കൊച്ചി ∙ കൊച്ചി മെട്രോയുടെ കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടം ഡിസംബറിൽ പൂർത്തിയാക്കാനുറച്ച് അതിവേഗ നിർമാണം നടക്കുകയാണ്. പക്ഷേ, കലൂർ സ്റ്റേഡിയത്തിൽ നിന്നു നിർമാണം തുടങ്ങിയ ലൈനിന്റെ 11 –ാ നമ്പർ തൂൺ ഇതുവരെ നിർമിക്കാനായിട്ടില്ല.
പൈലിങ് നടത്തേണ്ട ഭാഗത്തെ യൂട്ടിലിറ്റി ഷിഫ്റ്റിങ് പോലും നടത്തിയിട്ടില്ലെന്നതാണു യാഥാർഥ്യം.
കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള എല്ലാ സ്റ്റേഷനുകളുടെയും നിർമാണം തുടങ്ങി. സിവിൽ ജോലികൾ ഡിസംബറിൽ പൂർത്തിയാക്കുന്ന മുറയ്ക്ക് വയഡക്ടിനു മുകളിൽ പാളം ഇടാനുള്ള കരാറും അന്തിമമാക്കാൻ പോകുകയാണ്.
ഒന്നു മുതൽ 9 വരെ തൂണുകൾ പൂർത്തിയായി.
10, 12 തൂണുകളുടെ നിർമാണം ഉടൻ തുടങ്ങും. ഇവിടെ പൈപ്പുകളും കേബിളുകളും മാറ്റി, യൂട്ടിലിറ്റി ഡക്ട് നിർമിച്ചു.
രണ്ടു ദിവസത്തിനകം 10 മുതൽ തൂണുകളുടെ പൈലിങ് തുടങ്ങും. അപ്പോഴും 11 –ാം പില്ലറിന്റെ നിർമാണം തുടങ്ങാൻ ആവില്ല.
പാലാരിവട്ടം മുതൽ സ്റ്റേഡിയം വരെയുള്ള ഈ ഭാഗത്ത് വൻ വാഹനത്തിരക്കാണ്. എത്രയും വേഗം മെട്രോ നിർമാണം തീരണമെന്ന് ആളുകൾ ആഗ്രഹിക്കൂമ്പോഴാണ് ഒരു തൂണിന്റെ കാര്യത്തിൽ അമാന്തം.
40 തൂണുകളാണ് ഇവിടെ പണിയേണ്ടത്. സൗത്ത് ജനതാ റോഡിന് സമീപമാണ് ഇതുവരെ തുടങ്ങാത്ത, 11–ാം തൂണിന്റെ സ്ഥാനം.
സ്ഥലം വിട്ടുകൊടുക്കുന്നതു സംബന്ധിച്ചു സ്ഥലം ഉടമ നൽകിയ കേസിൽ ഇതുവരെ തീരുമാനമാവാത്തതാണു കാരണമെന്നു സ്ഥലവാസികൾ പറയുന്നു.
11 –ാം നമ്പർ തൂണിന്റെ സ്ഥാനം ഒഴിച്ചിട്ട് മറ്റ് തൂണുകൾ നിർമിക്കാമെന്നു വച്ചാൽ അത് എളുപ്പമല്ല. വാട്ടർ അതോറിറ്റി പൈപ്പ് ഒരു തൂണിന്റെ ഭാഗത്തുമാത്രം മാറ്റിയിടാതിരിക്കാനാവില്ല.
കേബിളുകളുടെ കാര്യവും അതുതന്നെ. പൈലിങ്ങിനുള്ള റിഗ് ഒരു തൂണിനു മാത്രമായി കൊണ്ടുവരാനാവില്ല.
ഒരു തൂണിനു മാത്രമായി ബാരിക്കേഡും എളുപ്പമല്ല. ഫലത്തിൽ, 11 –ാം നമ്പർ തൂണ് മെട്രോയുടെ മൊത്തം നിർമാണത്തിനു ശകുനം മുടക്കിയായി കിടക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

