ഗൂഡല്ലൂർ ∙ ജന്മിത്വ നിരോധന നിയമത്തിലൂടെ സർക്കാർ ഗൂഡല്ലൂരിലെ ഭൂമി ഏറ്റെടുത്തെങ്കിലും ഭൂമിയിലെ മരങ്ങൾ മുറിച്ചുവിറ്റതിന്റെ നഷ്ടപരിഹാരം ജന്മിക്കു കൊടുത്തില്ല. നഷ്ടപരിഹാരം എന്ന ആവശ്യവുമായി കോടതിയിൽ പോയാൽ അനുകൂല നടപടിയുണ്ടാകില്ലെന്ന് ഉറപ്പായ നിലമ്പൂർ കോവിലകത്തെ ഗോദവർമൻ തിരുമുൽപാട് ഗൂഡല്ലൂരിൽ വനനശീകരണം നിർബാധമായി തുടരുന്നുവെന്നു കാണിച്ച് സുപ്രീംകോടതിയിൽ 1995ൽ 202/1995 എന്ന പൊതുതാൽപര്യ ഹർജി നൽകി.
ഇതോടെ, രാജ്യം മുഴുവനും മരം മുറിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി കോടതി ഉത്തരവിടുകയും നിരീക്ഷണച്ചുമതല സെൻട്രൽ എംപവർ കമ്മിറ്റിയെ ഏൽപിക്കുകയും ചെയ്തു. ഗൂഡല്ലൂർ സന്ദർശിച്ച സമിതിയംഗങ്ങളെ നാട്ടുകാർ തടഞ്ഞുവച്ചിരുന്നു.
തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നാട്ടുകാർ സമിതിയെ ധരിപ്പിച്ചെങ്കിലും ജന്മംഭൂമിയിൽ തുടർന്ന് വൈദ്യുതി നൽകരുതെന്ന ശുപാർശയാണ് അവർ മേലധികാരികൾക്കു നൽകിയത്.
അധികം വൈകാതെ ഉത്തരവിറങ്ങുകയും വീടുകളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. തുടർന്നു പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട
ഏതു പ്രവർത്തനങ്ങൾക്കും എംപവേർഡ് കമ്മിറ്റിയുടെ അനുമതി വേണമെന്ന സ്ഥിതിയായി. ഓവാലി പഞ്ചായത്തിന്റെ വികസനം മുഴുവനായി തടയപ്പെട്ടത് ഈ സമിതിയുടെ രൂപീകരണത്തെത്തുടർന്നാണ്.
നിയമവിദ്യാർഥികൾക്ക് ഗവേഷണം നടത്താനുള്ളത്രയും വലിയ കേസായി ഗോദവർമൻ തിരുമുൽപാടിന്റെ 202/1995 എന്ന പൊതുതാൽപര്യ ഹർജി മാറിയെന്നതാണു വസ്തുത.
വനംവകുപ്പിന് അമിതാധികാരമോ?
ജന്മം ഭൂമി ഏറ്റെടുത്ത നടപടിയിൽനിന്നു തങ്ങളെ ഒഴിവാക്കണമെന്നുള്ള ആവശ്യവുമായി 11 വൻകിട എസ്റ്റേറ്റുകളും 82 ചെറുകിട
എസ്റ്റേറ്റുകളും കോടതിയെ സമീപിച്ചു. 1977 ൽ ജന്മം ഭൂമിയുടെ അവസ്ഥ അതേപടി നിലനിർത്തണമെന്ന് സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
റവന്യു വകുപ്പാണ് ഈ ഭൂമി സംരക്ഷിച്ചിരുന്നത്. പിന്നീട് ഗോദവർമൻ തിരുമുൽപാട് കേസിന്റെ അടിസ്ഥാനത്തിൽ ജന്മം ഭൂമിയുടെ സംരക്ഷണം വനം വകുപ്പിനെ ഏൽപിക്കുകയായിരുന്നു.
ജന്മം ഭൂമി സർക്കാർ ഏറ്റെടുക്കൽ നടപടി ഭരണഘടനപരമായി ശരിയാണെന്നും സംസ്ഥാന സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി 2009ൽ ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കോടതി ഉത്തരവുകൾ കൂടുതൽ അധികാരം നൽകിയതോടെ വികസനപ്രവർത്തനങ്ങൾക്കു പലവിധ തടസ്സവാദങ്ങളുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടിലിറങ്ങി.
കഴിഞ്ഞ മന്ത്രിസഭയിൽ വനം വകുപ്പിന്റെ നിർദേശ പ്രകാരമാണ് വനം നിയമത്തിൽ 16 എ ഉപവകുപ്പ് ചേർത്തത്. ഇതുപ്രകാരം കർഷകർ കൈവശം വച്ചിരിക്കുന്ന ഭൂമി നോട്ടിസ് നൽകാതെ വനം വകുപ്പിന് പിടിച്ചെടുക്കാമെന്നായി.
ഇന്നസന്റ് ദിവ്യ കലക്ടറായിരുന്ന കാലത്താണ് ഈ നടപടികൾ ഉണ്ടായത്. ഇതിനെതിരെ ഗൂഡല്ലൂരിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
ഈ നിയമപ്രകാരമാണ് മച്ചിക്കൊല്ലിയിൽ വീടുകളും ആരാധനാലയങ്ങളും ഉള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള 72 ഏക്കർ ഭൂമി വനഭൂമിയായി മാറ്റിയത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഗിരിജ വൈദ്യനാഥൻ ഗൂഡല്ലൂർ ജന്മം ഭൂമി സംബന്ധിച്ച് സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ ഗൂഡല്ലൂരിലെ ജന്മം ഭൂമിയിൽ താമസിക്കുന്നവർ കയ്യേറ്റക്കാരാണെന്നും ഇവരെ ഒഴിപ്പിച്ചെടുത്ത് ഭൂമി പിടിച്ചെടുക്കാൻ അനുമതി നൽകണമെന്നുമാണ് കോടതിയിൽ നൽകിയിരുന്നത്.
ഈ ഹർജി കോടതി അന്ന് തള്ളി.
ഉയരുന്ന ചോദ്യങ്ങൾ
ബാക്കി വരുന്ന ഭൂമി വനമാക്കി മാറ്റുമ്പോൾ ചെറുകിട എസ്റ്റേറ്റുകളിൽ നിന്നു ഭൂമി വിലയ്ക്ക് വാങ്ങി കൃഷി ചെയ്തു വരുന്ന നൂറുകണക്കിനു കർഷകർ എന്തു ചെയ്യുമെന്ന ചോദ്യമാണുയരുന്നത്.
ചെറുകിട എസ്റ്റേറ്റുകൾ പലതും ഇപ്പോഴില്ല.
ഇതെല്ലാം ഇന്ന് അര ഏക്കർ മുതൽ 3 ഏക്കർ വരെയുള്ള കർഷകരുടേതായി മാറിയിട്ടുണ്ട്. 82 ചെറുകിട
തോട്ടങ്ങളിൽ മാത്രം ഇന്ന് 544 പേരാണ് അവകാശികളായുള്ളത്. ഇവരെല്ലാം കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.
ഈ കർഷകരെ സംരക്ഷിക്കുമെന്ന് സർക്കാർ പല ഘട്ടങ്ങളിലായി ഉറപ്പും നൽകിയിരുന്നു. ക്ലസ്റ്റർ സംവിധാനത്തിലൂടെ വീടുകൾക്ക് മാത്രം പട്ടയം നൽകിയാൽ ജനങ്ങളുടെ ഉപജീവനം എന്താകുമെന്നതിനും വ്യക്തതയില്ല.
നീലഗിരി പട്ടയ നിരോധനം ഉള്ള പ്രദേശമാണ്.
1989 ജൂലൈ 25 ന് ഇവിടെ പട്ടയ നിരോധനം സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ജില്ലയിൽ 3 സെന്റ് സ്ഥലത്തിൽ കൂടുതൽ പട്ടയം നൽകാൻ കഴിയില്ല.
പട്ടയ നിരോധനം നിയമം മാറ്റി പട്ടയം നൽകണമെങ്കിൽ നിയമസഭയുടെ അനുമതി വേണം. ജന്മം ഭൂമി പ്രശ്നങ്ങൾ തീർക്കണമെങ്കിൽ കർഷകരെ ബലിയാടാക്കി മാറ്റണം.
പരിസ്ഥിതിക്ക് ഊന്നൽ നൽകിത്തുടങ്ങിയ ഗോദവർമൻ കേസ് ഒഴിവാക്കണമെങ്കിൽ വനഭൂമി പ്രഖ്യാപനം നേരിട്ട് നടത്തണമെന്ന നിലപാടിലാണു സർക്കാർ. സംരക്ഷിക്കാനുള്ള ഭൂമിയുടെ അളവ് 3,476.13 ഏക്കർ എന്നുള്ളത് 10,000 ഏക്കറായി മാറ്റിയാൽ പ്രതിസന്ധികൾ തീരുമെന്നത് ഉറപ്പാണ്.
ഭരണ കക്ഷിയുടെ പ്രതിനിധികൾ ഇതിനായി ശ്രമം നടത്തിയിരുന്നു. എന്നാൽ സത്യവാങ്മൂലത്തിൽ മാറ്റങ്ങൾ വരുത്തില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചതായി ഗൂഡല്ലൂർ എംഎൽഎ പൊൻ.
ജയശീലൻ പറയുന്നു. കർഷകർക്കും തൊഴിലാളികൾക്കും പ്രതിസന്ധിയില്ലാത്ത തരത്തിൽ കോടതി ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ ഈ സ്വപ്ന ഭൂമി ഇല്ലാതാകും.
തലയ്ക്കു മുകളിലെ വാൾ
ജന്മം ഭൂമിയിലെ കർഷകരെ സംരക്ഷിക്കുമെന്നവകാശപ്പെട്ട് ഫെബ്രുവരി 14ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ജന്മം ഭൂമി സംബന്ധിച്ചുള്ള കേസുകൾ തീർപ്പാക്കിയാൽ ക്ലസ്റ്റർ സെറ്റിൽമെന്റിലൂടെ (ജനങ്ങൾ കോളനിയായി താമസിക്കുന്ന പ്രദേശം) ജന്മം ഭൂമിയിലെ 5,874 കുടുംബങ്ങൾ താമസിക്കുന്ന 3,476 ഏക്കർ ഭൂമിക്ക് പട്ടയം നൽകും.
1995 ലെ കേസിന്റെ തുടർച്ചയിൽ നിന്നാണ് ജന്മം ഭൂമി ഒഴിവാക്കേണ്ടത്.
ഇങ്ങനെ 3,476 ഏക്കർ ഭൂമി ഒഴിവാക്കി നൽകിയാൽ ബാക്കി വരുന്ന ജന്മം ഭൂമി പൂർണമായും നിക്ഷിപ്ത വനമാക്കി മാറ്റാമെന്നാണു സത്യവാങ്മൂലത്തിലുള്ളത്. ഇതോടെ ഈ പ്രദേശത്ത് 76.73 ശതമാനം വന സാന്ദ്രത ലഭിക്കും.
ഗൂഡല്ലൂരിലെ ജന്മം ഭൂമിയുടെ പ്രശ്ന പരിഹാരത്തിനെന്ന് അവകാശപ്പെട്ട് തമിഴ്നാട് ചീഫ് സെക്രട്ടറി മുരുകാനന്ദമാണ് ഈ വിവാദ സത്യവാങ്മൂലം നൽകിയത്. ക്ലസ്റ്റർ അല്ലാതെ ചിതറി കിടക്കുന്ന പ്രദേശങ്ങളിൽ 980 വീടുകൾ ഉണ്ട്.
ഇവർ ഗോത്ര വിഭാഗമാണ്. ഇവർക്ക് വന അവകാശ നിയമത്തിലൂടെ സംരക്ഷണം നൽകാം.
1730 സർവേ നമ്പറിലാണ് 44 ക്ലസ്റ്ററുകൾ വരുന്നത്. ഗോത്ര വിഭാഗം അല്ലാതെ ചിതറി കിടക്കുന്ന 96 കുടുംബങ്ങളെ ഈ പ്രദേശത്ത് നിന്നു മാറ്റി ക്ലസ്റ്റർ പ്രദേശങ്ങളിലേക്ക് കൊണ്ടു വന്ന് സംരക്ഷണം നൽകും.
നിലവിൽ കാലാവധി പൂർത്തിയായ എസ്റ്റേറ്റുകൾ പൂർണമായും വനഭൂമിയായി മാറ്റുമെന്നും നിലവിൽ ഇത്തരം ഭൂമിയിൽ നടക്കുന്നത് അനധികൃത കയ്യേറ്റമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സത്യവാങ്മൂലത്തിൽ എംപവർ കമ്മിറ്റിയും അമിക്കസ് ക്യൂറിയും 4 ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നു കഴിഞ്ഞദിവസം സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. തമിഴ്നാട് അഡ്വക്കറ്റ് ജനറൽ പി.എസ്.
രാമൻ കോടതിയിൽ ഹാജരായിരുന്നു.
ഭൂമിക്കണക്ക് ഇങ്ങനെ
നെല്ലിയാളം റാണിയുടെ കൈവശം 11,760.37 ഏക്കർ ഭൂമിയാണ് ഉണ്ടായിരുന്നത്. ആകെ ജന്മം ഭൂമി 80,087.71 ഏക്കർ.
ഇതിൽ 28,087.03 ഏക്കർ ഭൂമി പല ഘട്ടങ്ങളിലായി പട്ടയം നൽകി.12,928 ഏക്കർ വനഭൂമിയാക്കി മാറ്റുകയും ചെയ്തു. ശേഷിച്ചത് 52,071 ഏക്കർ ഭൂമിയാണ്.
സുപ്രീം കോടതിയെ സമീപിച്ച 11 വൻകിട തോട്ടങ്ങൾക്ക് 43,411.31 ഏക്കർ ഭൂമിയും ചെറുകിട
തോട്ടങ്ങൾക്ക് 8,589.40 ഏക്കർ ഭൂമിയാണ് ഉള്ളത്. രണ്ടാംഘട്ടത്തിൽ, സർക്കാർ എസ്റ്റേറ്റുകളുടെ കൈവശം കൃഷി ഇല്ലാതിരുന്ന 17,014.43 ഏക്കർ ഭൂമി നിക്ഷിപ്ത വനമായി പ്രഖ്യാപിച്ചിരുന്നു.
ബാക്കി വന്ന 34,986.28 ഏക്കർ ഭൂമിയിലെ 3,476 ഏക്കർ സ്ഥലത്തുള്ള 5,874 വീടുകളാണ് സംരക്ഷിക്കപ്പെടേണ്ടത്. ശേഷിക്കുന്ന 31510.15 ഏക്കർ ഭൂമി വനമാക്കി മാറ്റും.
ക്ലസ്റ്റർ സംവിധാനം നടപ്പിലാക്കുന്നത് ഇങ്ങനെയാണ്. ദേവർഷോല 3, ഓവാലി പഞ്ചായത്ത് 8, ഗൂഡല്ലൂർ നഗരസഭ 13, പാടന്തുറ 8, ചെറുമുള്ളി 8, നെല്ലിയാളം 4 എന്നിങ്ങനെ 44 ക്ലസ്റ്റുകളിലായി 5,874 വീടുകളാണ് ഉള്ളത്.
–
(പരമ്പര അവസാനിച്ചു)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

