പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ നടന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അങ്ങനെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഇറാൻ.
ഇതോടെ ഇന്നലെ ഇടിഞ്ഞ ക്രൂഡ് ഓയിൽ വില വീണ്ടും 100 ഡോളറിലേക്ക് തിരിച്ചു കയറി. സ്വർണവില വീണ്ടും ഉയരുന്നു.
ഓഹരി വിപണിയിൽ വീണ്ടും ആശങ്കയുടെ കരിനിഴൽ.
ഇറാന്റെ ഊർജ കേന്ദ്രങ്ങളിൽ അഞ്ചു ദിവസം ആക്രമണം നടത്തില്ലെന്ന് ഇന്നലെയാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതോടെ വിപണികൾ ഉണർന്നു.
രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വിലയും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയും വർധിപ്പിച്ച പശ്ചിമേഷ്യൻ സംഘർഷത്തിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിലായിരുന്നു നിക്ഷേപകർ. എന്നാൽ യുഎസുമായുള്ള ചർച്ചകൾ നടന്നിട്ടില്ലെന്ന ഇറാന്റെ വാദവും ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷവും നടന്ന ഇസ്രയേൽ ആക്രമണവും നിക്ഷേപകരെ ആശങ്കയിലാഴ്ത്തി.
കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞ ഇന്ത്യൻ ഓഹരി വിപണി ഇന്ന് ആശ്വാസ റാലി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നേട്ടം തുടരാനാകുമെന്ന് ഉറപ്പില്ല. ക്രൂഡ് ഓയിൽ വീണ്ടും ഉയരാനും സ്വർണം ഇടിയാനും കാരണമായത് നിക്ഷേപകർക്കിടയിലെ ആശങ്കയാണെന്ന് വിദഗ്ധർ പറയുന്നു.
13 ലക്ഷം കോടി നഷ്ടം
പശ്ചിമേഷ്യൻ സംഘർഷം നീളുമെന്ന ആശങ്കയിൽ ഇന്നലെ ഇന്ത്യൻ ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞിരുന്നു.
സെൻസെസ്ക് 1,836.57 പോയിന്റുകൾ ഇടിഞ്ഞ് 72,696.57ലെത്തി. നിഫ്റ്റി 601.85 പോയിന്റുകൾ നഷ്ടത്തിൽ 22,512.65ലുമെത്തി.
ഇരുസൂചികകളും ഇടിഞ്ഞത് 2.5 ശതമാനത്തോളം. എല്ലാ മേഖലകളിലും ഇന്നലെ കനത്ത വിൽപനയാണ് അരങ്ങേറിയത്.
ഇന്ത്യൻ വിപണിയുടെ ആശങ്ക സൂചികയായ വിക്സ് (വിഐഎക്സ്) 19 ശതമാനം ഉയർന്നു. 2024ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 429 ലക്ഷം കോടി രൂപയിൽ നിന്ന് 415 ലക്ഷം കോടി രൂപയായി കുറഞ്ഞു.
നിക്ഷേപകർക്ക് നഷ്ടം 13 ലക്ഷം കോടി രൂപയിലധികം. യുദ്ധം തുടങ്ങുന്നതിനു മുമ്പുള്ള അവസാന വ്യാപാരദിനത്തിൽ കമ്പനികളുടെ വിപണി മൂല്യം 463 ലക്ഷം കോടി രൂപയായിരുന്നു.
ഇന്നലെ വരെയുള്ള നഷ്ടം 48.29 ലക്ഷം കോടി രൂപയിലെത്തി. ഇരുസൂചികകളും 10 ശതമാനത്തിന് മുകളിൽ ഇടിഞ്ഞു.
വിദേശ നിക്ഷേപകരുടെ പിന്മാറ്റം ഇന്നലെയും തുടർന്നു.
ഇന്നലെ മാത്രം 9,655 കോടി രൂപയ്ക്ക് തുല്യമായ ഓഹരി ഇവർ വിറ്റൊഴിഞ്ഞു. പ്രാദേശിക നിക്ഷേപകർ 11,353 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇറാനിൽ സമാധാനം പുലരുമെന്ന തരത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയും ആശ്വാസ റാലിക്കുള്ള ഒരുക്കത്തിലാണ്.
ഗിഫ്റ്റി നിഫ്റ്റി നേട്ടത്തിലായത് ഇതിന്റെ സൂചനയാണ്.
ഇന്ന് പ്രധാന ഏഷ്യൻ വിപണികളും നേട്ടത്തിലാണ് തുടങ്ങിയത്. എന്നാൽ ക്രൂഡ് ഓയിൽ വില ഉയർന്നത് സൂചികകളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
യുഎസ് വിപണി കരകയറി
ഇന്നലെ യുഎസ് വിപണിയും നേട്ടത്തിലായി.
ഡോ സൂചിക 1.38 ശതമാനവും എസ് ആൻഡ് പി 1.15 ശതമാനവും നാസ്ഡാക് 1.38 ശതമാനവും കയറി. തിങ്കളാഴ്ച വിപണി വലിയ നഷ്ടത്തിലേക്ക് പോകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.
എന്നാൽ ട്രംപിന്റെ സമാധാന സൂചന പുറത്തുവന്നതോടെ കാര്യങ്ങൾ മാറി. സൂചികകൾ രണ്ടു ശതമാനത്തോളം കുതിച്ചു.
എന്നാൽ പിന്നീട് യുഎസ് വിപണിയിലെ ഫ്യൂച്ചർ വ്യാപാരം നഷ്ടത്തിലായി. ഇറാൻ യുദ്ധത്തിൽ നിക്ഷേപകർക്ക് ആശങ്ക പൂർണമായും അവസാനിച്ചിട്ടില്ലെന്നാണ് ഇതു നൽകുന്ന സൂചന.
ക്രൂഡ് ഓയിൽ വീണ്ടും കരുത്തൻ
അതേസമയം, ഇന്നലെ കുത്തനെ ഇടിഞ്ഞ ക്രൂഡ് ഓയിൽ വിലയിൽ വീണ്ടും മുന്നേറ്റം.
ഇന്നലെ എട്ട് ശതമാനത്തോളം ഇടിഞ്ഞ ക്രൂഡ് ഓയിൽ വില ഇന്ന് വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലെത്തി. ഡബ്ല്യുടിഐ ബാരലിന് 91.84 ഡോളറായി.
ബ്രെന്റ് ക്രൂഡ് 104 ഡോളറിലും മർബൻ 135 ഡോളറിലുമാണ് വ്യാപാരം. വെള്ളിയാഴ്ച 112 ഡോളറിലെത്തിയ ബ്രെന്റ് ക്രൂഡ് ഇന്നലെ 99 ഡോളറിലേക്ക് താഴ്ന്നിരുന്നു.
ഇറാനിലെ സംഘർഷങ്ങൾ തുടരുമെന്നാണ് നിക്ഷേപകർ ഇപ്പോഴും കരുതുന്നതെന്നാണ് വിലയിരുത്തൽ.
യുദ്ധം അവസാനിച്ചാലും പശ്ചിമേഷ്യയിലെ ക്രൂഡ് ഓയിൽ, പാചക വാതക ഉൽപാദനം സാധാരണ നിലയിലാവാൻ ഇനിയും സമയമെടുത്തേക്കുമെന്നും നിക്ഷേപകർ കരുതുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വ്യാപാരത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലെ തടസവും മറ്റൊരു കാരണമാണ്.
കടലിടുക്ക് തുറന്നാലും കപ്പൽ വ്യാപാരം സാധാരണ നിലയിലാകാൻ മാസങ്ങൾ വേണ്ടി വരും.
സ്വർണത്തിൽ ചാഞ്ചാട്ടം
ഇന്നലെ കുത്തനെ ഇടിയുകയും പിന്നീട് കയറുകയും ചെയ്ത സ്വർണവില ഇന്നും ചാഞ്ചാട്ടത്തിലാണ്. രാജ്യാന്തര വിപണയിൽ ഇന്ന് ഔൺസിന് 4 ശതമാനത്തോളം ഇടിഞ്ഞ് 4,313 ഡോളറെന്ന നിലയിലാണ് സ്വർണം.
4,464ലേക്ക് കയറിയ ശേഷമാണ് ഇടിവ്. ഇന്നലെ കേരളത്തിലും സ്വർണം വലിയ ചാഞ്ചാട്ടത്തിലായിരുന്നു.
രാവിലെയും ഉച്ചയ്ക്കുമായി പവന് 7,560 രൂപ കുറഞ്ഞ സ്വർണം വൈകുന്നേരത്തോടെ രണ്ടു തവണയായി 5,600 രൂപ വർധിച്ചു. ഒറ്റദിവസത്തിൽ ഇത്ര തുക കുറയുന്നതും വർധിക്കുന്നതും അപൂർവമാണെന്ന് വ്യാപാരികൾ.
ഇന്നും വില കുറയാനാണ് സാധ്യത.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

