കാസർകോട് ∙ ജില്ലയിൽ ചൂടിനൊപ്പം അൾട്രാവയലറ്റ് (യുവി) തരംഗങ്ങളുടെ സൂചിക ഉയരുന്നു. ജില്ലയിലെ ശരാശരി താപനില 36 ഡിഗ്രി സെൽഷ്യസാണ്.
യുവി ഇൻഡെക്സിൽ കാസർകോട് അവസാന സ്ഥാനത്താണെങ്കിലും സംസ്ഥാനമൊട്ടാകെ ഉയരുന്ന സ്ഥിതിയിൽ അധികൃതർ ജാഗ്രതാ നിർദേശം പുറത്തിറക്കിയിരുന്നു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.
സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്.
പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവേ യുവി സൂചിക ഉയർന്നതായിരിക്കും.
മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിനു പുറമേ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും സൂചിക ഉയർന്നതായിരിക്കും.
ഇവ ശ്രദ്ധിക്കാം
∙ പകൽ 10 മുതൽ 3 വരെ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
∙ പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിൽ എർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, സഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. ∙ പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺ ഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക.
∙ ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. ∙ യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

