തൃശൂർ ∙ സഹകളിക്കാർക്കൊപ്പം ഒഡീഷയിലെ ഭുവനേശ്വറിൽ മത്സരത്തിനു പോകുന്നതു സുമി വെറുതേ സ്വപ്നം കാണുകയാണ്. അവൾക്കറിയാം അതു നടക്കില്ലെന്ന്.
സ്പോർട്സ് അസോസിയേഷനെ അക്കാര്യം അറിയിക്കുകയും ചെയ്തു. യാത്രയ്ക്കുള്ള ചെലവ് വഹിക്കേണ്ടതു കളിക്കാർ തന്നെയാണ്.
ഭുവനേശ്വർ വരെ പോകുന്നതിനും മറ്റു ചെലവുകൾക്കുമുള്ള തുക സംഘടിപ്പിക്കാൻ സുമിക്കും കുടുംബത്തിനും ഇപ്പോൾ സാധിക്കില്ല.
17 മുതൽ 21 വരെ ഭുവനേശ്വറിലാണു ഭിന്നശേഷിക്കാർക്കായി നടത്തുന്ന നാഷനൽ പാരാ അത്ലറ്റിക്സ് ചാംപ്യൻഷിപ് നടക്കുന്നത്. 15ന് കേരളത്തിൽ നിന്നുള്ള സംഘം പുറപ്പെടും.
ജാവലിൻ ത്രോ, ഷോട്പുട്ട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ കേരളത്തിൽ നിന്നു പങ്കെടുക്കാൻ യോഗ്യത നേടിയത് അയ്യന്തോൾ സ്വദേശിയായ കെ.സുമിയാണ്. സുമി 2019 മുതൽ പാരാ അത്ലറ്റിക് മീറ്റുകളിൽ സംസ്ഥാനത്തിനുവേണ്ടി മത്സരിക്കുന്നുണ്ട്.
2025ൽ നടന്ന നാഷനൽ പാരാ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഷോട്പുട്ട്, ജാവലിൻ ത്രോ എന്നിവയിൽ ഒന്നാം സ്ഥാനം നേടി.
സംസ്ഥാന വീൽചെയർ ബാസ്കറ്റ്ബോൾ ടീമിലെ അംഗവുമാണു സുമി. 2023ൽ നാഷനൽ വീൽചെയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ കേരളം മൂന്നാം സ്ഥാനം നേടിയപ്പോൾ ആ സംഘത്തിൽ സുമിയും ഉണ്ടായിരുന്നു.
വർഷങ്ങളോളം കേരളത്തിനു വേണ്ടി കളിച്ചിട്ടും സമ്മാനങ്ങൾ നേടിയിട്ടും ഏതെങ്കിലും ഒരു ചെറിയ ജോലി നൽകാൻ സർക്കാർ തയാറാകാത്തത് എന്താണെന്നാണു സുമിയുടെ ചോദ്യം. ഒന്നര വയസ്സിൽ പോളിയോ ബാധിച്ചാണു കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടത്.
അയ്യന്തോളിൽ ഒന്നര സെന്റ് സ്ഥലത്തു നിർമിച്ച 300 ചതുരശ്രഅടി മാത്രമുള്ള വീട്ടിലാണു സുമിയും ഭർത്താവ് കണ്ണനും രണ്ടു മക്കളും താമസിക്കുന്നത്.
മുഖ്യമന്ത്രി അടക്കമുള്ളവർക്ക് കത്ത് അയച്ചെങ്കിലും മറുപടി പോലും കിട്ടിയില്ല. കണ്ണൻ കൂലിപ്പണിക്കാരനാണ്.
ആ വരുമാനം കൊണ്ടുവേണം വീട്ടുചെലവുകളും എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ പഠന ചെലവുകളും നടത്താൻ. അതിനിടയിൽ സുമിയുടെ പരിശീലനങ്ങൾക്കും മത്സരങ്ങൾക്കുള്ള ചെലവുകളും കൂടി നോക്കണം.
കെ.സുമി 9048256339. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

