കോഴിക്കോട്∙ ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിനു നിക്ഷേപങ്ങളും മറ്റുമായി ജംഗമ സ്വത്തുക്കൾ 4.83 ലക്ഷം രൂപയുടേത്. റിയാസിന്റെ പേരിൽ ഭൂമിയും കെട്ടിടങ്ങളും അടക്കം 34.93 ലക്ഷം രൂപയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്.
തിരഞ്ഞെടുപ്പിനു വേണ്ടി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. റിയാസിന്റെ ഭാര്യ വീണയ്ക്ക് 65 ലക്ഷം രൂപ വിലവരുന്ന 464 ഗ്രാം സ്വർണവും എക്സാ ലോജിക്കിലെ ഒരു ലക്ഷം രൂപയുടെ ഓഹരിയും കിയാലിലെ 5 ലക്ഷം രൂപയുടെ ഓഹരിയും ലെയ്ക്കർ കമ്പനിയുടെ 10.94 ലക്ഷം രൂപയുടെ ഓഹരിയും അടക്കം ആകെയുള്ളത് 86.10 ലക്ഷം രൂപയുടെ ജംഗമ സ്വത്തുക്കൾ.
1.04 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കൾ വേറെയുമുണ്ട്. കോഴിക്കോട് നോർത്തിലെ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിനു ബാങ്ക്, ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും സ്വർണവും അടക്കമുള്ളത് 7.33 കോടി രൂപയുടെ ജംഗമ സ്വത്തുക്കൾ. ഭർത്താവ് ഷോബിൻ ശ്യാമിന് ഈയിനത്തിൽ വരുന്നത് 56.24 ലക്ഷം രൂപയുടെ സ്വത്ത്.
10 ലക്ഷം രൂപയുടെ കൃഷിഭൂമിയും സ്വന്തമായുണ്ട്. കെട്ടിടങ്ങളൊന്നുമില്ല.
മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.ജയന്തിനു നിക്ഷേപങ്ങളും സ്വർണാഭരണങ്ങളുമായി 34.07 ലക്ഷം രൂപയുടെയും ഭാര്യ ആര്യയ്ക്ക് 75.49 ലക്ഷം രൂപയുടെയും സ്വത്തുണ്ട്. ഇരുവർക്കും 33 ലക്ഷം രൂപ വിലയുള്ള ഭൂമിയും സ്വന്തമായുണ്ട്. എലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി വിദ്യാ ബാലകൃഷ്ണന്റെ ജംഗമസ്വത്തുക്കൾ 28.70 ലക്ഷം രൂപയുടേതും ഭർത്താവ് വി.പി.ബവീഷിന്റേത് 27.71 ലക്ഷം രൂപയുടേതുമാണ്.
കുന്നമംഗലത്തെ എൽഡിഎഫ് സ്ഥാനാർഥി പി.ടി.എ.റഹിമിനു നിക്ഷേപങ്ങളും മറ്റുമായി 50.36 ലക്ഷം രൂപയും ഭാര്യ സുബൈദയ്ക്ക് 11.13 ലക്ഷം രൂപയുമാണുള്ളത്. ഇരുവരുടെ കയ്യിലും സ്വർണമില്ല. ബാലുശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എം.സച്ചിൻദേവ് എംഎൽഎക്ക് നിക്ഷേപങ്ങളും മറ്റുമായി 38.87 ലക്ഷം രൂപയും ഭാര്യയും മുൻ തിരുവനന്തപുരം മേയറുമായ ആര്യ രാജേന്ദ്രന് 27.60 ലക്ഷം രൂപയുമാണുള്ളത്.
ഇരുവരുടെയും പേരിൽ ഭൂമിയില്ല. ഇതേ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വി.ടി.സൂരജിന്റെ കയ്യിൽ ൽ 6300 രൂപയും ബാങ്കിൽ 1700 രൂപയുമാണുള്ളത്.
ബൈക്കിന്റെ വിലയടക്കം ആകെ ജംഗമ സ്വത്ത് 25,200 രൂപയുടേതാണ്. സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

