കോട്ടയം ∙ ദേശീയപാത 183ൽ കോട്ടയം ഐഡ ജംക്ഷൻ മുതൽ കോത്തല മണ്ണാത്തിപ്പാറ വരെ റോഡ് നവീകരണത്തിനു സർവേയ്ക്കു തുടക്കം. പാമ്പാടി അങ്ങാടിവയൽ ഭാഗത്താണ് സർവേ ആരംഭിച്ചത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് സർവേ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് പൊതുമരാമത്ത് വകുപ്പ് എൻഎച്ച് വിഭാഗം കത്തു നൽകിയിരുന്നു. തുടർന്ന് ഫ്രാൻസിസ് ജോർജ് എംപി കലക്ടറുമായി ചർച്ച നടത്തി.
തുടർന്നാണ് സർവേ ടീമിനെ നിയോഗിച്ചത്. സ്പെഷൽ ടീമിനെ നൽകണമെന്ന് എൻഎച്ച് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
നവീകരണം ഇങ്ങനെ
കോട്ടയം ഐഡ ജംക്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെ 23 കിലോമീറ്റർ നവീകരിക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം 150 കോടി രൂപ അനുവദിച്ചിരുന്നു.
ഇതിനായി പുതുതായി സ്ഥലം ഏറ്റെടുക്കുന്നില്ല. ഇപ്പോഴുള്ള റോഡിൽ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചും പുറമ്പോക്കുഭൂമി വീണ്ടെടുത്തും നവീകരണം നടത്താനാണു പദ്ധതി.
നിലവിലുള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി 10 മീറ്റർ വീതിയിൽ റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യും. പ്രധാന സ്ഥലങ്ങളിൽ ബസ് ബേകളും നിർമിക്കും.
റോഡിന്റെ അതിര് സർവേ ഡിപ്പാർട്മെന്റ് അടയാളപ്പെടുത്തി കല്ലിടുന്നതോടെ റിവൈസ്ഡ് എസ്റ്റിമേറ്റ് കേന്ദ്രഗതാഗത മന്ത്രാലയത്തിനു സമർപ്പിക്കാനാണ് നീക്കം.
എന്താണ് ഗുണം?
കോട്ടയം ഭാഗത്ത് നിലവിലുള്ള ദേശീയപാതയ്ക്കു ലഭിക്കുന്ന ഏറ്റവും മികച്ച നവീകരണ പദ്ധതിയാണിത്. ദേശീയപാത 183ൽ ചെങ്ങന്നൂർ മുതൽ മുണ്ടക്കയം വരെ വീതികൂട്ടി നവീകരിക്കാൻ ദേശീയപാത അതോറിറ്റി മറ്റൊരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന്റെ പഠനത്തിനായി കൺസൽറ്റൻസി സ്ഥാപനത്തെ നിയോഗിച്ചു. ഈ പദ്ധതി അനുസരിച്ച് കോട്ടയം മുളങ്കുഴയിൽ തുടങ്ങി പാമ്പാടി വെള്ളൂർ വരെ നീളുന്ന ബൈപാസ് നിർമിക്കാനാണു നിർദേശം.
അങ്ങനെ വരുമ്പോൾ നിലവിലെ കോട്ടയം– കഞ്ഞിക്കുഴി–മണർകാട് വഴിയുള്ള നിലവിലെ റോഡ് നവീകരണം ദേശീയപാത വിഭാഗത്തിന്റെ ചുമതലയിൽനിന്ന് ഒഴിവാകും. ഇതിനാലാണ് പ്രത്യേക പദ്ധതിയായി ഈ ഭാഗം നവീകരിക്കാൻ ശ്രമം നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

