ശബരിമല ∙ യുവതീ പ്രവേശ വിഷയത്തിൽ സംസ്ഥാന സർക്കാർ മലക്കം മറിയുമ്പോൾ ആചാരങ്ങൾ അട്ടിമറിക്കാൻ പൊലീസ് സംരക്ഷണത്തിൽ യുവതികളെ എത്തിച്ചു മലകയറ്റിയതും ആചാര സംരക്ഷണത്തിനായി നടത്തിയ പോരാട്ടങ്ങളും വിശ്വാസികൾക്കു മറക്കാൻ കഴിയില്ല. വിശ്വാസ സംരക്ഷണത്തിനായി നിലകൊണ്ടവരെ തല്ലിച്ചതച്ചതും കേസിൽ കുടുക്കിയതും അവരുടെ മനസ്സിലെ നീറുന്ന സംഭവങ്ങളാണ്.
വിവിധ കോടതികളിലായി വിശ്വാസികൾക്കെതിരായി നാലായിരത്തിലേറെ കേസുകളുണ്ട്. ഇതൊന്നും സംസ്ഥാന സർക്കാർ പിൻവലിച്ചിട്ടില്ല.
അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ഈ കേസുകൾ പിൻവലിക്കണമെന്നു പ്രമേയവും പാസാക്കിയിരുന്നു.
യുവതീ പ്രവേശം സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ വിശ്വാസികളെ പിണക്കാതെയും പുരോഗമനവാദികളെ നോവിക്കാതെയും തന്ത്രപരമായ നിലപാട് സ്വീകരിക്കാനാണ് സർക്കാർ നീക്കം. 2018 സെപ്റ്റംബർ 28-ന് ആണു യുവതീപ്രവേശം അനുവദിച്ചു വിധി വന്നത് .
കൂടിയാലോചനകൾ ഒന്നുമില്ലാതെ വിധി നടപ്പാക്കാൻ സർക്കാരും മുന്നിട്ടിറങ്ങി. നിലയ്ക്കലും പമ്പയും സന്നിധാനവും സംഘർഷഭൂമിയായി.
വിധി നടപ്പാക്കുന്നതിനെതിരെ വിശ്വാസികൾ നാമജപ ഘോഷയാത്രയുമായി തെരുവിലിറങ്ങി. 2019 ജനുവരി 2നു പൊലീസ് സുരക്ഷയോടെ സന്നിധാനത്തു യുവതികളെ എത്തിച്ചു ദർശനം നടത്തിയതു വിശ്വാസികളിൽ വലിയ പ്രതിഷേധത്തിനു കാരണമായി.
വിവരമറിഞ്ഞ തന്ത്രി കണ്ഠര് രാജീവര് സന്നിധാനത്തു നടയടച്ചു ശുദ്ധിക്രിയകൾ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ തന്ത്രിയെ രൂക്ഷമായി വിമർശിച്ചു.
വിശ്വാസികളുടെ പ്രതിഷേധം തൊട്ടു പിന്നാലെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
സംസ്ഥാനത്തെ 20ൽ 19 സീറ്റുകളും കോൺഗ്രസ് നേടി. കനത്ത തിരിച്ചടി നേരിട്ടതോടെ ഇടതുപക്ഷം യുവതീ പ്രവേശനത്തിലെ നിലപാടു മാറ്റുന്നത് ആലോചിച്ചു തുടങ്ങി.
നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ നിലപാടിൽ മലക്കം മറിഞ്ഞെങ്കിലും അതു പരസ്യമായി സമ്മതിക്കാൻ പോലും സിപിഎം തയാറായിട്ടില്ല.
വിവാദമായി അയ്യപ്പസംഗമവും
ശബരിമലയിലെ സ്വർണക്കൊള്ള നടന്നത് 2019ൽ യുവതീ പ്രവേശന വിവാദത്തിനു പിന്നാലെയാണ്. വിവാദങ്ങൾ മറക്കാനും വിശ്വാസ സമൂഹത്തോട് അടുക്കാനുമെന്ന പേരിൽ നടത്തിയ ആഗോള അയ്യപ്പ സംഗമം വലിയ വിവാദങ്ങൾക്കു കാരണമായി.
കഴിഞ്ഞ 6 മാസത്തോളമായി സർക്കാരിനെ മുൾമുനയിൽ നിർത്തിയ വിഷയം നിയമസഭാ തിരഞ്ഞെടുപ്പിലും ഉയർന്നു വരാൻ എൽഡിഎഫ് ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെയാണു ശബരിമല യുവതീ പ്രവേശനത്തിൽ നിലപാടിലെ ഈ മാറ്റം.
പ്രക്ഷോഭത്തിന്റെ നാൾ വഴികൾ
പ്രതിഷേധങ്ങൾക്കിടെ ഒക്ടോബർ 17നു തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നു.സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു ശബരിമല സംരക്ഷണ സമിതി 24 മണിക്കൂർ ഹർത്താൽ നടത്തി.
വിശ്വാസികളുടെ സമരം നേരിടാൻ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ .
∙ഒക്ടോബർ 18നു നിലയ്ക്കൽ നിന്നു സന്നിധാനത്തേക്കു പോകാൻ ശ്രമിച്ച ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനു പ്രതിഷേധത്തെ തുടർന്നു മടങ്ങേണ്ടി വന്നു. പൊലീസ് സംരക്ഷണത്തിൽ മുന്നോട്ടു നീങ്ങിയ സുഹാസിനിക്കു മുന്നിൽ അയ്യപ്പഭക്തർ ശരണം വിളികളുമായി മതിൽ തീർത്തപ്പോൾ പൊലീസ് പലതവണ ലാത്തി വീശി.
ഒടുവിൽ സുഹാസിനി പിൻവാങ്ങി ∙ഒക്ടോബർ 19: ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമ, ഹൈദരാബാദിലെ മോജോ ടിവി റിപ്പോർട്ടർ കവിത ജക്കാൽ എന്നിവരെ വൻപൊലീസ് അകമ്പടിയിൽ സന്നിധാനത്ത് എത്തിച്ചു. വനം ഓഫിസിനു മുൻപിൽ എത്തിയപ്പോൾ ഭക്തർ തടഞ്ഞു.
തുടർന്നു ലാത്തിച്ചാർജായി. എങ്ങനെയും ഇവരെ പതിനെട്ടാംപടി കയറ്റിക്കാൻ സർക്കാർ നിർദേശം വന്നതോടെ ശാന്തിക്കാരും പരികർമികളും ചേർന്നു പതിനെട്ടാംപടി ഉപരോധിച്ചു സമരം തുടങ്ങി.
യുവതികളെ പതിനെട്ടാംപടി കയറ്റിയാൽ ശബരിമല നട അടച്ചിടുമെന്നു തന്ത്രി കണ്ഠര് രാജീവരും നിലപാട് എടുത്തതോടെ പൊലീസ് പിൻവാങ്ങി.
ഒക്ടോബർ 20: ദലിത് മഹിള ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ കൊട്ടിയം സ്വദേശി എസ്.പി.
മഞ്ജു ദർശനത്തിനെത്തി. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് അവരെ പൊലീസ് മടക്കി അയച്ചു.
∙ഒക്ടോബർ 22: കോഴിക്കോട് അധ്യാപികയായ ബിന്ദു ടി.വാസു (43) ദർശനത്തിനായി എരുമേലി എത്തിയപ്പോൾ പ്രതിഷേധം.
തുടർന്ന് പൊലീസ് ഇവരെ രഹസ്യമായി കണമല എത്തിച്ചു. 3 പൊലീസുകാർക്കൊപ്പം പമ്പ കെഎസ്ആർടിസി ബസിൽ കയറ്റിവിട്ടെങ്കിലും ബൈക്കിൽ എത്തി ഭക്തർ തടഞ്ഞതോടെ മടങ്ങി പോയി.
∙നവംബർ 6: സന്നിധാനത്ത് ഏറ്റവും വലിയ സുരക്ഷാ സന്നാഹത്തോടെ നടന്ന ചിത്തിര ആട്ടത്തിരുനാൾ പൂജയിൽ പങ്കെടുക്കാൻ എത്തിയ യുവതികൾക്ക് പ്രതിഷേധ സമരത്തെ തുടർന്ന് മടങ്ങേണ്ടിവന്നു.
പ്രതിഷേധക്കാർക്കു നേരെ സന്നിധാനത്ത് പൊലീസ് ലാത്തിച്ചാർജ്,
∙നവംബർ 16: മണ്ഡല മകരവിളക്കു തീർഥാടനത്തിനായി ശബരിമല നട തുറന്നു.
സമരം നേരിടാൻ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആചാരം ലംഘിച്ചു ദർശനം നടത്താൻ മുംബൈയിൽ നിന്നു ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പുലർച്ചെ 4.40നു നെടുമ്പാശേരി എത്തി. കടുത്ത പ്രതിഷേധത്തെ തുടർന്ന് അവർക്കു വിമാനത്താവളത്തിനു പുറത്തിറങ്ങാൻ കഴിഞ്ഞില്ല.
ദർശനത്തിനു വന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല അറസ്റ്റിൽ. ഇതിൽ പ്രതിഷേധിച്ചു സംസ്ഥാനത്ത് ഹർത്താൽ.
പൊലീസ് നിയന്ത്രണം ലംഘിച്ച് ശബരിമലയിലേക്കു പോകാൻ ശ്രമിച്ച ബിജെപി നേേതാവ് കെ.സുരേന്ദ്രൻ അടക്കം 4 പേർ നിലയ്ക്കലിൽ അറസ്റ്റിൽ.
∙നവംബർ 20: സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ സമരം നയിച്ചതിനു കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല തുടങ്ങിയവർ അറസ്റ്റിൽ.
∙ ഡിസംബർ 01: ആന്ധ്ര പ്രദേശിൽനിന്നു ദർശനത്തിനെത്തിയ യുവതികളായ നവോജമ്മ (32), കൃപാവതി (42) എന്നിവരെ മരക്കൂട്ടത്ത് ഭക്തർ തടഞ്ഞു തിരിച്ചയച്ചു.
∙ഡിസംബർ 22: തമിഴ്നാട്ടിലെ സ്ത്രീ ശാക്തീകരണ സംഘടനയായ ‘മനിതി’യുടെ നേതൃത്വത്തിൽ ശബരിമലയിലേക്കു തിരിച്ച 13 യുവതികൾ അടങ്ങിയ ആദ്യ സംഘത്തെ പൊലീസ് സംരക്ഷണത്തിൽ കമ്പംമെട്ട് ചെക്പോസ്റ്റ് എത്തിച്ചു. ഭക്തർ തടഞ്ഞു.
∙ഡിസംബർ 23: ‘മനിതി’ സംഘത്തെ രഹസ്യമായി പൊലീസ് പമ്പയിൽ എത്തിച്ചു. സന്നിധാനത്തേക്കു തിരിച്ച സംഘത്തെ പമ്പയിൽ രണ്ടിടത്തു ഭക്തർ തടഞ്ഞു.
പ്രതിഷേധം കനത്തതോടെ അവർ പിന്തിരിഞ്ഞോടി.
∙ ഡിസംബർ 23:വയനാട് നിന്നെത്തിയ ആദിവാസി വനിതാ നേതാവ് കെ. അമ്മിണിയെ (44) പമ്പയ്ക്കുള്ള വഴിയിൽ കണമലയ്ക്കു സമീപം തടഞ്ഞു തിരിച്ചയച്ചു.
∙ഡിസംബർ 24:കണ്ണൂർ സർവകലാശാലയുടെ തലശ്ശേരിയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അധ്യാപികയായ പത്തനംതിട്ട
ളാക്കൂർ സ്വദേശി എ.ബിന്ദു, സിവിൽ സപ്ലൈ ഓഫിസിൽ താൽക്കാലിക ജീവനക്കാരിയായ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗ എന്നിവർ ദർശനത്തിനായി മരക്കൂട്ടം വരെ എത്തി. ശബരിമല സംഘർഷ ഭരിതമായതോടെഇവരെ പൊലീസ് തിരിച്ചിറക്കി.
2019 ജനുവരി 2: എ.ബിന്ദു, കനകദുർഗ എന്നിവരെ പൊലീസ് അതീവരഹസ്യമായി സന്നിധാനത്ത് എത്തിച്ചു ദർശനം നടത്തിച്ചു.
ഇതു വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ശബരിമല നട
അടച്ചു ശുദ്ധിക്രിയ നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

