പത്തനാപുരം ∙ മന്ത്രി കെ.ബി.ഗണേഷ്കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത്കോൺഗ്രസ്–ബിജെപി പ്രവർത്തകരായ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തലവൂർ പാണ്ടിത്തിട്ടയിൽ വച്ചാണ് പ്രതിഷേധമുണ്ടായത്. മന്ത്രിയുടെ കാറിനു മുന്നിലേക്ക് ചാടിയായിരുന്നു യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം.
നിയോജക മണ്ഡലം പ്രസിഡന്റ് സി.ആർ.സൂര്യനാഥ്, മണ്ഡലം പ്രസിഡന്റ് പ്രൈസൺ ഡാനിയേൽ എന്നിവരാണ് കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതേ പാതയിൽ തന്നെയാണ് ബിജെപി പ്രവർത്തകരും കരിങ്കൊടി കാണിച്ചത്. ബിജെപി കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ജി.ബാഹുലേയൻ, സെക്രട്ടറി എസ്.അനീഷ് ചന്ദ്രൻ, എസ്സി മോർച്ച ജില്ലാ പ്രസിഡന്റ് വിനോദ് താമരക്കുടി എന്നിവരാണ് കരിങ്കൊടി കാണിച്ചത്.
ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മന്ത്രിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച്
പത്തനാപുരം ∙ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. ആശുപത്രി ജംക്ഷനിൽ നിന്നും തുടങ്ങിയ മാർച്ച് പഞ്ചായത്ത് ജംക്ഷനിൽ പൊലീസ് തടഞ്ഞു.
ഇത് പൊലീസും പ്രവർത്തകരും തമ്മിൽ ഏറെ നേരത്തെ ഉന്തും തള്ളിനും കാരണമായി. ജില്ലാ സെക്രട്ടറി ബൈജു തോട്ടശേരി, അനീഷ് എന്നിവർക്ക് പരുക്കേറ്റു.
മാർച്ച് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.ആർ.അരുൺ, ആലഞ്ചേരി ജയചന്ദ്രൻ, സുഭാഷ് പട്ടാഴി, ജി.ബാഹുലേയൻ, നിതീഷ് പിടവൂർ, ഗിരീഷ് ഇളമ്പൽ, ജിതിൻ ലാൽ എന്നിവർ പ്രസംഗിച്ചു.
പത്തനാപുരം ∙ ഗണേഷ്കുമാറിനെതിരെ പത്തനാപുരം നിയോജക മണ്ഡലത്തിൽ പ്രതിഷേധത്തിര.
യുഡിഎഫിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഓരോ മണ്ഡലം കമ്മിറ്റികളും അതത് സ്ഥലങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. പട്ടാഴി, കുന്നിക്കോട്, പത്തനാപുരം, പിറവന്തൂർ, മാങ്കോട്, പട്ടാഴി വടക്കേക്കര, മേലില, വെട്ടിക്കവല എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം നടന്നു.
പത്തനാപുരം ടൗണിൽ കെഎസ്ആർടിസി ബസിനു മുന്നിൽ ഗണേഷ്കുമാറിനെ പരിഹസിച്ച് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചായിരുന്നു പ്രതിഷേധം.
യുഡിഎഫ് മാർച്ച് ഇന്ന്
പത്തനാപുരം ∙ മന്ത്രി കെ.ബി.ഗണേഷ്കുമാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തും. രാവിലെ 10ന് നെടുംപറമ്പ് ജംക്ഷനിൽ നിന്നു തുടങ്ങുമെന്ന് ചെയർമാൻ ജി.രാധാമോഹൻ, കൺവീനർ കെ.അനിൽ എന്നിവർ പറഞ്ഞു
‘അറസ്റ്റ് ചെയ്യണം’
കൊല്ലം ∙ മന്ത്രി ഗണേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നു മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫേബ സുദർശൻ ആവശ്യപ്പെട്ടു.
ഭാര്യ ബിന്ദു മേനോൻ പരാതി പറഞ്ഞിട്ടും പൊലീസ് കള്ളക്കളി നടത്തുകയാണ്. സംസ്ഥാനത്തു 2 തരം നീതിയാണു പൊലീസ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും ഫേബ ആരോപിച്ചു.
മന്ത്രി ഗണേഷിനെ പുറത്താക്കണം: ജി.ദേവരാജൻ
കൊല്ലം ∙ തുടർച്ചയായി സ്ത്രീ പീഡന കേസുകളിൽ ഉൾപ്പെടുകയും വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും സദാചാര വിരുദ്ധമായി പെരുമാറുകയും ചെയ്യുന്ന മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നു ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ ആവശ്യപ്പെട്ടു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ പുലർത്തേണ്ടുന്ന സാമാന്യ മര്യാദ പോലും കാട്ടാത്ത മന്ത്രിയുടെ പെരുമാറ്റം അസഹനീയമാണ്.
വിമർശിക്കുന്നവരെ പരിഹസിക്കുകയും സർവതിനോടും പുച്ഛ മനോഭാവവുമാണു മന്ത്രി വച്ചു പുലർത്തുന്നത്. അങ്ങനെയുള്ള ഒരാൾ മന്ത്രിസഭയിൽ തുടരുന്നതു സാംസ്കാരിക കേരളത്തിന് അപമാനമാണ്.
സ്ത്രീ സുരക്ഷയെക്കുറിച്ചു സംസാരിക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്നു ജി.ദേവരാജൻ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

