കൊച്ചി ∙ റോഡ് ഒക്കെ ഉഗ്രൻ, പക്ഷേ റോഡരികിൽ കിടക്കുന്ന കൂറ്റൻ ട്രക്കുകൾ കൂടി ഒന്നു മാറ്റിയിരുന്നെങ്കിൽ സൂപ്പറായി വണ്ടി ഓടിച്ചു പോകാമായിരുന്നു. കടവന്ത്ര ഉദയാനഗർ റോഡിലൂടെ ഒരിക്കലെങ്കിലും പോകുന്നവർ ഇങ്ങനെ ചിന്തിച്ചാൽ തെറ്റില്ല.
ഇവിടെ വാഹനങ്ങളുടെ പാർക്കിങ്ങിന് ഒരു ഒഴിവുമില്ല; ഇക്കാര്യത്തിൽ അവധി ദിവസമെന്നോ പ്രവൃത്തി ദിനമെന്നോ ഭേദമില്ല.
ഇവിടത്തെ ഡിഫൻസ് കന്റീൻ ഡിപ്പോയിൽ എത്തുന്ന ട്രക്കുകളുടെ പാർക്കിങ് റോഡിലാണ്. സെൻട്രൽ വെയർ ഹൗസിങ് കോർപറേഷന്റെ ഗോഡൗണിലേക്കും വലിയ വാഹനങ്ങൾ എത്തുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന വാഹനങ്ങൾ ദിവസങ്ങളോളം ഇവിടെ നിർത്തിയിടുന്ന സ്ഥിതിയുണ്ട്. പാർക്കിങ് നിര ചിലപ്പോൾ നീണ്ട് സലിം രാജൻ റോഡിലും സിവിൽ സപ്ലൈസ് റോഡിലുമെത്തും.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിൽ നിന്ന് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലേക്കുള്ള പ്രധാന റോഡ് ആണിത്.
എഎൽ ജേക്കബ് പാലം വഴി കെഎസ്ആർടിസി സ്റ്റാൻഡിലേക്കും എംജി റോഡിലേക്കും പോകുന്ന വാഹനങ്ങൾ ഉൾപ്പെടെ ഈ വഴിയാണു കടന്നു പോകുന്നത്. ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസ്, കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ, നാഫെഡ് തുടങ്ങി പ്രധാന സ്ഥാപനങ്ങളിലെത്തുന്ന വാഹനങ്ങളും കടന്നു പോകാൻ ബുദ്ധിമുട്ടുകയാണ്.
ഉദയാ കോളനി ഭാഗത്ത് ഒട്ടേറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്.
റോഡിനു തൊട്ടു ചേർന്നു വീടുകൾ; സൈക്കിൾ ചവിട്ടിയും മറ്റു കളികളിൽ ഏർപ്പെട്ടും റോഡിൽ കഴിച്ചുകൂട്ടുന്ന കുട്ടികളും. വാഹനങ്ങളുടെ പാർക്കിങ് കഴിഞ്ഞുള്ള റോഡ് ഭാഗത്തു കൂടി മറ്റു വാഹനങ്ങൾ ചീറിപ്പായുമ്പോൾ അപകട
ഭീതി വിട്ടൊഴിയുന്നില്ല. വാഹന ബാഹുല്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷം റോഡ് നവീകരണം നടപ്പാക്കിയിരുന്നു.
റോഡിന്റെ വീതി കൂട്ടി, നടപ്പാത പണിതു.
ഇതെല്ലാമായിട്ടും വാഹനങ്ങൾക്കു സുഗമമായി കടന്നു പോകാനോ, ജനങ്ങൾക്കു സുരക്ഷിതമായി നടന്നു പോകാനോ സാധിക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. റോഡരികിലെ അനധികൃത പാർക്കിങ്ങിന് പൊലീസ് നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

