തിരുവനന്തപുരം: നരുവാമൂടിലെ പണിതീരാത്ത വീട്ടിലിരുന്ന് ശ്രീജയും മാതാപിതാക്കളും കണ്ട സ്വപ്നത്തിന് ഇനി സിവിൽ സർവീസ് ഓഫീസറെന്ന മേൽവിലാസം.
ഇത്തവണത്തെ സിവിൽ സർവീസ് റാങ്ക് പട്ടികയിൽ 57ആം സ്ഥാനത്തുണ്ട് ഈ മിടുമിടുക്കി. ശ്രീജ ഐഎഫ്എസ് എന്ന് കുറിച്ച പേപ്പറിന് മുന്നിലിരുന്നു നടത്തിയ കഠിനാധ്വാനമാണ് ഫലം കണ്ടത്.
കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ ഉറച്ച പിന്തുണയായിരുന്നു ശ്രീജയുടെ കരുത്ത്. ശ്രീജയുടെ വീടിന്റെ ചുമരിൽ ആഗ്രഹങ്ങളെഴുതി വച്ചൊരു കുഞ്ഞുപേപ്പറും നിറയെ പ്രാർത്ഥന ശകലങ്ങളുമുണ്ട്.
അതിനിടയിൽ കടുപ്പിച്ച് എഴുതിവച്ചിട്ടുണ്ട്. ശ്രീജ ഐഎഫ്എസ് എന്ന്.
കടുപ്പിച്ചെഴുതിയ ആ സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നത്. ശ്രീജ ഇനി സിവിൽ സർവീസ് ഓഫീസർ.
മദ്രാസ് ക്രിസ്ത്യൻ കോളെജിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരിക്കെ മനസ്സിൽ കയറിക്കൂടിയ ആഗ്രഹമാണിതെന്ന് ശ്രീജ പറയുന്നു. കടുത്ത പരിമിതികൾക്കിടയിലും മകളുടെ ആഗ്രഹത്തിന് കൂലിപ്പണിക്കാരനായ വിജയകുമാറും ഷീനയും ചിറക് നൽകി.
അവർ ഒന്നിച്ച് സ്വപ്നം കണ്ടു. ഒരുപാട് കഷ്ടപ്പെട്ടു, ഒന്നിച്ച് അധ്വാനിച്ചു.
കിട്ടിയ പൈസയ്ക്കെല്ലാം പുസ്തകങ്ങൾ വാങ്ങിക്കൂട്ടി. കഴിയുന്നത്ര മണിക്കൂറുകൾ ഇരുന്ന് പഠിച്ചു.
ഇന്ന് റാങ്ക് പട്ടിക വന്നപ്പോൾ ശ്രീജ അവളാഗ്രഹിച്ചത് നേടിയെടുത്തു. മകളുടെ പരിശ്രമത്തിൽ അത്ര വിശ്വാസമായിരുന്നു.
അവളത് നേടിയെടുക്കുമെന്ന് ആ മാതാപിതാക്കൾക്ക് ഉറപ്പായിരുന്നു. പ്രധാന പരീക്ഷ കഴിഞ്ഞതോടെ ശ്രീജയും അച്ഛനും ചേർന്നാണ് അവളുടെ മുറിക്ക് ചായം തേച്ചത്.
ഇന്നാ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ ശ്രീജയും മാതാപിതാക്കളും കണ്ണുനിറയെ ചിരിക്കുന്നു. ആഗ്രഹങ്ങൾ എഴുതിവച്ചൃ ആ കുഞ്ഞുപേപ്പറിൽ നിന്ന് ഒരെണ്ണം വെട്ടാം.
ശ്രീജ ഇനി സിവിൽ സർവീസ് ഓഫീസർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

