കണ്ണൂർ ∙ ഒരു മഴ കിട്ടിയിരുന്നെങ്കിൽ ചൂടിനു കുറവുണ്ടാകുമായിരുന്നെന്ന് ആശിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ വേനൽമഴ കനിയുന്നില്ല, ചൂട് അനുദിനം കൂടുന്നു.
കത്തുന്ന ചൂടിൽ വാടിത്തളരുകയാണു ജില്ല. പുലർകാലത്തുപോലും തണുപ്പില്ലാത്ത അവസ്ഥ.
അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലുള്ളതിനാൽ ശാരീരിക അസ്വസ്ഥതയുണ്ടാക്കുന്ന സ്ഥിതിയാണു പകൽ മുഴുവൻ. വിയർപ്പ് ബാഷ്പീകരിക്കാത്തതിനാൽ ശരീരം തണുക്കാൻ വൈകുന്നതാണ് അസ്വസ്ഥതയ്ക്കു കാരണം.
കഴിഞ്ഞദിവസങ്ങളിൽ പാലക്കാട് ജില്ലയിലാണ് കൂടുതൽ ചൂട് (36.3 ഡിഗ്രി സെൽഷ്യസ്) അനുഭവപ്പെട്ടതെങ്കിലും തൊട്ടുപിന്നാലെ കണ്ണൂരുമുണ്ട് (35.6).
വേനൽമഴ ഏറ്റവും കുറവു ലഭിച്ചതു വടക്കൻ ജില്ലകളിലാണ്. ഫെബ്രുവരിയുടെ തുടക്കത്തിൽമാത്രമേ മഴയുണ്ടായിട്ടുള്ളൂ.
അന്തരീക്ഷത്തിൽ കാർമേഘമുണ്ടെങ്കിലും മഴ പെയ്യുന്നില്ല. ഇതു ചൂടു കൂടാനും കാരണമാകുന്നു.
രാത്രിയിലും താപനില ഉയർന്നുനിൽക്കുകയാണ്. മാർച്ച് അവസാനത്തോടെ മാത്രമേ വേനൽമഴ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണു കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.
ഏപ്രിലിലും മേയിലും വേനൽമഴ കൂടുതൽ ലഭിക്കുമെന്നതിനാൽ വരൾച്ചയ്ക്കു സാധ്യതയില്ലെന്നാണ് നിരീക്ഷകർ പറയുന്നത്.
പേടി വേണ്ട, ജാഗ്രത മതി
മറ്റു ജില്ലകളിൽ അൾട്രാവയലറ്റ് (യുവി) സൂചികയുടെ തോത് ഉയരുന്നുണ്ടെങ്കിലും കണ്ണൂരിൽ സാധാരണതോതിലാണ്. യുവി സൂചിക 4 ആണ് ജില്ലയിൽ.
6–7 വരെ എത്തുമ്പോഴാണ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിക്കുക. മലയോരത്ത് സൂചിക കൂടുമെങ്കിലും കടലോരം, ഇടനാട് എന്നിവിടങ്ങളിൽ സാധാരണ തോതിലാണ്.
ശക്തിയേറിയ വെയിലാണ് യുവി രശ്മികളുടെ സൂചിക ഉയരാൻ കാരണമാകുന്നത്.
തുടർച്ചയായി കൂടുതൽ സമയം യുവി രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും കാരണമായേക്കാം. 10– 3 മണി വരെയാണ് ഉയർന്ന യുവി സൂചിക രേഖപ്പെടുത്തപ്പെടുന്നത്.
അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാം.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗമുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. ചൂടു കൂടുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്.
വനമേഖലയോടു ചേർന്നു താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം.
കാർഷികമേഖലയും പ്രതിസന്ധിയിൽ
ഇരിക്കൂർ ∙ വേനൽച്ചൂടിൽ പൂക്കൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നത് കശുവണ്ടിക്കർഷകരെയും പ്രതിസന്ധിയിലാക്കുന്നു. 35 ഡിഗ്രിയിൽ കുടുതൽ ചൂടുള്ളത് കശുവണ്ടിക്ക് ദോഷകരമാണെന്നു കാർഷിക വിദഗ്ധർ പറയുന്നു.
പകൽ അമിതമായ ചൂടും രാത്രി തണുപ്പും അനുഭവപ്പെടുമ്പോൾ തേയിലക്കൊതുകിന്റെ ആക്രമണം കൂടും. കൂമ്പും തളിരിലയും കരിയും.
കൂടാതെ കശുവണ്ടിയുടെ വലുപ്പവും കുറയും. ചൂട് തേനീച്ചകളെ ബാധിക്കുന്നതിനാൽ കശുമാവിൽ പരാഗണം നടത്തുന്നതിനും തടസ്സമുണ്ടാക്കും.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കശുവണ്ടിക്ക് മികച്ച വിലയുണ്ട്. കഴിഞ്ഞ തവണ സീസൺ തുടക്കത്തിൽ കിലോയ്ക്ക് 140 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 160 രൂപയുണ്ട്.
എന്നാൽ ചൂടിൽ ഉൽപാദനം കുറഞ്ഞതു കാരണം കർഷകർക്ക് കാര്യമായ മെച്ചമൊന്നുമുണ്ടായിട്ടില്ല.
നീരൊഴുക്ക് കുറഞ്ഞു
ആലക്കോട് ∙ വേനൽ കനത്തതോടെ മലയോരത്തു പുഴകളിലെ നീരൊഴുക്കു കുറഞ്ഞു. ചിലയിടങ്ങളിൽ നീരൊഴുക്ക് നിലയ്ക്കാറായ അവസ്ഥയിലാണ്.
ഇതിനിടെ ജലമൂറ്റലും തുടങ്ങി. മലയോരത്തെ പ്രധാന ജലസ്രോതസ്സായ മണക്കടവ്, ആലക്കോട്, കരുവഞ്ചാൽ പുഴകളിൽ നിന്ന് ഇവ ചേർന്നൊഴുകുന്ന തടിക്കടവ്-ചപ്പാരപ്പടവ് പുഴയിൽ നിന്നുമാണ് ജലമൂറ്റുന്നത്.
പുഴയുടെ ഇരുവശങ്ങളിലുള്ള ചിലരാണ് കൃഷിയിടങ്ങളിലേക്കും മറ്റും വലിയ മോട്ടർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നത്. നീരൊഴുക്കു നിലച്ച ഭാഗത്തു കാണപ്പെടുന്ന കയങ്ങളിൽ നിന്നുവരെയും ജലമൂറ്റുന്നുണ്ട്.
മൂന്ന് പുഴകളെ ആശ്രയിച്ചാണു മലയോരത്തെ ജലലഭ്യത.
പുഴകളിലെയും തോടുകളിലെയും നീരൊഴുക്ക് നിലയ്ക്കുന്നതോടെ പുഴ ഒഴുകുന്ന പ്രദേശങ്ങളിലെ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് താഴും. അതേസമയം, ജലമൂറ്റൽ നിരോധിച്ചുകൊണ്ട് പഞ്ചായത്തുകൾ ഉത്തരവ് പുറപ്പെടുവിക്കാറുണ്ടെങ്കിലും നടപ്പാകുന്നില്ല.
പ്രതീക്ഷയുടെ മാമ്പൂ കൊഴിഞ്ഞു
കുറ്റ്യാട്ടൂർ ∙ ഭൗമസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാമ്പഴം വൻഭീഷണിയിൽ.
കാലംതെറ്റി മാവു പൂത്തെങ്കിലും പഴുക്കുമ്പോഴേക്കും മഴക്കാലമാകുമെന്നതിനാൽ പ്രതീക്ഷയറ്റിരിക്കുകയാണു കർഷകർ. മാവു പൂക്കുന്ന സമയത്ത് മഴ പെയ്തതോടെ പൂവുകൾ കൊഴിഞ്ഞു.
കാലാവസ്ഥ അതിജീവിച്ച് മാസം തെറ്റി മാവുകൾ പൂവിട്ടു. ധാരാളം മാങ്ങ വിരിഞ്ഞു.
വീണ്ടും മഴ വില്ലനായതോടെ വിരിഞ്ഞ മാങ്ങകൾ കൊഴിയാൻ തുടങ്ങി.
മാങ്ങയുടെ ഭാരം താങ്ങാനാകാതെ കൊമ്പുകൾ മുറിഞ്ഞു വീണും മാങ്ങ നഷ്ടമാകാൻ കാരണമായി. ശേഷിക്കുന്നത് അഞ്ചു ടണ്ണോളം മാങ്ങയാണ്.
അവ വിളവെടുപ്പിനു തയാറാകുമ്പോഴേക്കും മഴക്കലമാകുമെന്ന് മാമ്പഴക്കർഷകർ പറയുന്നു. വൻ സാമ്പത്തിക നഷ്ടമാണ് ഇതുവഴി മാമ്പഴ കർഷകർക്കു ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി കുറ്റ്യാട്ടൂർ മാങ്ങയുടെ ഉൽപാദനത്തിൽ വൻ ഇടിവാണ്. 100 ടണ്ണിലേറെ ഉൽപാദനം മുൻപു ലഭിച്ചിരുന്നു.
വേനൽക്കാല മുൻകരുതലുകൾ
∙ധാരാളം ശുദ്ധജലം കുടിക്കുക.
∙യാത്ര ചെയ്യുമ്പോൾ ശുദ്ധജലം കൈവശം കരുതുക. ∙ഇളംനിറത്തിലുള്ളതും അയഞ്ഞതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കുക ∙നേരിട്ടു വെയിൽ ഏൽക്കുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുകയോ അല്ലെങ്കിൽ തോർത്ത് ഉപയോഗിച്ച് തല മറയ്ക്കുകയോ ചെയ്യുക.
∙ഉച്ചയ്ക്ക് 12–3 മണി വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. ∙ഉച്ചസമയത്തു പുറത്തുള്ള കഠിനമായ ജോലികളോ വ്യായാമങ്ങളോ ഒഴിവാക്കുക.
∙തണ്ണിമത്തൻ, വെള്ളരിക്ക തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ∙മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ (സോഡ), പഞ്ചസാരയുടെ അളവ് കൂടുതലുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.
∙നിർജലീകരണം തടയാൻ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ ശുദ്ധജലം കുടിക്കുന്നതു ശീലമാക്കുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

