പുറപ്പുഴ ∙ പഞ്ചായത്തിലെ കൊടികുത്തി –തോയിപ്ര –നബീസപ്പാറ റോഡ് നിർമാണത്തിൽ അപാകത ഉണ്ടെന്ന് ജനപ്രതിനിധികളും നാട്ടുകാരും ചൂണ്ടിക്കാട്ടിയ ഭാഗങ്ങളിൽ ഒരു മാസം കഴിഞ്ഞപ്പോഴേക്കും ടാറിങ് പൊളിഞ്ഞു. പിഎംജിഎസ്വൈ പദ്ധതി പ്രകാരം നിർമിച്ച റോഡിലെ വാലമ്പാറ ഭാഗത്താണ് അടുത്തിടെ ടാർ ചെയ്ത ഭാഗം പൊളിഞ്ഞ് മെറ്റൽ ഇളകിയത്.
വാഹനങ്ങൾ ഓടിത്തുടങ്ങിയപ്പോൾ പൊളിഞ്ഞതാണ്. റോഡ് നിർമാണത്തിലെ അപാകതയും പൊളിച്ച മതിൽ കെട്ടികൊടുക്കാത്തതും ചൂണ്ടിക്കാട്ടിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർട്ടിൻ ജോസഫിനെ കഴിഞ്ഞ ദിവസം കരാറുകാരൻ ആക്രമിച്ചെന്ന കേസ് നിലവിലുണ്ട്. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച വൈസ് പ്രസിഡന്റിനെ കരാറുകാരൻ ആക്രമിച്ചെന്നാണ് പരാതി. എക്സി.
എൻജിനീയർ വന്ന് പരാതി പരിശോധിച്ച ശേഷം സ്ഥലത്തുനിന്ന് പോയാൽ മതിയെന്ന് പറഞ്ഞെങ്കിലും ഇതു വകവയ്ക്കാതെ കരാറുകാരൻ ജീപ്പ് പെട്ടെന്ന് മുന്നോട്ട് എടുത്തപ്പോൾ സ്റ്റിയറിങ്ങിൽ പിടിച്ച് വാഹനം നിർത്തിക്കാൻ ശ്രമിച്ച മാർട്ടിൻ ജോസഫിനെ കയ്യിൽ പിടിച്ച് ശക്തമായി തള്ളി വീഴ്ത്തിയെന്നാണ് പരാതി. പരുക്കേറ്റ മാർട്ടിൻ ജോസഫ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇപ്പോൾ വിശ്രമത്തിലാണ്.
3.8 കിലോമീറ്റർ; 3.12 കോടി ചെലവ്
കേന്ദ്ര സർക്കാരിന്റെ പിഎംജിഎസ്വൈ പദ്ധതി പ്രകാരം 3.12 കോടി രൂപയ്ക്കാണ് 3.8 കിലോമീറ്റർ വരുന്ന റോഡ് ടാറിങ് ഉൾപ്പെടെ നടത്തി നന്നാക്കിയത്.
നിർമാണ ഘട്ടത്തിൽ ആദ്യം മുതൽ നാട്ടുകാർ അപാകത ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ കഴിഞ്ഞയാഴ്ച ടാറിങ് പൂർത്തിയാക്കി അളവ് എടുക്കാൻ എഇയുമായി എത്തിയപ്പോഴാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയത്.
ഇതിനിടെ എക്സി. എൻജിനീയറെ വിവരം അറിയിച്ചതിനെത്തുടർന്ന് അവർ എത്താമെന്ന് അറിയിച്ചിരുന്നു.
എന്നാൽ അതിനു മുൻപേ കരാറുകാരനും എഇയും സ്ഥലത്തുനിന്ന് പോകാൻ ശ്രമിച്ചതിനെ തുടർന്നാണ് ജനപ്രതിനിധികൾ വാഹനം തടഞ്ഞത്.
ഇതിനിടെ എഇ നടന്നുപോയി. കരാറുകാരന്റെ വാഹനം പോകാൻ അനുവദിക്കാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാർ നിലപാട് എടുത്തു.
എന്നാൽ ഇതിനിടെ വാഹനം സ്റ്റാർട്ട് ചെയ്ത് പോകാനുള്ള ശ്രമത്തിനിടെയാണ് വൈസ് പ്രസിഡന്റ് മാർട്ടിൻ ജോസഫ് സ്റ്റിയറിങിൽ പിടിച്ച് വാഹനം നിർത്തിക്കാൻ ശ്രമിച്ചത്. പെട്ടെന്ന് വാഹനം മുന്നോട്ട് എടുത്ത ശേഷം വാഹനം വെട്ടിക്കുകയും മാർട്ടിന്റെ കയ്യിൽ പിടിച്ച് ശക്തമായി തള്ളി വീഴ്ത്തിയെന്നാണ് പരാതി.
ഐറിഷ് ഓട നിർമാണത്തിലും അപാകത ഉണ്ടെന്നാണ് നാട്ടുകാരുടെ പരാതി.
വീട്ടിലേക്കുള്ള വഴി പോലും ഇല്ലാതാക്കി ജനങ്ങളെ ദുരിതത്തിലാക്കിയെന്നും പരാതി ശക്തമാണ്. റോഡ് നിർമിച്ച ശേഷം അടുത്ത 5 വർഷത്തേക്ക് അറ്റകുറ്റപ്പണികൾ നടത്താൻ 28.14 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
എന്നാൽ ടാറിങ്ങിൽ ഉൾപ്പെടെ വലിയ അപാകതയാണെന്നും ഇത് എക്സി. എൻജിനീയറും കലക്ടറും ഉൾപ്പെടെ പരിശോധിക്കണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

