽ പത്തനംതിട്ടയിൽ നിന്നു ഗതാഗത സൗകര്യമില്ല. അയ്യപ്പൻ ശബരിമലയിൽ തന്നെ ഉണ്ടോ എന്നാണു സുപ്രീം കോടതി ചോദിച്ചത്.
ആറൻമുള വള്ളംകളിക്കു സ്ഥിരം പവലിയൻ ഇല്ല. അഴിമതി രഹിതഭരണം വേണം.
കേന്ദ്രപദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കാൻ എൻഡിഎ സ്ഥാനാർഥി വിജയിക്കണം. കേന്ദ്രപദ്ധതികൾ ആറൻമുളയിൽ കൊണ്ടുവരാൻ ഏറ്റവും ജനകീയനായ സ്ഥാനാർഥിയാണു കുമ്മനം രാജശേഖരനെന്നും ഹരിദാസ് പറഞ്ഞു.
ജില്ലയിലെ വിഷയങ്ങളിൽ തുടങ്ങിയ സംവാദത്തിൽ സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച വിഷയങ്ങളിലേക്കു കടന്നു. പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

