തിരുവനന്തപുരം ∙ വിവിധ ജില്ലകളിൽ നിന്നുള്ള ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) സംഘടിപ്പിച്ച ഇന്നവേഷൻ ഡേ-2026. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ മന്ത്രി എം.ബി.രാജേഷിനൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചത് കുട്ടികൾക്ക് വലിയ ആവേശമായി.
കുട്ടികൾക്കുള്ള സാങ്കേതിക സഹായ ഉപകരണങ്ങളും പരിപാടിയിൽ വിതരണം ചെയ്തു. ഇന്നവേഷൻ ഡേയുടെ ഭാഗമായി കെ-ഡിസ്കിന്റെ സോഷ്യൽ എന്റർപ്രൈസ് ആൻഡ് ഇൻക്ലൂഷൻ വിഭാഗത്തിന്റെ അസിസ്റ്റീവ്/ അഡാപ്റ്റീവ്/ കോഗ്നിറ്റീവ് ഉപകരണങ്ങളുടെ സംസ്ഥാനതല വിതരണ ചടങ്ങിലാണ് മന്ത്രിയുമായി കുട്ടികൾ വിശേഷങ്ങൾ പങ്കിട്ടത്.
മന്ത്രിക്കൊപ്പം ഫോട്ടോയെടുക്കാനായതും കുട്ടികളിൽ ആവേശമുണ്ടാക്കി. ഇന്നവേഷൻ ഡേയുടെ പ്രധാന ആകർഷണമായി ഇത് മാറി.
കുട്ടികളോട് ആശയവിനിമയം നടത്തുകയും കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്ത മന്ത്രി അവരുടെ ആശയങ്ങളും കഴിവുകളും പൂർണമായും പുറത്തെടുക്കണമെന്ന് പറഞ്ഞു. ഇത്തരം ആശയങ്ങളെ വളർത്താനുള്ള കെ-ഡിസ്കിന്റ ശ്രമങ്ങളെ അഭിനന്ദിച്ച മന്ത്രി സ്ട്രൈഡ് പോലുള്ള പദ്ധതികൾ ആധുനിക സമൂഹത്തിന് വഴികാട്ടിയാണെന്നും ചൂണ്ടിക്കാട്ടി.
ഭിന്നശേഷി കുട്ടികളുടെ വളർച്ചയിലും പഠനത്തിലും നിർണായകമാകുന്ന സാങ്കേതിക സഹായ ഉപകരണങ്ങൾ വിജ്ഞാന കേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. തോമസ് ഐസക് കുട്ടികൾക്ക് കൈമാറി.
കെ-ഡിസ്കിന്റെ സ്ട്രൈഡ് (സോഷ്യൽ ടെക്നോളജി ആൻഡ് റിസർച് ഫോർ ഇൻക്ലൂസീവ് ഡിസൈൻ എക്സലൻസ്) പദ്ധതിയിലൂടെയാണ് ഉപകരണങ്ങൾ നിർമിച്ചത്. ഓരോ പൗരനും സമൂഹത്തിൽ ഒരുപോലെയും സ്വതന്ത്രമായും ഇടപെടാൻ കഴിയുന്ന പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയമാണ് ഈ പരിപാടിയിലൂടെ ഒരിക്കൽകൂടി വ്യക്തമായെതന്ന് കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷി വിദ്യാർഥികൾ, ബഡ്സ് സ്കൂൾ അധ്യാപകർ, സോഷ്യൽ ടെക്നോളജി വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, നയരൂപകർത്താക്കൾ, കമ്യൂണിറ്റി നേതാക്കൾ എന്നിവരും പരിപാടിയുടെ ഭാഗമായി. സാമൂഹിക നവീകരണ മേഖലയിലെ വിദഗ്ധർ പങ്കെടുത്ത പാനൽ സെഷനിൽ ഭിന്നശേഷിക്കാർക്ക് നീതി ഉറപ്പാക്കുന്നതിനെയും സുസ്ഥിര ഉപജീവന മാർഗങ്ങളെയും ഇൻക്ലൂസീവ് ഡിസൈനിനെയും കുറിച്ച് ചർച്ച നടന്നു.
ഭിന്നശേഷിക്കാർക്ക് മറ്റൊരാളുടെ സഹായമില്ലാതെ അന്തസ്സോടെയും സ്വയംപര്യാപ്തതയോടെയും ജീവിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ട്രൈഡ് പദ്ധതി പ്രവർത്തിക്കുന്നത്. സ്ട്രൈഡിന്റെ ഭാഗമായി വിതരണം ചെയ്ത സ്വയം സഹായ ഉപകരണങ്ങൾ ഭിന്നശേഷിക്കാർ തന്നെ നേരിട്ട് നിർമാണത്തിൽ പങ്കാളികളായി തയാറാക്കിയതാണ്.
ടെക്നോളജി സ്കില്ലിങ്ങിന്റെയും ഗവേഷണത്തിലൂടെയും ഇൻക്ലൂസീവ് ഡിസൈനിലൂടെയുമാണ് ഉപകരണങ്ങൾ നിർമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിഡിസി, ആശുപത്രികൾ എന്നിവരുമായി ചേർന്നാണ് നിർമിക്കുന്നത്.
സ്ട്രൈഡ് വെബ്സൈറ്റ് ലിങ്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

