സംസ്ഥാനത്തെ ഹോട്ടലുകളെല്ലാം പഴയ വിറകടുപ്പിലേക്കുള്ള തിരിച്ചുപോക്കിൽ. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ തുടർന്നാൽ അതു വേണ്ടി വരുമെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.
ആവശ്യത്തിന് എൽപിജി കിട്ടാതായതോടെ പലരും വിറക് അടുപ്പ് ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കുകയാണ്.
എന്നാല്‍ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് പരമ്പരാഗതമായ വിറക് അടുപ്പ് ഹോട്ടലുകളിൽ അനുവദനീയമല്ല. ഈ സാഹചര്യത്തിൽ പുതിയ സാങ്കേതിക വിദ്യയിലും പ്രവർത്തിക്കുന്ന വിറക് അടുപ്പുകൾ അടക്കമുള്ള ബദൽ മാർഗങ്ങളാണ് തേടുന്നത്.
കേരളത്തിലെ പല ഹോട്ടലുകളിലെയും നിലവിലുള്ള മെനു അനുസരിച്ച് ഭക്ഷണം തയാറാക്കാൻ വിറക് അടുപ്പുകൾ പര്യാപ്തമാകില്ല. ഇതിനായി മെനുപരിഷ്ക്കാരം വേണ്ടി വരും.
പുകയില്ലാത്ത അടുപ്പുകൾക്ക് ഡിമാൻഡ്
എൽപിജി പ്രതിസന്ധി രൂക്ഷമായതോടെ പുകയില്ലാത്ത അടുപ്പുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്ന ഹോട്ടലുകാരും നിരവധി.
ഇത്തരം അടുപ്പുകൾ നിർമിക്കുന്ന ഏജൻസികളെ തേടിയുള്ള നെട്ടോട്ടത്തിലാണ് പല ഹോട്ടൽ ഉടമകളും. ഇപ്പോൾ ഓര്‍ഡർ നൽകിയാലും ഒരാഴ്ചയെങ്കിലും എടുത്താൽ മാത്രമേ പുകയില്ലാത്ത അടുപ്പുകൾ ഉപയോഗിക്കാൻ പറ്റൂ.
വലിപ്പം അനുസരിച്ച് ഒരു പുകയില്ലാത്ത അടുപ്പിന് 10,000 രൂപയെങ്കിലും കുറഞ്ഞത് ചെലവാക്കണം.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നിരവധി ഹോട്ടൽ ഉടമകള്‍ ബന്ധപ്പെട്ടെന്ന് പുകയില്ലാത്ത അടുപ്പുകൾ സ്ഥാപിക്കുന്ന ഏജൻസി ഉടമയായ തിരുവനന്തപുരം സ്വദേശി സുകു
പറഞ്ഞു.
റോക്കറ്റ് അടുപ്പ് ചൂടൻ ട്രെൻഡിങ്
ഹോട്ടൽ മേഖലയിൽ ഇപ്പോൾ ട്രെൻഡ് ആകുന്നത് റോക്കറ്റ് അടുപ്പുകളാണ്. മറ്റ് അടുപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ വിറകു മതിയെന്നതാണ് നേട്ടം.
എവിടെ വേണമെങ്കിലും കൊണ്ടുപോകാം. ഏത് വലിപ്പത്തിലും നിർമിക്കാം.
പൊറോട്ട, ദോശ പോലെയുള്ള വിഭവങ്ങള്‍ പാചകം ചെയ്യാനും എളുപ്പം. പാചകം ചെയ്യുന്ന സ്ഥലത്ത് എത്തിച്ചാൽ ഉടൻ ഉപയോഗിക്കാനും കഴിയും.
അതേസമയം, നിലവിലെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ റോക്കറ്റ് അടുപ്പുകൾ പരിഹാരമാകുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.
അബ്ദുൽറസാഖ് പറഞ്ഞു. എന്നാൽ ഇത്തരം അടുപ്പുകളും വിപണിയിൽ ലഭ്യമല്ലാത്ത അവസ്ഥയാണ്.
ഇവ ഓർഡർ ചെയ്താലും 15 ദിവസം വരെ കാത്തിരിക്കണം.
ഡിമാൻഡ് ഉയർന്നതോടെ ഇത്തരം അടുപ്പുകളും കിട്ടുന്നില്ല. കേരളത്തിലെ ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചിടുന്ന അവസ്ഥ ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. പാചക വാതകം കിട്ടാതായതോടെ കേരളത്തിൽ വിറകു വിലയും വർധിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ വിറകു വില ടണ്ണിന് 500 രൂപ വരെ വർധിച്ചു. പ്രതിസന്ധി കൂടുതൽ കാലം നിണ്ടാൽ വില ഇനിയും വർധിക്കുമെന്നും വ്യാപാരികൾ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

