പത്തനാപുരം ∙ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി ദമ്പതികളെ ആനക്കൂട്ടം വളഞ്ഞു. രക്ഷപ്പെടാൻ ഭാര്യയെ മരത്തിൽ കയറ്റി മൂന്നു മണിക്കൂറോളം കാവലിരുന്ന് ഭർത്താവ്.
ഏറെ നേരത്തെ ആശങ്കയ്ക്കൊടുവിൽ വനം ഉദ്യോഗസ്ഥരെത്തി ആനക്കൂട്ടത്തെ തുരത്തി ദമ്പതികളെ രക്ഷപ്പെടുത്തി.
ചൊവ്വ രാവിലെ 11.30ന് ജനവാസമേഖലയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള മുള്ളുമല വാവരു പന ഭാഗത്താണ് സംഭവം. മുള്ളുമല നഗറിലെ കരുണാകരൻ (53), ഭാര്യ റംസ (54) എന്നിവരാണ് കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ടത്.
രാവിലെ 10 മണിയോടെയാണ് ഇരുവരും കാട്ടിലേക്കു പോയത്. വനാതിർത്തിയിൽ 3 കിലോമീറ്ററോളം വരുന്ന തേക്കു തോട്ടം കഴിഞ്ഞ് ഉൾവനത്തിലേക്ക് 4 കിലോമീറ്ററോളം പ്രവേശിച്ചപ്പോഴാണ് ഇവർ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ടത്.
എന്തു ചെയ്യണമെന്നറിയാതെ മരണത്തെ മുഖാമുഖം കണ്ട
നിമിഷത്തിൽ ഭാര്യയെയെങ്കിലും രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, വള്ളിച്ചെടികൾ പടർന്നു പിടിച്ച തേക്കു മരത്തിലേക്ക് റംസയെ കരുണാകരൻ കയറ്റി. ആനകൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിലേക്കാണ് ഏറെ പ്രയാസപ്പെട്ട് കയറ്റിയത്.
മറ്റൊരു മരത്തിൽ കരുണാകരനും കയറിയെങ്കിലും ചിന്നം വിളികളുമായി കാട്ടാനക്കൂട്ടം മരച്ചുവട്ടിൽത്തന്നെ നിന്നു. വള്ളിപ്പടർപ്പുകളിൽ പിടിച്ച് ഏറെ നേരം ഇരിക്കുക, പ്രയാസമായതിനാൽ ആനകളുടെ ശ്രദ്ധ തെറ്റിക്കുന്നതിനു വേണ്ടി കരുണാകരൻ പല വഴികളും നോക്കി.
ഇതിനിടയിൽ ഫോണിൽ റേഞ്ച് ലഭിച്ച സമയത്ത് വനം വകുപ്പിന്റെ മണ്ണാറപ്പാറ റേഞ്ച് ഓഫിസർ മനോജിനെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. മനോജ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ ഇന്ദ്രജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോഴും ഇവർ ഇരിക്കുന്ന മരത്തിനു ചുറ്റും ആനക്കൂട്ടം ചിന്നം വിളിച്ച് നിൽക്കുകയായിരുന്നു.
വെടി പൊട്ടിച്ചും ബഹളം വച്ചും ആനകളെ തുരത്തിയ ശേഷം ദമ്പതികളെ താഴെയിറക്കി രക്ഷപ്പെടുത്തുകയായിരുന്നു. വനപാലക സംഘമെത്താൻ കുറച്ചു കൂടി വൈകിയിരുന്നെങ്കിൽ മരത്തിൽ നിന്നു പിടിവിട്ട് ആനകൾക്കിടയിലേക്കു വീഴുമായിരുന്നെന്ന് റംസ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

